കാസര്‍കോട്: കര്‍ണാടകയില്‍ പ്രവേശിക്കുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ നികുതി ഒന്നിച്ച് അടക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പിന്‍വലിച്ച് നിലവിലുള്ള നില തുടരാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുറഹ്മാന്‍ കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍, ഗതാഗത വകുപ്പ് മന്ത്രിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍മാര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്ന് ദിനം പ്രതി നൂറുക്കണക്കിന് വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും മറ്റും ടൂറിസ്റ്റ് വാഹനങ്ങളില്‍ കൂടി കര്‍ണാടകയിലെത്തുന്നുണ്ട്. കര്‍ണാടകയില്‍ ഒറ്റത്തവണ നികുതി സംബ്രദായ ഏര്‍പ്പെടുത്തുന്നതോടെ ടൂറിസ്റ്റ് വാഹനങ്ങളുടെ സര്‍വ്വീസിനെ ദോഷകരമായി ബാധിക്കുകയും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കര്‍ണാടകയിലേക്ക് കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് നിലക്കുകയും ചെയ്യും.
കേരളത്തില്‍ നിന്നും ഒരു പ്രാവശ്യം മുകാംബികയിലേക്ക് പോകുന്ന ടൂറിസ്റ്റ് വാഹനം ഒരു വര്‍ഷത്തെ നികുതി ഒന്നിച്ച് അടക്കണമെന്ന കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം തീര്‍ത്ഥാടകരടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കും. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. ഒരു വര്‍ഷം പെര്‍മിറ്റ് ഉള്ള വാഹനവും ഒരു മാസം പെര്‍മിറ്റ് അവശേഷിക്കുന്ന വാഹനവും ഒരു കൊല്ലത്തെ ഒറ്റത്തവണ നികുതി നല്‍കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ല.
ഓള്‍ ഇന്ത്യ പെര്‍മീറ്റുള്ള 49 സീറ്റ് ബസിന് നാലരലക്ഷം രൂപയും ട്രാവലര്‍ വാഹനങ്ങള്‍ക്ക് അര ലക്ഷം രൂപയും ഏഴു സീറ്റുള്ള വാഹനങ്ങള്‍ക്ക് പതിനയ്യായിരം രൂപയും ചെറിയ കാറുകള്‍ക്ക് രണ്ടായിരം രൂപയും ഒറ്റത്തവണ നികുതി അടക്കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ ടൂറിസ്റ്റ് വാഹനങ്ങളുടെ നിലനില്‍പ്പിനെ തന്നെ അവതാളത്തിലാക്കുമെന്നതിനാല്‍ നിലവില്‍ തുടരുന്ന അതേ രീതിയില്‍ നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment