Latest News

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള നിര്‍ദേശം ചര്‍ച്ചയില്‍ - രാജു നാരായണസ്വാമി

മസ്‌കറ്റ്: വിദേശത്തുവെച്ച് പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി ചര്‍ച്ചചെയ്യുന്നുണ്ടെന്ന് ഗവണ്‍മെന്‍റ് സെക്രട്ടറി ഡോ. രാജു നാരായണസ്വാമി പറഞ്ഞു. കമ്മീഷന്റെ സ്ഥിരം നിരീക്ഷകന്‍ എന്നനിലയില്‍ ഇതിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്തിട്ടുണ്ടെന്നും അദ്ദേഹം മസ്‌കറ്റില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇലക്‌ട്രോണിക് വോട്ടിങ് സമ്പ്രദായം എങ്ങനെ കൂടുതല്‍ ജനകീയമാക്കാം എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി ചര്‍ച്ചചെയ്യുന്നുണ്ട്. അതില്‍ പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് നേരിട്ട് വോട്ട് രേഖപ്പെടുത്താനുള്ള സാധ്യതകളും ആരായുന്നുണ്ട്. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് കാലക്രമേണ ഇത് നടപ്പാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇപ്പോള്‍ പൊതുഭരണവകുപ്പില്‍ സൈനികക്ഷേമ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന അദ്ദേഹം പറഞ്ഞു. 

കമ്മീഷന്റെ അണിയറ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രവാസികളുടെ വോട്ട് തന്നെയാണ്. ഇലക്‌ട്രോണിക് വോട്ട്, നിഷേധവോട്ട് എന്നിങ്ങനെ നിരവധി പുതിയ പരിഷ്‌കാരങ്ങള്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടായി. തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടാതെ ബൂത്തില്‍ എന്താണ് നടക്കുന്നത് എന്ന് പുറംലോകത്തെ അറിയിക്കാന്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി. ഇതെല്ലാം പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. കാലക്രമേണ വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിദേശത്തുനിന്നുതന്നെ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താവുന്ന സംവിധാനം നിലവില്‍വരുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ മുഖ്യാതിഥിയായാണ് രാജു നാരായണസ്വാമി എത്തിയത്. മുഴുവന്‍ പ്രതിസന്ധികളെ അതിജീവിച്ചും അഴിമതിക്കെതിരായ തന്റെ ചെറുത്തുനില്പ് തുടരുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കവി ആലങ്കോട് ലീലാകൃഷ്ണന്‍, മലയാളം വിങ് ഭാരവാഹികളായ കാളിദാസന്‍, ചന്ദ്രശേഖരന്‍, രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു. മൂന്ന് ദിവസം നീളുന്ന കേരളോത്സവത്തിന് വ്യാഴാഴ്ച അല്‍ ഫലാജ് ഹോട്ടലില്‍ തുടക്കമായി. വെള്ളിയാഴ്ച നടക്കുന്ന വനിതാദിനാചരണത്തില്‍ കെ. അജിത പങ്കെടുക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.