Latest News

ഇടിമിന്നലില്‍ അഞ്ചു മരണം

കോഴിക്കോട്: വേനല്‍മഴ ശക്തി പ്രാപിച്ചതോടെ ഇടിമിന്നലേറ്റുള്ള അപകടങ്ങളുമേറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി തിങ്കളാഴ്ച മാത്രം അഞ്ചു മരണങ്ങള്‍. തിരുവനന്തപുരം ബാലരാമപുരത്ത് ക്ളാസെടുക്കുന്നതിനിടെ പാരലല്‍ കോളജ് അധ്യാപകനും കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടിനുള്ളില്‍ നിന്ന പന്ത്രണ്ടു വയസുകാരനും നൂറനാട് പാലമേലില്‍ പതിനാലു വയസുകാരനും മാനന്തവാടി ദ്വാരകയില്‍ വ്യാപാരിയും മിന്നലേറ്റു മരിച്ചു. ചാലക്കുടിയില്‍ ഇടിമിന്നലേറ്റു വീടു കത്തിയപ്പോള്‍ ഉറങ്ങിക്കിടന്ന വീട്ടമ്മ പൊള്ളലേറ്റു മരിച്ചു.

ബാലരാമപുരത്ത് പാരലല്‍ കോളജില്‍ ക്ളാസെടുത്തുകൊണ്ടു നില്‍ക്കുമ്പോള്‍ താന്നിവിള ചാത്തലമ്പാട്ടുകോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ വിജയകുമാറിന്റെ മകന്‍ ഹരിലാല്‍ (26) ആണു മിന്നലേറ്റു മരിച്ചത്. അധ്യാപികയ്ക്കും രണ്ടു വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ മുടവൂര്‍പാറ താന്നിവിള ചാത്തലമ്പാട്ടുകോണത്തു വിശ്വമിത്ര ട്യൂട്ടോറിയലിലാണു സംഭവം. പരുക്കേറ്റ അധ്യാപിക ചാത്തലമ്പാട്ടുകോണം വിശ്വമിത്രയില്‍ ഉഷയുടെ മകള്‍ ആര്യശ്രീ (18)യെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളായ വെടിവച്ചാന്‍കോവില്‍ സ്വദേശി രാധാകൃഷ്ണന്റെ മകന്‍ വൈശാഖ് കൃഷ്ണ (11), നരുവാമൂട് മലവിളയില്‍ ജയന്റെ മകന്‍ സുഭാഷ് (15) എന്നിവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിലാലിന്റെ അമ്മ: വല്‍സല. സഹോദരി: ലാവണ്യ.

പന്തീരാങ്കാവില്‍ പെരുമണ്ണ മാവൂര്‍പറമ്പത്ത് കൃഷ്ണന്റെ മകന്‍ അഭിനവ്(12) ആണു വീട്ടിനുള്ളില്‍ മിന്നലേറ്റു മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ വീട്ടിന്റെ അടുക്കളഭാഗത്തു കുടുംബാംഗങ്ങളോടൊപ്പം നില്‍ക്കവെയാണ് മിന്നലേറ്റത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റിക്കാട്ടുര്‍ ഗവ. ഹൈസ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ഥിയാണ്.
ശ്രീജയാണ് മാതാവ്. സഹോദരി: ബീന. 

ചാലക്കുടി കോട്ടാറ്റ് കവലക്കാട്ട് തോട്ടത്തില്‍ പരേതനായ തോമന്റെ ഭാര്യ റോസി (88) ആണ് മിന്നലില്‍ കത്തിനശിച്ച വീടിനുള്ളില്‍ പൊള്ളലേറ്റ മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയുണ്ടായ മിന്നലില്‍ വീടിനു തീപിടിച്ച് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന റോസിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ റോസി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച മരിച്ചു.
കൊരട്ടി വെളിയത്ത് കുടുംബാംഗമാണ്. മക്കള്‍: ജോബ്, പൌലോസ്, ജോര്‍ജ്, ഡേവിസ്, മേരി, ലീലാമ്മ, ആന്റണി, അല്ലി, റോസിലി. മരുമക്കള്‍: ഡെലീല, സിസിലി, അന്‍സ, ജാന്‍സി, തോമസ്, ജോസ്, ലിസ, തോമസ്, വില്‍സന്‍. 

നൂറനാട് പാലമേല്‍ പള്ളിക്കല്‍ ഇടിഞ്ഞയ്യത്ത് മുക്കില്‍ വേലന്റയ്യത്ത് അഖില്‍ ഭവനില്‍ സത്യന്റെ മകന്‍ അഖില്‍ (14) ഇടിമിന്നലേറ്റ് അമ്മയുടെ മടിയിലേക്കു വീണു മരിക്കുകയായിരുന്നു. വൈകിട്ട് 5.30 നാണു സംഭവം. വീടിനു പുറത്തേക്കു പോകുകയായിരുന്ന അഖില്‍ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്നു പിതൃസഹോദരി വിമലയുടെ വീട്ടിലേക്കു കയറി.
ഈ സമയം അഖിലിന്റെ അമ്മ പ്രമീളയും ഏകസഹോദരി അഖിലയും ആ വീട്ടിലുണ്ടായിരുന്നു. മിന്നലേറ്റ ഉടന്‍തന്നെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പയ്യനല്ലൂര്‍ ഗവ ഹൈസ്കൂളിലെ ഒന്‍പതാംക്ളാസ് വിദ്യാര്‍ഥിയാണ്. 

മാനന്തവാടി ദ്വാരകയിലെ വ്യാപാരിയായിരുന്ന എളളുമന്ദം സൌഭാഗ്യയില്‍ സുകുമാരന്‍(55) അടുത്തിടെ വാങ്ങിയ വീട്ടിലെ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ വൈകിട്ട് ആറോടെ ഇടിമിന്നലേറ്റ് മരിച്ചു. ഭാര്യ: മെറ്റില്‍ഡ(ലാബ് അസിസ്റ്റന്റ്, ജില്ലാ ആശുപത്രി). മക്കന്‍: സുഭിലാഷ്(കുവൈറ്റ്), മരുമകള്‍: വിദ്യ. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.