Latest News

മുത്തലിബ് വധം : മുഖ്യപ്രതി കാലിയാറഫീഖും, കൂട്ടാളിയും അറസ്റ്റില്‍


കുമ്പള : ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഉപ്പള ബാപ്പായിത്തൊട്ടിയിലെ കാലിയാ റഫീഖി(42)നെയും, കൂട്ടാളി ഉപ്പളയിലെ ഷംസു എന്ന ഷംസുദ്ദി(24)നെയും അറസ്റ്റ് ചെയ്തതായി ഡി വൈ എസ് പി മോഹനചന്ദ്രന്‍ കുമ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊലപാതകത്തിനുശേഷം ഒളിവില്‍പോയ ഇരുവരേയും കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ കന്യാനയ്ക്കടുത്ത കുരുടപദവില്‍വെച്ചാണ് കഴിഞ്ഞ ദിവസം കുമ്പള സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്ത്. 

കൊലപാതകത്തിനു ശേഷം മുംബൈ, ഫൈസലാബാദ്, കാന്‍പൂര്‍, അജ്മീര്‍ എന്നിവിടങ്ങളിലേക്ക് കടന്ന പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. 

ബൈക്കില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഉപ്പളയിലെ അഹമ്മദിന്റെ മകന്‍ മുഹമ്മദ് റഫീഖിനെയും, മുംബൈയില്‍ താവളമൊരുക്കുകയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത വ്യാപാരി മുഹമ്മദ് അന്‍സാറിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മൂന്നാം പ്രതി മുഹമ്മദ്റഫീഖിനെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. ചോദ്യം ചെയ്തശേഷം റഫീഖിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി. വെടിവെക്കാനുപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. എന്നാല്‍ വാള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരച്ചില്‍ തുടരുകയാണ്.
ഒക്ടോബര്‍ 24 ന് രാത്രി 11 മണിയോടെ ഉപ്പള മണ്ണംകുഴിയിലെ വീട്ടിലേക്ക് കാറില്‍ പോകവെ വളവില്‍ പതുങ്ങിയിരുന്നു കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തതിനു ശേഷം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിക്കുള്ള വഴിമദ്ധ്യേ കാലിയാ റഫീഖ് ആണ് വെട്ടിയതെന്ന് മുത്തലിബ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നേരത്തെ ഒരു കൊലപാതകം, വാഹനമോഷണം, യാത്രക്കാരെ തടഞ്ഞുനിര്‍ത്തിയും ഭീഷണിപ്പെടുത്തിയും പണം തട്ടല്‍, പോലീസിനെ കബളിപ്പിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതുള്‍പ്പെടെ 24 ഓളം കേസുകളില്‍ പ്രതിയാണ് കാലിയാ റഫീഖെന്നും പോലീസ് അറിയിച്ചു.
ഡി വൈ എസ് പി മോഹന ചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ കുമ്പള സി ഐ സിബി തോമസ്, മഞ്ചേശ്വരം എസ് ഐ കെ ബിജുലാല്‍, എസ് ഐ ഫിലിപ്പ് തോമസ്, പോലീസുകാരായ അബൂബക്കര്‍ കല്ലായി, നാരായണന്‍, ബാലകൃഷ്ണന്‍, ദിലീഷീകുമാര്‍, ഇസ്മയില്‍, ഡ്രൈവര്‍ എം രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ സി ഐ സിബി തോമസ്, മഞ്ചേശ്വരം എസ് ഐ കെ ബിജുലാല്‍ എന്നിവരും സംബന്ധിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.