അല്‍ സഫുവ ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയായ രണ്ട് കിലോമീറ്റര്‍ പാതയിലാണ് ട്രാം ഓടുക. 44 മീറ്റര്‍ നീളമുള്ള, പൂര്‍ണമായും ശീതീകരിച്ച കാബിനുകളോട് കൂടിയ ട്രാം ആണ് ആര്‍.ടി.എ. രംഗത്തിറക്കുന്നത്. പരീക്ഷണാര്‍ഥം ട്രാക്കിലിറക്കുന്ന ട്രാമില്‍ യാത്രക്കാരെ കയറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പരീക്ഷണയോട്ടം തുടങ്ങുന്നതിന് മുന്നോടിയായി ആര്‍.ടി.എ. സുരക്ഷാ, പ്രചാരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. നേരത്തെതന്നെ മാധ്യമങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കിത്തുടങ്ങിയ ആര്‍.ടി.എ വെള്ളി, ശനി ദിവസങ്ങളിലായി മറീന വാക്കില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ട്രാമിനെക്കുറിച്ച് കൂടുതലറിയാന്‍ അവസരമൊരുക്കിയ പരിപാടിയുടെ മുഖ്യലക്ഷ്യം സുരക്ഷാമുന്നറിയിപ്പുകളായിരുന്നു. 'ട്രാം പരീക്ഷണ ഘട്ടത്തിലാണ്. അകത്ത് പ്രവേശിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്' എന്ന സന്ദേശമടങ്ങുന്ന ബുക്ക്‌ലെറ്റുകള്‍ നേരത്തേതന്നെ പ്രചാരത്തിലെത്തിയിട്ടുണ്ട്. തറനിരപ്പില്‍ ഓടുന്ന വാഹനമെന്ന നിലയില്‍ കാല്‍നടയാത്രക്കാരും വാഹനഉപയോക്താക്കളും ജാഗ്രതപാലിക്കണമെന്ന് ആര്‍.ടി.എ. മുന്നറിയിപ്പ് നല്‍കുന്നു.
ട്രാക്ക് മുറിച്ചുകടക്കേണ്ട കാല്‍നട യാത്രക്കാര്‍ പെഡസ്ട്രിയന്‍ ക്രോസിങ്ങുകള്‍വഴി മാത്രം മുറിച്ചുകടക്കുക, ഇരുവശങ്ങളിലും നോക്കിയതിനുശേഷം മാത്രം മുറിച്ചുകടക്കുക, ട്രാമിന് അടുത്ത് മൊബൈല്‍ ഫോണ്‍, ഹെഡ് ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ ഉപദേശങ്ങള്‍ ആര്‍.ടി.എ. മുന്നോട്ടുവെച്ചിട്ടുണ്ട്.
ട്രാം ട്രാക്കിലിറങ്ങുന്നതോടെ വാഹനയാത്രക്കാരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിരത്തില്‍ ട്രാമിന് മുന്‍ഗണന നല്‍കണം. സ്റ്റോപ്പുകളില്‍ ട്രാമിന് പിറകിലായാണ് മറ്റ് വാഹനങ്ങളുടെ സ്ഥാനം. ക്രോസിങ്ങുകളിലും വാഹനങ്ങള്‍ പ്രത്യേകം കരുതലെടുക്കണം - ആര്‍.ടി.എ വ്യക്തമാക്കി. ട്രാം ട്രാക്ക് മുറിച്ചുകടക്കുന്ന സൈക്കിള്‍ യാത്രികരും ശ്രദ്ധിക്കേണ്ടതുണ്ട്. സൈക്കിളില്‍ നിന്നിറങ്ങിയിട്ടുവേണം മുറിച്ചുകടക്കാന്‍. അല്ലാത്തപക്ഷം സൈക്കിള്‍ ട്രാക്കില്‍ കുരുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.
മണിക്കൂറില്‍ 44 കിലോമീറ്റര്‍ വേഗതയിലാണ് ട്രാം ഓടുക. രണ്ടാംസോണിലെ പരീക്ഷണയോട്ടം ഏപ്രില്‍ 16-നും മൂന്നാംസോണിലേത് ജൂണ്‍ 14-നും ആരംഭിക്കും. നവംബറിലാണ് ട്രാം യാത്രക്കാരെ കയറ്റിത്തുടങ്ങുക. അപ്പോഴേക്കും 11 ട്രാമുകളും 11 സ്റ്റേഷനുകളും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment