Latest News

വിഷുപ്പുലരിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

കാഞ്ഞങ്ങാട്: വിഷുപ്പുലരിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിഷുവിന്റെ വരവറിയിച്ചു ഇത്തവണ വളരെ നേരത്തെ തന്നെ തൊടികളില്‍ കര്‍ണികാരങ്ങള്‍ പൂത്തുലഞ്ഞിരുന്നു.

ഓണം കഴിഞ്ഞാല്‍ മലയാളികളുടെ ആഘോഷങ്ങളില്‍ പ്രധാനമാണു വിഷു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം വിഷു അവിസ്മരണീയമായ ആഘോഷമാണ്. 

വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണു വിഷുക്കണി ഒരുക്കല്‍. ഓട്ടുരുളിയില്‍ കണിക്കൊന്നപൂവിനൊപ്പം വയ്ക്കുന്ന കണിവെള്ളരിയും മറ്റു സാധനങ്ങളായ അരി, നെല്ല്, തേങ്ങ, മാങ്ങ, പഴം തുടങ്ങിയവ വാങ്ങുവാനായി വിപണിയില്‍ തിരക്ക് ആരംഭിച്ചു കഴിഞ്ഞു.
വിഷുക്കണി കഴിഞ്ഞാല്‍ പ്രധാനം വിഷു സദ്യയാണ്. കാളനും ഓലനും സാമ്പാറും അവിയലും പായസവുമൊക്കെ തയാറാക്കാനുള്ള വിഭവങ്ങള്‍ വാങ്ങാനുള്ള തിരക്കു വീട്ടമ്മമാര്‍ക്കാണ്. വിഷു പ്രമാണിച്ച് പച്ചക്കറികള്‍ക്ക് രണ്ടുദിവസമായി വില കൂടിയിരിക്കുകയാണ്. വിഷുവിനു പുടവ വാങ്ങുന്ന പതിവുമുണ്ട്.
വസ്ത്രശാലകളിലും നല്ല തിരക്കായിരുന്നു.
ചില വസ്ത്രശാലകള്‍ വിഷു പ്രമാണിച്ചു പ്രത്യേക സമ്മാനപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
വിഷു ആഘോഷം പൊടിപൊടിക്കാന്‍ പടക്കവിപണിയും സജീവമായിട്ടുണ്ട്. വഴിയോരങ്ങളിലാണ് പടക്കവ്യാപാരം കൂടുതലും നടക്കുന്നത്. ഓലപ്പടക്കവും വിവിധ നിറത്തിലും തരത്തിലുമുള്ള കമ്പിത്തിരികളും പൂത്തിരികളും, ചൈനീസ് പടക്കങ്ങളും വാങ്ങാന്‍ ആവശ്യക്കാരേറെയാണ്.
വിഷുപ്പുലരിയില്‍ കണികണ്ടുണരാന്‍ കണിവെള്ളരിയുമെത്തി. വിളവെടുപ്പുത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടന്‍ വെള്ളരിയാണ് പ്രധാനമായും മാര്‍ക്കറ്റിലെത്തിയിരിക്കുന്നത്. നാടന്‍ വെളളരിക്കു പുറമേ തമിഴ്‌നാട്ടില്‍ നിന്നും കണിവെള്ളരിയും ഇത്തവണ മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ട്.
വിഷുപ്പുലരിയില്‍ കണിയൊരുക്കാന്‍ കണിക്കൊന്നയോടും കൃഷ്ണ വിഗ്രഹത്തൊടുമൊപ്പം കണിവെള്ളരിയും ഓട്ടുരുളിയിലെ പ്രധാന വിഭവമാണ്. സ്വര്‍ണ നിറമുള്ള വെള്ളരിയാണു കണിവെള്ളരിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
കണിവെള്ളരി കാര്‍ഷിക സമൃദ്ധിയെ സൂചിപ്പിക്കുന്നതാണെന്നും പഴമക്കാര്‍ പറയുന്നു. കണിവയ്ക്കുന്നതിനു പുറമേ വിഷു സദ്യയ്ക്കുള്ള വിവിധ ഇനങ്ങളില്‍ ഒന്നുകൂടിയാണ് വെള്ളരി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Vishu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.