കോട്ടയം: യുവതിയെ ആസിഡ് ഒഴിച്ചും കുടിപ്പിച്ചും കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ നഗരത്തിലെ പിടിച്ചുപറി, മോഷണ സംഘത്തിനു പങ്കെന്നു സൂചന. എന്നാല്‍ പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ടൗണില്‍ നിന്ന് മാറിനില്‍ക്കുന്ന ക്രിമിനലുകളെയും അനാശാസ്യസംഘത്തെയും പോലീസ് നിരീക്ഷിച്ചു വരികയാണ്. അഞ്ചു സ്ത്രീകളെ ബുധനാഴ്ച രാവിലെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന നിഗമനത്തിലാണു പോലീസ്.
കൊല്ലപ്പെട്ട യുവതിയുടെ പേര് ശാലിനി(43) എന്നാണ് അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ളാഹ എസ്റ്റേറ്റിലാണ് താമസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങളായി കോട്ടയത്ത് എത്തിയിട്ട്. ഇപ്പോള്‍ തിരുനക്കര ഭാഗത്ത് കടത്തിണ്ണയിലാണ് അന്തിയുറങ്ങുന്നത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ വയസ്കര ഭാഗത്ത് ആളൊഴിഞ്ഞ പറമ്പില്‍ വച്ചാണ് ആസിഡ് ഒഴിച്ച സംഭവമുണ്ടായത്. തിരുനക്കര സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് ഒരാള്‍ യുവതിയെ വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നു പറയുന്നു.
ധന്യാ തിയേറ്ററിനു തെക്കുഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് ഇവര്‍ പോയത്. പിന്നീട് മറ്റൊരാള്‍കൂടി എത്തി. രണ്ടു പേരും ചേര്‍ന്ന് യുവതിയെ ആസിഡ് കുടിപ്പിച്ച ശേഷം മുഖത്തും മറ്റും ഒഴിക്കുകയായിരുന്നുവെന്നു പറയുന്നു.
യുവതിയുടെ അലര്‍ച്ച കേട്ട് സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് എത്തി ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. രാത്രി 11 ഓടെയാണ് മരണം സംഭവിച്ചത്. യുവതിക്ക് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. ബന്ധുക്കളാരും എത്തിയില്ലെങ്കില്‍ മൂന്നു ദിസവത്തേക്ക് മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
No comments:
Post a Comment