Latest News

ഐക്യവും ലയനവും തിരിയാത്തവര്‍ പ്രതികരിക്കരുത്: കന്തല്‍ സൂപ്പി മദനി

കുമ്പള: ഐക്യത്തിന് ഞങ്ങള്‍ ഒരിക്കലും സന്നദ്ധരല്ലെന്നും പാണക്കാട് തങ്ങന്‍മാരുടെ നേതൃത്വം അംഗീകരിച്ചുകൊണ്ടുള്ള ലയനമാണ് സമസ്തക്ക് ആവശ്യമെന്നും കേവലം രണ്ടു ദിവസം മുമ്പ് മുന്‍ സംസ്ഥാന നേതാവ് നാസര്‍ ഫൈസി പ്രസ്താവിച്ചതിന്റെ ചൂടാറും മുമ്പ് അതേ സംഘടനയുടെ ജില്ലാ സാരഥി സുന്നീ ഐക്യത്തിന് ഇത്രയും കാലം തുരങ്കംവെച്ചത് കാന്തപുരവും കാന്തപുരം വിഭാഗവുമാണെന്ന് പറഞ്ഞത് മിതമായി പറഞ്ഞാല്‍ വിവരക്കേടും വിരോധാഭാസവുമാണെന്ന് എസ്.വൈ. എസ് കുമ്പള സോണ്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കന്തല്‍ സൂപ്പി മദനി പ്രസ്താവിച്ചു. 

ഐക്യവും ലയനവും തമ്മിലുള്ള വ്യത്യാസമെന്തെന്നെങ്കിലും ജില്ലാ നേതാവ് ഗ്രഹിക്കണമായിരുന്നു. ഐക്യത്തിന്റെ വാതില്‍ തന്നെ കൊട്ടിയടച്ചവര്‍ക്ക് പിന്നെന്ത് തുരങ്കവും വിഘ്‌നവുമാണുള്ളതെന്ന് ബെളിഞ്ചം സാഹിബ് വ്യക്തമാക്കണം.
ഈ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തിനിടെ എപ്പോഴെല്ലാം കാന്തപുരം വിഭാഗം അവരുടെ സംഘടന, സ്ഥാപന സമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ഏറിയ കൂറും അതേ തിയ്യതിക്കും സയമയത്തിനും ചേളാരി കമ്പനിയുടെ ഒരു തെറിപ്പൂര മാമാങ്കം എവിടെയെങ്കിലും ഒപ്പിച്ചുവെച്ച ചരിത്രമാണ് കൈരളിക്ക് പറയാനുള്ളത്. പിന്നെ എവിടെയാണാവോ തങ്ങള്‍ക്കാര്‍ക്കും വേണ്ടാത്ത ഐക്യത്തിന്റെ വാതിലുകള്‍ തുറന്നിട്ട് പട്ടിക്കാട് സമ്മേളനം മാറ്റിയ പൊന്‍ ചരിതം റഷീദ് സാഹിബിനു പറയാനുണ്ടാവുക? 

പേരോടിന്റെ കുറ്റിയാടി സിറാജുല്‍ ഹുദാ സമ്മേളനത്തില്‍ സംബന്ധിച്ച ശേഷം പട്ടിക്കാട് സമ്മേളനത്തിലേക്ക് കുതിച്ച ലീഗ് ദേശീയ പ്രസിഡന്റും പ്രഗത്ഭ പാര്‍ലമെന്റേറിയനുമായ ഇ.അഹമ്മദിനെ ഗോബാക് വിളിച്ചു സമ്മേളനവേദിയില്‍ അപമാനിച്ചുവിട്ടതും മോയിന്‍കുട്ടി എം.എല്‍.എയെ കാലങ്ങളോളം ബഹിഷ്‌കരിച്ചതും റഷീദ് സാഹിബ് മറന്നുപോയോ? സൂപ്പി മദനി ചോദിച്ചു.
പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിനു വന്ന അറബി സഹോദരനെ തെറ്റിദ്ധരിപ്പിച്ച് കാന്തപുരം മര്‍കസിലേക്ക് കൂട്ടിക്കൊണ്ടുപോയി ഐക്യത്തിനു പാര പണിതുവെന്ന് വിലപിക്കുന്ന ബെളിഞ്ചത്തോട് ഒന്നുചോദിച്ചോട്ടെ, കോഴിക്കോട് മാവൂര്‍ റോഡിലെ മര്‍കസ് കോംപ്ലക്‌സും കാലിക്കറ്റ് ടവറും ഒന്നു ചുറ്റിനടന്നാല്‍ എല്ലായ്‌പ്പോഴും അറബി സഹോദരന്മാരുടെ പടതന്നെ അവിടെ കാണാവുന്നതല്ലേ? പിന്നെന്തിന് മറ്റൊരിടത്തേക്ക് വന്നയാളെ കാന്തപുരം തട്ടണം? അല്ലെങ്കിലും ഇത്തരം വിലകുറഞ്ഞതും അപഹാസ്യവുമായ പ്രസ്താവനകളിറക്കി റഷീദ് സാഹിബിനെപ്പോലുള്ളവര്‍ വീണ്ടും വീണ്ടും തരം താഴരുത്. 

കാരണം പട്ടിക്കാട്ടേക്ക് വന്ന അറബിയെ കാന്തപുരം തട്ടി എന്നുപറയുമ്പോള്‍ അതില്‍ നിന്നും വ്യക്തമാവുന്നത്, കേരളത്തില്‍ എവിടെയോ ഒരിടത്ത് സമ്മേളനം നടക്കുന്നുവെന്നറിഞ്ഞ് കാസര്‍കോട്ട് നിന്നും ബെളിഞ്ചയിലേക്ക് ബസ് കയറുംപോലെ ഒരറബി വിമാനം കയറി കരിപ്പൂരിലെത്തിയെന്നും ലക്ഷ്യമില്ലാതെ, ദിക്കറിയാതെ അയാള്‍ വിമാനത്താവളത്തില്‍ അലഞ്ഞുതിരിയുമ്പോള്‍ ആ മനുഷ്യനെ സമീപിക്കുവാനോ പട്ടിക്കാട്ടേക്ക് വഴി കാട്ടാനോ ഒരാള്‍പോലും ഉണ്ടായിരുന്നില്ലെന്നും അറബിഭാഷയില്‍ നിപുണനായ കാന്തപുരം അവിടെ ഓടിയെത്തി ഇടപെട്ടു അയാളെ മര്‍കസിലെത്തിച്ചുവെന്നുമല്ലേ?
സ്വന്തം വീഴ്ചകളും ജാള്യതകളും മറച്ചുവെക്കാന്‍ അന്യനെ പഴിചാരുന്നത് ഉടുമുണ്ട് പൊക്കി മുഖം മറക്കുന്നതിനുസമാനമായിപ്പോകുന്നുവെന്ന് തിരിച്ചറിഞ്ഞു മേലിലെങ്കിലും ബെളിഞ്ചവും കൂട്ടരും പരസ്പരവിരുദ്ധവും വിഢിത്തപരവുമായ പ്രസ്താവനകളില്‍നിന്നും പ്രവൃത്തികളില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ഓര്‍മപ്പെടുത്തുന്നതായി കന്തല്‍ മദനി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.