Latest News

വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടതിനു 15,000 രൂപ ബസ്സുടമ നഷ്ടപരിഹാരം നല്‍കണം

കാസര്‍കോട്: കോളജ് വിദ്യാര്‍ത്ഥികളെ വഴി മധ്യേ ബസില്‍ നിന്നും ഇറക്കിവിട്ടതിനു നഷ്ടപരിഹാരമായി 15,000 രൂപാ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. ചെറുപനത്തടി സെന്റ് മേരീസ് കോളജ് ബി.ബി.എ വിദ്യാര്‍ത്ഥി രാജപുരം അയ്യങ്കാവ് നെടുമഠത്തില്‍ വീട്ടിലെ സ്വപിന്‍ മോഹനനാണ് പരാതിക്കാരന്‍. കാഞ്ഞങ്ങാട്ടെ കെ.എല്‍.14 ഡി -4380 നമ്പര്‍ അഞ്ചലി ബസ് സര്‍വീസ് നടത്തുന്നവരാണ് എതിര്‍കക്ഷികള്‍.

മാലക്കല്ലില്‍ നിന്നും ബസില്‍ കയറിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ കോളജ് സ്റ്റോപ്പില്‍ എത്തിക്കാതെ രണ്ട് കിലോമീറ്റര്‍ അകലെ വഴി മധ്യേ ഇറക്കി വിടുകയായിരുന്നു. ബസ യാത്രക്കാരില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായതിനാല്‍ ട്രിപ്പ് ലാഭകരമല്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് ബസ് തിരിച്ചുപോകുകയായിരുന്നു. മാനസിക വിഷമത്തോടെ വിദ്യാര്‍ത്ഥികള്‍ രണ്ട് കിലോമീറ്റര്‍ വരെ നടന്നു. ക്ലാസില്‍ എത്തുമ്പോള്‍ ഒരു പീരിയഡ് ക്ലാസ് കഴിഞ്ഞിരുന്നു. ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റത്തെ കുറിച്ച് രാജപുരം പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടി ഉണ്ടായില്ല എന്നും പരാതിയില്‍ പറയുന്നു.


യാത്രക്കാരെ ബസില്‍ കയറ്റിയാല്‍ ടിക്കറ്റ് എടുത്ത സ്ഥലത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം ബസ് ജീവനക്കാര്‍ക്കുണ്ടെങ്കിലും അത് പാലിച്ചില്ലെന്ന് കോടതി വിലയിരുത്തി. ജില്ലയില്‍ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ വളരെ മോശമായാണ് പെരുമാറുന്നതെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ശാരീരികമായും, മാനസികമായും വിദ്യാര്‍ത്ഥികളോട് പരുഷമായാണ് പെരുമാറുന്നത്. റോഡില്‍ കുറേയധികം സമയം കാത്തുനില്‍ക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികളെ ബസ് പുറപ്പെടാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ അറവ് മൃഗങ്ങളെ പോലെ അകത്തു തളളിക്കയറ്റുകയാണ്.

ബസിനകത്ത് വിദ്യാര്‍ത്ഥിനികളെ പോലും ബസ്‌ ജീവനക്കാര്‍ തളളുന്ന കാഴ്ച പതിവാണ്. ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികളെ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കാറില്ല. മറ്റുളള യാത്രക്കാരുടെ മുന്നില്‍ വിദ്യാര്‍ത്ഥിനികളെ ചീത്ത വിളിക്കുകയും, അപമാനിക്കുകയും ചെയ്യുന്നു. നാളത്തെ വാഗ്ദാനങ്ങളും, ഭരണാധികാരികളും ആകേണ്ട വിദ്യാര്‍ത്ഥികളോട് ഇത്തരം പെരുമാറ്റം അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തെ ഹനിക്കുന്ന തരത്തിലുളള പെരുമാറ്റം സമൂഹത്തിനു ദോഷം ചെയ്യും. സമൂഹം വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിച്ചു നല്‍കണം. പരാതിക്കാരനായ സ്വപിന്‍ മോഹനനു നഷ്ടപരിഹാരമായി 10000 രൂപയും മനോവിഷമം ഉണ്ടായതിന് 5000 രൂപാ നഷ്ടപരിഹാരവും എതിര്‍കക്ഷിയായ അഞ്ചലി ബസ് സര്‍വീസ് നടത്തുന്നവര്‍ 30 ദിവസത്തിനകം നല്‍കണം.

നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യാനും ആര്‍.ടി.ഒ ക്ക് ഫോറം നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ജഡ്ജ് പി. രമാദേവി, മെമ്പര്‍മാരായ കെ.ജി. ബീന, ഷീബ.എം സാമുവല്‍ എന്നിവരടങ്ങിയ ഫോറമാണ് വിധി പറഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.