Latest News

കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് വിരമിച്ചു

കാസര്‍കോട്: കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് സര്‍വീസില്‍നിന്ന് വിരമിച്ചു. വൈസ് ചാന്‍സലര്‍ പദവിയില്‍ ജാന്‍സി ജെയിംസിന്റെ അഞ്ചുവര്‍ഷത്തെ കാലാവധി ഞായറാഴ്ച പൂര്‍ത്തിയായിരുന്നു. കേന്ദ്ര സര്‍വകലാശാലയ്ക്കുപുറമേ എം.ജി. സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍ ആയിരുന്നു. 28 വര്‍ഷത്തെ അധ്യാപകവൃത്തിയ്‌ക്കൊപ്പം ഒമ്പതുവര്‍ഷം വൈസ് ചാന്‍സലര്‍ പദവിയും വഹിച്ചു. കേരളത്തില്‍ വൈസ് ചാന്‍സലര്‍സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഡോ. ജാന്‍സി ജെയിംസ്.

ഡോ. ജാന്‍സി ജെയിംസിന് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി നീട്ടിനല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വിരമിക്കല്‍ പ്രഖ്യാപനം വന്നത്. കഴിഞ്ഞദിവസം സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ പ്രൊഫ. ജേക്കബ് ചാക്കോയ്ക്ക് വി.സി.യുടെ ചുമതലനല്‍കി അറിയിപ്പുവന്നിരുന്നു.

കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ പ്രൊഫസറും, സെന്റര്‍ ഫോര്‍ കംപാരറ്റീവ് ലിറ്ററേച്ചറിന്റെ ഡയറക്ടറുമായിരിക്കെ 2004 ലാണ് എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത്. എം.ജി. സര്‍വകലാശാല വി.സി. എന്ന നിലയില്‍ നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമ്പോഴാണ് കേരളത്തില്‍ ആദ്യമായി ആരംഭിച്ച കേന്ദ്ര സര്‍വകലാശാലയുടെ വി.സി. ആയി നിയമിതയായത്.

ഡോ. ജാന്‍സി ജെയിംസ് ചുമതലയേറ്റയുടന്‍, 2009ല്‍, വാടകക്കെട്ടിടങ്ങളില്‍ ഓഫീസും പഠനവകുപ്പുകളും ആരംഭിച്ച് പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രസര്‍വകലാശാലയില്‍ 15 പഠന-ഗവേഷണ വകുപ്പുകളിലായി, 600ലേറെ വിദ്യാര്‍ഥികള്‍ 25 കോഴ്‌സുകളില്‍ പഠിക്കുന്നുണ്ട്. പെരിയയില്‍ കേരള സര്‍ക്കാര്‍ നല്കിയ 310 ഏക്കര്‍ സ്ഥലത്ത് സ്വന്തം കാമ്പസിന്റെ ഉദ്ഘാടനം 2013 ജനവരിയില്‍ നടന്നു. പത്തുമാസത്തിനുള്ളില്‍ അവിടെ പണിത കെട്ടിടങ്ങളില്‍ മൂന്നു പഠനവകുപ്പുകളും, രണ്ടു വനിതാ ഹോസ്റ്റലുകളും പ്രവര്‍ത്തനമാരംഭിച്ചു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗം, കംപാരറ്റീവ് ലിറ്ററേച്ചര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് എന്നീ പദവികളില്‍ ഡോ. ജാന്‍സി ജെയിംസ് തുടരുന്നുണ്ട്. യു.ജി.സി.യുടെ പല വിദഗ്ധ സമിതികളിലും അംഗവുമാണ്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ ഗവേണിങ് കൗസില്‍ അംഗം, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്തിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, കേന്ദ്രസാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011ല്‍ വാഷിങ്ടണില്‍ നടന്ന ഇന്തോ-യു.എസ്. ഹയര്‍ എഡ്യുക്കേഷന്‍ സമ്മിറ്റിലും 2008ല്‍ വത്തിക്കാനില്‍ അല്‍ഫോന്‍സമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിലും ഇന്ത്യന്‍സംഘത്തില്‍ അംഗമായിരുന്നു ഡോ. ജാന്‍സി. ഒട്ടേറെ അന്താരാഷ്ട്രസമ്മേളനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.