തൃക്കരിപ്പൂര്‍: കായല്‍മധ്യത്തില്‍ ഒറ്റപ്പെട്ടുകഴിയുന്ന ദ്വീപ് ജനതയെ കരയിലേക്കു കൈപിടിച്ചുകയറ്റാന്‍ ആയിഷയുടെ കൈനീട്ടം. വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ഇടയിലെക്കാട് വലിയപറമ്പ് റോഡ് പാലത്തിന് വലിയപറമ്പ് ഭാഗത്ത് അനുബന്ധ റോഡ് നിര്‍മിക്കാന്‍ തൃക്കരിപ്പൂര്‍ കൂലേരിയിലെ മുറക്കാട്ട് എം ടി പി ആയിഷ കോടികള്‍ വിലമതിക്കുന്ന 52 സെന്റ് സ്ഥലം ദാനമായി നല്‍കി.
അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്താനുള്ള ബാധ്യത പാലം നിര്‍മാണ വികസനസമിതിക്കായിരുന്നു. സാമ്പത്തിക പരാധീനതയില്‍ ബുദ്ധിമുട്ടുകയായിരുന്ന വികസനസമിതി സ്ഥലത്തിനുള്ള തുക എവിടെനിന്നു കണ്ടെത്തുമെന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് ആയിഷ സഹായഹസ്തം നീട്ടിയത്. സ്വന്തം സ്ഥലത്തിന്റെ മധ്യഭാഗത്തുനിന്ന് റോഡിന് ആയിഷ സ്ഥലം അനുവദിക്കുകയായിരുന്നു.
ഒരുതുണ്ട് ഭൂമിക്കുവേണ്ടി വെട്ടും കുത്തും നടത്തുന്ന കാലത്ത് കോടികള്‍ വിലമതിക്കുന്ന സ്വന്തം ഭൂമി വെറുതെ നല്‍കിയ ആയിഷ മാനവസ്‌നേഹത്തിന്റെ ഔന്നത്യം പ്രകടിപ്പിച്ചപ്പോള്‍ ദ്വീപ് ജനത ആ ദാനത്തെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി. വ്യാഴാഴ്ച നടന്ന പാലം ഉദ്ഘാടനച്ചടങ്ങ് ആ സ്‌നേഹപ്രകടനത്തിന്റെ വേദിയായിമാറി.
ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞിന്റെ കൈകളില്‍നിന്ന് ജനങ്ങളുടെ സ്‌നേഹോപഹാരം ആയിഷ ഏറ്റുവാങ്ങി. കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ പാലം യാഥാര്‍ഥ്യമായപ്പോള്‍ അങ്ങനെ ആയിഷയും ചരിത്രത്തിന്റെ ഭാഗമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment