Latest News

ഉത്സവങ്ങളുടെ നാട് കൗമാര കാലോത്സവത്തിന് ഒരുങ്ങി


പാലക്കാട്‌: 54 ാമത്‌ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ ഞായറാഴ്ച തിരിതെളിയും. ഒരു നല്ല നാളേയ്‌ക്കായി പീഡനരഹിത ബാല്യം വിരിയാന്‍ നിര്‍ഭയം സന്തുഷ്‌ടം ബാല്യം എന്നതാണ്‌ പാലക്കാട്‌ കലോത്സവത്തിന്റെ സന്ദേശം. ഒരു ആശയത്തിലൂന്നി സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്‌ ഇതാദ്യമാണ്‌.

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്നറിയപ്പെടുന്ന സ്‌കൂള്‍ കലോല്‍സവത്തില്‍ 232 ഇനങ്ങളിലായി 12000 ത്തോളം പ്രതിഭകളാണ്‌ വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്‌. 17 വേദികളിലായാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌. 18ാമത്‌ വേദിയില്‍ സാംസ്‌കാരിക സായാഹ്നം അരങ്ങേറും.ഗവ. മോയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഞായറാഴ്ച രാവിലെ 10ന്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ബിജു പ്രഭാകര്‍ ഉദ്‌ഘാടനം ചെയ്യും. തിങ്കളാഴ്ച മുതല്‍ ദിവസവും രാവിലെ എട്ട്‌ മുതല്‍ ഉച്ചയ്‌ക്ക്‌ രണ്ടു വരെയാണ്‌ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുക.

ഞായറാഴ്ച ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിയോടെ ഗവ. വിക്‌ടോറിയ കോളജ്‌ പരിസരത്തുനിന്ന്‌ ആരംഭിക്കുന്ന വര്‍ണാഭമായ ഘോഷയാത്ര പ്രധാനവേദിയായ ഇന്ദിരഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ എത്തും. തുടര്‍ന്ന്‌ വൈകിട്ട്‌ നാലിന്‌ 54 ഗായകരുടെ സ്വാഗതഗാനത്തോടെ ഉദ്‌ഘാടന ചടങ്ങിന്‌ തുടക്കമാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ അധ്യക്ഷത വഹിക്കും. സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ മുഖ്യാതിഥിയായിരിക്കും.

വിക്‌ടോറിയ കോളജ്‌ ഗ്രൗണ്ടിലുള്ള കലോത്സവത്തിന്റെ ഊട്ടുപുര ശനിയാഴ്ച പാലുകാച്ചലോടെ സജീവമായി. പാചകവിദഗ്‌ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി അടുപ്പില്‍ തീ കത്തിച്ചു. തുടര്‍ന്ന്‌ മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്‌ണ പാലുകാച്ചല്‍ കര്‍മം നിര്‍വഹിച്ചു.
മത്സരാര്‍ഥികളുടെ ആദ്യ സംഘം ശനിയാഴ്ച കാസര്‍കോട്‌ നിന്നും എത്തി. 25ന്‌ വൈകീട്ട്‌ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. നടി കാവ്യമാധവന്‍ മുഖ്യാതിഥിയായിരിക്കും.
കലോത്സവം മലബാര്‍ ഫ്‌ളാഷ് ടിവി.കോമില്‍ തത്സമയം വീക്ഷിക്കാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്യുക

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.