Latest News

സ്വര്‍ണ്ണക്കടത്ത് നടത്തുന്നത്‌ ഗള്‍ഫ് ഷോയുടെ മറവില്‍

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്തു നടത്താന്‍ കള്ളക്കടത്തുകാര്‍ കൂടുതല്‍ ആശ്രയിച്ചത് നടീനടന്മാരെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഗള്‍ഫ് ഷോയുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം നികുതിവെട്ടിച്ച് കേരളത്തിലെത്തിച്ചുകഴിഞ്ഞു.

ഇതിനായി ഗള്‍ഫ് നാടുകളില്‍ ഷോ സംഘടിപ്പിക്കുന്നതുപോലും സ്വര്‍ണ്ണക്കടത്തു മാഫിയകളാണ്. ചില ജ്വല്ലറികളും ഗള്‍ഫ് ഷോകള്‍ നടത്തി കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തുന്നുണ്ട്. നടീനടന്മാരോടു കൂട്ടുകൂടി കസ്റ്റംസ് ഉദ്യോഗസ്ഥരും എമിഗ്രേഷന്‍ വിഭാഗവും ഇവരെ പരിശോധനകളില്ലാതെയാണ് പുറത്തുകടക്കാന്‍ അനുവദിക്കുന്നത്.

നടീനടന്മാരോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം തന്നെയാണ് കള്ളക്കടത്തുകാര്‍ക്ക് തുണയാകുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള ചില എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അടുത്തുതന്നെ അറസ്റ്റിലാകുമെന്നാണ് സൂചന.

എമിഗ്രേഷന്‍ വകുപ്പില്‍ സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണം കള്ളക്കടത്തില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധവന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രതികളാണ്.

സ്വര്‍ണ്ണക്കടത്തില്‍ പല നടിമാരും നടന്‍മാരും അറിഞ്ഞും അറിയാതെയും പങ്കാളികളായിട്ടുണ്ടെങ്കിലും, ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുടെ അഭാവമാണ് അറസ്റ്റ് വൈകിക്കുന്നത്.

ഫായിസിന്റെ ഗേള്‍ ഫ്രണ്ടായി അറിയപ്പെടുന്ന മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടി മൈഥിലിയെ സി.ബി.ഐ. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും. ഫായിസിനെ തനിക്കു പരിചയപ്പെടുത്തിത്തന്നത് മൈഥിലിയാണെന്നു ശ്രവ്യ മൊഴിനല്‍കിയിരുന്നു.

ഫായിസിനെ ശ്രവ്യയ്ക്ക് പരിചയപ്പെടുത്തിയത് താനല്ലന്ന വാദവുമായി മൈഥിലി രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും ഫായിസിന്റെ ഫോണ്‍ മൈഥിലി ഉപയോഗിച്ചതടക്കമുള്ള വിവരങ്ങള്‍ സി.ബി.ഐയ്ക്കു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫായിസിനൊപ്പം മൈഥിലിയുള്‍പ്പടെയുള്ള താരങ്ങള്‍ നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുള്ളതായി വിവരമുണ്ട്.

മൈഥിലിയെ കൂടാതെ മറ്റൊരു പ്രമുഖ മലയാളി നടിയുമായു ഫായിസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നാലു തവണ ഫായിസ് നല്‍കിയ ടിക്കറ്റില്‍ ഇവര്‍ യാത്രകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

കൂടുതല്‍ പണത്തിനോടുള്ള ആര്‍ത്തിയും ആഡംബര ഭ്രമവുമാണ് നടികളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഉദ്യോഗസ്ഥ സംഘത്തിന്റെ പിന്തുണയുള്ളതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നും ഇവരെ ധരിപ്പിച്ചു. അന്വേഷണം സിനിമാ പ്രവര്‍ത്തകരിലേക്ക് നീണ്ടതോടെ പല നടികളും നടന്മാരും ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Case, Fayis, Mythili

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.