Latest News

പ്രണയം തകരുമെന്ന ഭീതിയില്‍ കാമുകനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച് ഒളിവില്‍ പോയ യുവതി അറസ്റ്റില്‍

ചങ്ങനാശേരി: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഒരു മാസക്കാലമായി ഒളിവിലായിരുന്ന ചിങ്ങവനം നെല്ലിക്കല്‍ കോഴിമറ്റത്തില്‍ സിനി (40) ചങ്ങനാശേരി മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി.

ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. റിമാന്‍ഡു ചെയ്ത സിനിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും ഇതിനായി വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്നും കേസന്വേഷണ ചുമതലയുള്ള ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ.നിഷാദ്‌മോന്‍ പറഞ്ഞു.

രാത്രിയില്‍ വീട്ടിലെത്തിയ വേളൂര്‍ ഇല്ലിക്കല്‍ ചെമ്പോട്ടില്‍ അജ്മലിനെ (25) സിനിയുടെ വീട്ടില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു സംഭവം. പുലര്‍ച്ചെ സിനിയുടെ വീട്ടുമുറ്റത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ അജ്മലിനെ കണ്ടെത്തുകയായിരുന്നു. ചിങ്ങവനം പോലീസ് എത്തിയാണ് അജ്മലിനെ ആശുപത്രിയില്‍ എത്തിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലൂടെ അജ്മല്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു.

തുടര്‍ന്ന് അജ്മല്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിക്കെതിരേ വധശ്രമത്തിന് കേസെടുത്തത്. കോട്ടയത്തുള്ള പ്രമുഖ വാഹന വിതരണ ഏജന്‍സിയിലെ ജീവനക്കാരായിരുന്നു ഇരുവരും. സിനിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടെ സിനിയും അജ്മലും തമ്മില്‍ അടുപ്പത്തിലായി. എന്നാല്‍ അജ്മലിന് വിവാഹ ആലോചന വന്നതോടെ സിനി എതിര്‍ത്തു. ഇതേ തുടര്‍ന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമം ആരംഭിച്ചുവെന്നും അജ്മല്‍ പോലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. സിനിയുടെ വീട്ടില്‍ നിന്ന് അജ്മലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കിടപ്പു മുറിയില്‍ നിന്ന് രക്തത്തുള്ളികളും കണ്ടെത്തിയിരുന്നു.

സിനിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് രക്ത സാമ്പിളും പോലീസ് ശേഖരിച്ചിരുന്നു. പോലീസിന്റെ സയന്റിഫിക് വിദഗ്ധര്‍ വീട് പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കുന്നതിനിടെയാണ് മുറിയില്‍ രക്തം കണ്ടെത്തിയത്. ശേരിച്ച രക്തസാമ്പിള്‍ പരിക്കേറ്റ അജ്മലിന്റേതാണോയെന്ന് ഒത്തു നോക്കുകയും ചെയ്തിരുന്നു. വീട്ടിലെ വെട്ടുകത്തി, അതുപോലുള്ള മറ്റുചില ആയുധങ്ങള്‍ എന്നിവയും പരിശോധനക്കു വിധേയമാക്കിയിരുന്നു. സംഭവം നടന്ന് 38 ദിവസങ്ങള്‍ക്ക് ശേഷമാണ് സിനി കോടതിയില്‍ കീഴടങ്ങിയത്. ബന്ധുവീടുകളിലും മറ്റു ചില കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും സിനിയെ കണ്ടെത്താനായിരുന്നില്ല. ഇവര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാഞ്ഞതിനാല്‍ ആവഴിക്കുള്ള അന്വേഷണം വിഫലമായിരുന്നു.

സിനി മാത്രമാണോ, അതോ മറ്റാരെങ്കിലും കൃത്യത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ടോ എന്ന് സിനിയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. സിനിയും അജ്മലും കോട്ടയത്തെ പ്രമുഖ വാഹന ഏജന്‍സിയുടെ ചവിട്ടുവരിയിലെ ഷോറൂമിലെ ജീവനക്കാരാണ്. ഡേറ്റാ എന്‍ട്രി സെക്ഷനില്‍ ആയിരുന്നു സിനി ജോലി ചെയ്തിരുന്നത്. അജ്മല്‍ ആറു വര്‍ഷമായി സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി നോക്കി വരികയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Attack, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.