Latest News

ടിപി വധക്കേസിലെ പ്രതികള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തത് മാഹിയിലുള്ള സുഹൃത്തുക്കള്‍ വഴിയെന്ന് സൂചന

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തതും മറ്റും പുറത്തെ ചിലരുടെ സഹായത്തോടെയാണോയെന്ന സംശയവും ബലപ്പെടുന്നു.

പ്രതികള്‍ ജയിലില്‍ നിന്നെടുത്ത തങ്ങളുടെ ചിത്രങ്ങള്‍ മാഹിയില്‍ നിന്നോ മറ്റോ ചിലരുടെ സഹായത്തോടെയാണ് ഫേസ് ബുക്കിലേയ്ക്ക് കൃത്യമായി അപ് ലോഡ് ചെയ്തതെന്ന നിഗമനവും തള്ളിക്കളയാനാവില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഇത് ശരിയാണെങ്കില്‍ സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പേജുകള്‍ പോലെ ടിപി വധക്കേസിലെ പ്രതികളുടെ പേജും അപ്‌ഡേറ്റ് ചെയ്യാന്‍ "ക്വട്ടേഷന്‍' ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വേണം കരുതാന്‍ വിലകൂടിയ ഫോണുകള്‍ വഴി ഫോട്ടോ എടുത്ത് ഇവ ഇ-മെയില്‍ വഴി അയച്ചുകൊടുത്ത് ഇവര്‍ക്കുവേണ്ടി മറ്റാരോ ആയിരിക്കാം ഇവ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഫേസ് ബുക്ക് അഥോറിറ്റിയ്ക്ക് ഇതുസംബന്ധിച്ച് സിററി പോലീസ് നല്‍കിയ അപേക്ഷയുടെ മറുപടി കിട്ടിയാല്‍ മാത്രമേ വ്യക്തമായ വിവരം ലഭ്യമാകൂ എന്നും അധികൃതര്‍ പറഞ്ഞു. ജയിലില്‍ ഫേസ് ബുക്ക് ഉപയോഗിച്ചവരുടെ ഐപി വിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ കാലിഫോര്‍ണിയയിലെ ഫേസ് ബുക്ക് കമ്പനിക്ക് പ്രത്യേകം അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇതിനുള്ള മറുപടി ലഭിക്കാന്‍ മൂന്നാഴ്ചയെങ്കിലും സമയം പിടിക്കുമെന്നാണ് അറിയുന്നത്. ജയിലില്‍ നടത്തിയ പരിശോധനയില്‍ ഫോണുകളൊന്നും തന്നെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫേസ് ബുക്കില്‍ നിന്നുള്ള വിവരം പുറത്തു വന്നാല്‍ മാത്രമേ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തത് എവിടെ നിന്നാണെന്ന് വ്യക്തമാകൂ. പ്രതികള്‍ക്ക് പുറത്തെന്നപോലെ ഉള്ളിലും എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ ഇത്തരത്തിലുള്ള വിവാദങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നതിനായി ജയിലിനുള്ളില്‍ കര്‍ശനമായ പരിശോധനയും നടപടികളുമാണ് ഇപ്പോള്‍ നടത്തുന്നത്.

മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ടിപി കേസ് പ്രതികളെ പ്രത്യേകം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ജയിലില്‍ ഏര്‍പ്പെടുത്തയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഈ പ്രതികള്‍ക്ക് എല്ലാ വിധത്തിലുള്ള രാഷ്ട്രീയ സഹായങ്ങളും പുറത്തുനിന്നും ഇടതടവില്ലാതെ കിട്ടുന്നുണ്ടെന്നു മനസിലാക്കിയ മറ്റ് തടവുകാര്‍ ഇവരെ ഭയപ്പാടോടെയാണ് കാണുന്നത്. രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി കെ.കെ. മുഹമ്മദ് ഷാഫി എന്നിവര്‍ പലരുമായും കര്‍ക്കശമായിട്ടാണ് പെരുമാറുന്നതെന്നുള്ളതുകൊണ്ട് ഇവരെ മറ്റുകേസുകളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്ക് പേടിയാണെന്നും ജയില്‍ ജീവനക്കാര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,  T.P.case, Face Book, Photo

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.