Latest News

തളങ്കര ഇരട്ടക്കൊല: ഒന്നാം പ്രതിക്ക് ജീവപര്യന്തം, 2 മുതല്‍ 4 വരെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്

കാസര്‍കോട്: തളങ്കര ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ട് മുതല്‍ നാല് വരെ പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും അഞ്ചാംപ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി കര്‍ണാടക ദണ്ഡുപാളയത്തെ ദൊഡ്ഡഹനുമ (45)യെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ട് മുതല്‍ നാല് വരെ പ്രതികളായ പുതുക്കോളി വെങ്കിടേഷ് (47), മുനികൃഷ്ണ (43), നല്ലതിമ്മ (43) എന്നിവരെയാണ് 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതി ദൊഡ്ഡഹനുമയുടെ ഭാര്യ ലക്ഷ്മി (45)യെയാണ് ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.

1998 ഫെബ്രുവരി 23 നാണ് തളങ്കര ഖാസിലൈനിലെ അബ്ദുല്ലയുടെ ഭാര്യ പി.എസ്. ബീഫാത്തിമ (58), വീട്ടുജോലിക്കാരി തമിഴ്‌നാട് സ്വദേശിനി ശെല്‍വി (16) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് കഴുത്ത് മുറുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ. ശക്തിധരനാണ് പ്രതികള്‍ക്കുള്ള ശിക്ഷവിധിച്ചത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാം പ്രതി ദൊഡ്ഡഹനുമയെ ഐപിസി 301 (തെളിവ് നശിപ്പിക്കല്‍), 449 (അതിക്രമിച്ച് കടക്കല്‍), 392 (കൊള്ളയ്ക്കുവേണ്ടിയുള്ള കൊല), 396 (കൊലചെയ്യാന്‍ ഗൂഢാലോചന നടത്തുക), 149 (കൂട്ടമായി കുറ്റംചെയ്യല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്.

രണ്ട് മുതല്‍ അഞ്ച് വരെ പ്രതികളെ 449, 392, 396 എന്നീവകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. ലക്ഷ്മിക്ക് സ്ത്രീ എന്ന പരിഗണ നല്‍കിയാണ് ശിക്ഷ കുറച്ചത്. ആറ് മുതല്‍ ഒമ്പത് വരെ പ്രതികളായ കൃഷ്ണഡു (35), പത്മ (43), സാവിത്രി (37), വെങ്കിടേഷ് എന്ന രമേശ (53) എന്നിവരെ കോടതി കഴിഞ്ഞദിവസം കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു.

1996 മുതല്‍ 2001 വരെ കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലായി 84 കൊടുംകുറ്റങ്ങള്‍ നടത്തിയ കേസിലെ പ്രതികളാണ് ഇവരെല്ലാം. ഇതില്‍ 44 എണ്ണം കൊലക്കേസുകളാണ്. കേസ് വാദിക്കാനായി സ്വന്തം അഭിഭാഷകരും ഇവര്‍ക്കുണ്ട്. കേസിന്റെ വിധികേള്‍ക്കാനായി മരിച്ച ബീഫാത്വിമയുടെ മകള്‍ ഹസീന, ഭര്‍ത്താവ് മംഗലാപുരത്തെ സാക്കിര്‍, മകന്‍ അസ്‌ലമിന്റെ ഭാര്യ സൈറ എന്നിവരും മറ്റു ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thalangara, Murder Case, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.