Latest News

പി കരുണാകരന്റെ പ്രചരണ പ്രവര്‍ത്തനം സജീവം; സ്നേഹ സ്പര്‍ശമായി തുളുനാട്ടില്‍...


കാസര്‍കോട്: തുളുനാടിന്റെ മനസ്സിളക്കിയാണ് പി കരുണാകരന്റെ മഞ്ചേശ്വരം മണ്ഡലം പര്യടനം സമാപിച്ചത്. വലിയ ആള്‍കൂട്ടങ്ങളും ആര്‍പ്പുവിളികളുമില്ലാതെ അതിരാവിലെ തന്നെ പഴയകാല പ്രതാപത്തിന്റെ ഓര്‍മകള്‍ വിളിച്ചോതുന്ന വിശ്വനാഥ ആള്‍വയുടെ ബംബ്രാണയിലെ വീട്ടിലായിരുന്നു ആദ്യ സന്ദര്‍ശനം. 

തങ്ങളുടെ പ്രിയ എംപിയെ കാണാന്‍ വന്ന ആള്‍വയുടെ തൊഴിലാളികളോട് കരുണാകരന്‍ തുളുവില്‍ പറഞ്ഞു 'കത്തിസൂത്തിഗെ നക്ഷത്ര' അതാണ് നമ്മുടെ ചിഹ്നമെന്ന്. കൂട്ടത്തില്‍നിന്ന് ഒരു തൊഴിലാളിയുടെ മറുപടി 'വോട്ട് കൊര്‍പ്പ'. അങ്ങിനെ 'ബംബ്രാണ യശ്മാന്റെ'യും തൊഴിലാളികളുടെയും വോട്ടുറപ്പിച്ച് നേരെ ഗോവിന്ദപൈ ഗവ. കോളേജിലേക്ക്. ആവേശ തിരയിളക്കമായിരുന്നു ഈ കലാലയത്തില്‍ എംപിയുടെ സന്ദര്‍ശനം ഉയര്‍ത്തിവിട്ടത്. മുദ്രാവാക്യം വിളിച്ചാണ് പഴയ വിദ്യാര്‍ഥി നേതാവിനെ സ്വീകരിച്ചത്. കോളേജ് വരാന്തയില്‍ ഒത്തുചേര്‍ന്ന വിദ്യാര്‍ഥികളോട് വോട്ടുചോദിച്ച് ഓരോ കുട്ടിക്കും ഹസ്തദാനം നല്‍കി മടക്കം. തങ്ങളുടെ ജനകീയ എംപിയെ ഹൃദയത്തോട് ചേര്‍ത്താണ് അവര്‍ യാത്രയാക്കിയത്. 

അവിടെനിന്ന് പൊസോട്ടിലെ ആത്മീയാചാര്യനായ ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയെ സന്ദര്‍ശിച്ചു. എല്ലാ അനുഗ്രഹവും പിന്തുണയും നല്‍കി യാത്രയാക്കുമ്പോള്‍ പൊസോട്ട് തങ്ങള്‍ക്കും പറയാനുണ്ടായിരുന്നത് എംപി എന്നും നല്‍കിയ സഹകരണത്തിന്റെയും അടുപ്പത്തിന്റെയും കഥയായിരുന്നു. തങ്ങളുടെ ശിഷ്യരായ 'മുസ്ലാരുട്ടികള്‍' പ്രിയപ്പെട്ട എംപിയെ കാണാന്‍ വട്ടംകൂടിയതോടെ ശുഭ്രവസ്ത്രധാരികളുടെ സ്‌നേഹത്തില്‍ വീര്‍പ്പുമുട്ടി അല്‍പനേരം ചെലവഴിച്ചാണ് മടങ്ങിയത്. 

അവിടെനിന്ന് കന്നട എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. രാമാനന്ദ ബന്ദാരെ നടത്തുന്ന ഗണരാജ ക്ലിനിക്കിലും തുടര്‍ന്ന് ഔര്‍ ലേഡി ഓഫ് മേഴ്‌സി ചര്‍ച്ചിലും സന്ദര്‍ശനം. ചര്‍ച്ചിലെ വലേറിയന്‍ ലൂയിസ് അച്ചന്റെ സ്‌നേഹോഷ്മള സ്വീകരണം കഴിഞ്ഞ് കര്‍ഷക പ്രമുഖരായ ചന്ദ്രശേഖര ചൗട്ട, ഡോ. ജയപ്രകാശന്‍, കെ ടി ഭട്ട് എന്നിവരെ സന്ദര്‍ശിച്ചു. 

അടക്കാ കര്‍ഷകരായ തങ്ങള്‍ക്കായി ഇനിയും ശബ്ദമുയര്‍ത്താന്‍ താങ്കള്‍ പാര്‍ലമെന്റിലുണ്ടാവണമെന്ന് കര്‍ഷകരുടെ പ്രിയങ്കരനായ എംപിയോട് ഈ കര്‍ഷകരെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അടക്കാ കര്‍ഷക വിരുദ്ധമായ നിലപാടെടുത്തപ്പോള്‍ അതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിച്ചത് കരുണാകരനായിരുന്നു. അതിന്റെ സ്‌നേഹവും നന്ദിയും വേണ്ടുവോളം പ്രകടിപ്പിച്ചാണ് ഈ കര്‍ഷകരെല്ലാം അദ്ദേഹത്തെ യാത്രയാക്കിയത്.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.