Latest News

കടയുടമയുടെ സഹോദരിക്കു വൃക്ക നല്‍കിയ ജീവനക്കാരന്‍ കവര്‍ച്ചക്കേസില്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയ കേസില്‍ പോലിസ് കസ്റ്റഡിയിലായിരുന്ന യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട് വിഴുപുരം ജില്ലയില്‍ പള്ളിക്കുറുച്ചി ശനിമൂലപുരം നല്ലതമ്പിപ്പുരത്തു രാമചന്ദ്രന്റെ (33) അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം സേലത്തു നിന്നാണ് പിടികൂടിയത്.

ചെങ്ങന്നൂര്‍ ളാഹശേരില്‍ കരിങ്ങാട്ട് വീട്ടില്‍ കെ പി തോമസിന്റെ വ്യാപാരശാലയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ ജനുവരി 19നു കടയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപയുമായി മുങ്ങുകയായിരുന്നു.

കെ പി തോമസിന്റെ സഹോദരി രാമചന്ദ്രനില്‍ നിന്നു വൃക്ക സ്വീകരിച്ചിരുന്നു. തുടര്‍ന്നു രാമചന്ദ്രനു വീട്ടിലും കടയിലും സര്‍വസ്വാതന്ത്ര്യം അനുവദിക്കുകയും കുടുംബാംഗത്തെപ്പോലെ വീട്ടുകാര്‍ കരുതുകയും ചെയ്തിരുന്നു. മോഷണം നടത്തുന്നതിന് ഒരു മാസം മുമ്പ് ഇയാള്‍ വീടിന്റെ താക്കോല്‍ കൈക്കലാക്കിയിരുന്നു. താക്കോല്‍ നഷ്ടപ്പെട്ടെന്നു ബോധ്യപ്പെട്ട വീട്ടുകാര്‍ ഡ്യൂപ്ലിക്കേറ്റ് നിര്‍മിച്ച് വീണ്ടും ഉപയോഗിച്ചു.

ഇതു മനസ്സിലാക്കിയ രാമചന്ദ്രന്‍, 19നു തോമസും കുടുംബാംഗങ്ങളും പള്ളിയില്‍ പോയ സമയത്ത് തന്റെ കൈയിലുള്ള താക്കോല്‍ ഉപയോഗിച്ച് വീടു തുറന്ന്, അതിനുള്ളില്‍ നിന്നു കടയുടെ താക്കോലെടുത്തു പണം അപഹരിക്കുകയായിരുന്നു. തുടര്‍ന്നു സ്വന്തം നാട്ടിലേക്കു വണ്ടി കയറിയ ഇയാള്‍ പണം ബാങ്ക് ഓഫ് ഇന്ത്യയുടെ വിഴുപുരം ശാഖയില്‍ നിക്ഷേപിച്ചു. രാമചന്ദ്രന്‍ അപ്രത്യക്ഷനായതോടെ പണം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പോലിസിനു പരാതി നല്‍കി.

ഇതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലിസ് രാമചന്ദ്രന്റെ മൊബൈല്‍ഫോണ്‍ രേഖകള്‍ കണെ്ടത്തുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എ.ടി.എമ്മില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയാതെവന്നപ്പോള്‍ വിവരം അന്വേഷിച്ച് രാമചന്ദ്രന്‍ ബാങ്കിലെത്തിയപ്പോള്‍, അധികൃതര്‍ തടഞ്ഞുവച്ചു പോലിസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്നു ചെങ്ങന്നൂരില്‍ നിന്നു സി.ഐ. കെ ബൈജുകുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഉണ്ണി, അഭിലാഷ് എന്നിവരടങ്ങുന്ന സംഘം തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടിലെത്തിച്ച ഇയാളെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.