Latest News

യുവതി മരിച്ച കേസില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും ഒരുവര്‍ഷം തടവ്

കൊല്ലം: പുനലൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ വന്ധ്യംകരണത്തിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സ്ത്രീ മരിച്ച കേസില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും കോടതി ഓരോവര്‍ഷം കഠിനതടവ് വിധിച്ചു. പത്തനാപുരം വിളക്കുടി മഞ്ഞമണ്‍കാല തടത്തിവിളവീട്ടില്‍ ഫിലിപ്പ് തോമസിന്റെ ഭാര്യ മിനി ഫിലിപ്പ് (37) മരിച്ച കേസിലാണ് വിധി.

ചങ്ങനാശ്ശേരി മാടപ്പള്ളി ചന്ദ്രവിലാസത്തില്‍ ഡോ. ബാലചന്ദ്രന്‍ (62), പുനലൂര്‍ ജയലക്ഷ്മി ഇല്ലത്തില്‍ ഡോ. ലൈല അശോകന്‍ (58), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ കുമാരപുരം അശ്വതിയില്‍ ഡോ. വിനു ബാലകൃഷ്ണന്‍ (49), പുന്നല മുതിരക്കാലായില്‍ അനിലകുമാരി (35), വടകോട് മൈലക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളാദേവി (54), വിളക്കുടി പ്ലാത്തറ മംഗലത്തുവീട്ടില്‍ സുജാതാകുമാരി (39) എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നാംപ്രതി ഡോ. ബാലചന്ദ്രന്‍ അനസ്‌തെറ്റിസ്റ്റും രണ്ടാംപ്രതി ഡോ. ലൈല ഗൈനക്കോളജിസ്റ്റും മൂന്നാംപ്രതി ഡോ. വിനു സര്‍ജനുമാണ്. മറ്റ് മൂന്നുപേരും ഈ ആസ്​പത്രിയിലെ നഴ്‌സുമാരാണ്.

കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.സന്തോഷ്‌കുമാറാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 (എ) പ്രകാരം ഒരുവര്‍ഷം തടവിനും 201, 34 വകുപ്പുകള്‍പ്രകാരം മൂന്നുമാസം തടവിനുമാണ് ശിക്ഷിച്ചത്.

മരിച്ച മിനി ഫിലിപ്പ് കുടുംബമായി വിദേശത്ത്‌ജോലിനോക്കിവരികയായിരുന്നു. രണ്ടാമത്തെ പ്രസവത്തിനുശേഷം വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി പുനലൂരിലെ ആസ്​പത്രിയില്‍ 2006 സപ്തംബര്‍ 25ന് പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കുമുമ്പ് ചെയ്യേണ്ട ഒരു പരിശോധനയും ചെയ്യാതെ വൈകിട്ട് 4.30ന് ശസ്ത്രക്രിയ നടത്തിയെന്നാണ് കേസ്. തുടര്‍ന്ന് അബോധാവസ്ഥയിലായ മിനി ഫിലിപ്പിനെ മൂന്നര മണിക്കൂറിനുശേഷം തൊട്ടടുത്ത മറ്റൊരു ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേദിവസം അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് 26ന് വൈകിട്ട് 5.30ന് മരിച്ചു.

സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണമാണ് ഈ കേസില്‍ പുനലൂര്‍ പോലീസ് നടത്തിയത്. മെഡിക്കല്‍ ബോര്‍ഡുകള്‍ യോഗംകൂടി ശസ്ത്രക്രിയ സംബന്ധിച്ച കേസ്ഷീറ്റുകള്‍ പരിശോധിക്കുകയും പ്രതികളായ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതികളുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് പോലീസിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡിവൈ.എസ്.പി.യായിരുന്ന ഭാര്‍ഗ്ഗവനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകള്‍ ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് അഞ്ച് സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ ഹാജരാക്കി. പ്രതിഭാഗത്തിനും പ്രോസിക്യൂഷനും കൂടി 11 ഡോക്ടര്‍മാര്‍ കോടതിയില്‍ ഹാജരായി മൊഴിനല്‍കിയിരുന്നു. കേരളത്തിലെ ആദ്യ ഫോറന്‍സിക് ഡയറക്ടറായ കന്തസ്വാമി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഭാഗത്തിനുവേണ്ടി മൊഴി നല്‍കാന്‍ എത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആല്‍ബര്‍ട്ട് പി.നെറ്റോ ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.