Latest News

പോലീസ്‌ ജീപ്പ്‌ ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: കാറില്‍ ഇടിച്ചുമറിഞ്ഞ ബൈക്ക്, പോലീസ് ജീപ്പിനടിയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കുറ്റിച്ചല്‍ മരുതംമൂട് വിജയഭവനില്‍ വിജയപ്രകാശ് (24), ജാര്‍ഖണ്ഡ് സാഹിബ്ഗഞ്ച് ജില്ലയില്‍ സബാപൂര്‍ മോംകിന്‍പുര്‍ ഗ്രാമത്തിലെ ബച്ചല്‍ മഹല്‍ദാര്‍ (22) എന്നിവരാണ് മരിച്ചത്. ഇരുവരും കെട്ടിട നിര്‍മാണ തൊഴിലാളികളാണ്.

പുളിമൂട്ടിലെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍വരുമ്പോള്‍, ചൊവ്വാഴ്ച രാവിലെ 7.50 ന് മണക്കാട് ടോള്‍ജങ്ഷനിലാണ് അപകടമുണ്ടായത്. ജീപ്പിനടിയില്‍പ്പെട്ട വിജയപ്രകാശ് തത്ക്ഷണം മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബച്ചന്‍ മഹല്‍ദാറിനെ അരമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്.

രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ വിജയപ്രകാശിന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കുകയുള്ളൂവെന്ന് ശഠിച്ച നാട്ടുകാര്‍ ഗതാഗതം തടഞ്ഞു. തുടര്‍ന്ന് എ.ഡി.എം വി.ആര്‍. വിനോദ്, ആര്‍.ഡി.ഒ എം.പ്രസന്നകുമാര്‍, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ അനുവദിച്ചത്.

തിരുവല്ലത്ത് നിന്ന് മണക്കാടുവഴി നഗരത്തിലേക്ക് വരികയായിരുന്നു ബൈക്ക് യാത്രികര്‍. മണക്കാട് സ്‌കൂളിന് സമീപത്തെ ടോള്‍ബൂത്തിനു മുന്നില്‍വെച്ച് കാര്‍ റോഡിന് കുറുകെ തിരിച്ചു. കാറില്‍ തട്ടിയ ബൈക്ക് റോഡിന്റെ എതിര്‍വശത്തേക്ക് മറിഞ്ഞു. എസ്.എ.പി ക്യാമ്പില്‍ നിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന പോലീസ് ജീപ്പിന് മുന്നിലേക്കാണ് ബൈക്ക് വീണത്. ബൈക്ക് ജീപ്പിനടിയിലായി. വിജയപ്രകാശിന്റെ ദേഹത്തുകൂടി ജീപ്പ് കയറിയിറങ്ങി. വിജയപ്രകാശ് തത്ക്ഷണം മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെറിച്ചുവീണ ബച്ചന്‍ മഹല്‍ദാറിന് തലയ്ക്കായിരുന്നു പരിക്ക്. ഇയാളെ അരമണിക്കൂറിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് ഡ്രൈവര്‍ സജീര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ക്യാമ്പിലെ പോലീസ് മെസിന് ഉപയോഗിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നത് ഈ വാഹനത്തിലാണ്. പോലീസ് ജീപ്പും ബൈക്കും അമിതവേഗത്തിലല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അലക്ഷ്യമായി വെട്ടിത്തിരിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ഈ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്രാഫിക് പോലീസ്. വെള്ള നിറത്തിലുള്ള കാറാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പട്ടം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.

വിജയരാജാണ് വിജയപ്രകാശിന്റെ അച്ഛന്‍. ഇയാളുടെ കുടുംബം വെങ്ങാനൂര്‍ സിസിലിപുരം കാരണച്ചല്‍വിളാകം വിജയഭവനില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അമ്മ: സുചിത്ര. സഹോദരന്‍: വിജയപ്രശാന്ത്.

ഹരിലാല്‍ മഹല്‍ദാറാണ് ബച്ചന്‍ മഹല്‍ദാറിന്റെ പിതാവ്. ഇയാളുടെ മൃതദേഹം ബുധനാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകും. പോലീസ് ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ട്രാഫിക് പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.