Latest News

മൂന്ന് അപകടങ്ങളില്‍ ബൈക്ക് യാത്രക്കാരായ 3 യുവാക്കള്‍ മരിച്ചു

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ അപകടങ്ങളില്‍ ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. മലപ്പുറം മക്കരപ്പറമ്പില്‍ ബൈക്കും ലോറിയും കൂട്ടിമുട്ടി പാങ്ങ് വാഴേങ്ങല്‍ പുത്തന്‍പീടിയന്‍ പരേതനായ രായിന്റെ മകന്‍ ലത്തീഫ് (26), കോട്ടയ്ക്കല്‍ കാവതികളത്ത് മിനിലോറി ബൈക്കില്‍ ഇടിച്ചശേഷം വഴിയോരക്കച്ചവടസ്ഥലത്തേക്കു പാഞ്ഞുകയറി കാടാമ്പുഴ പിലാത്തറ കുളമാന്‍കുഴിയില്‍ ഫ്രാന്‍സിസിന്റെ മകന്‍ പ്രജീഷ് (21), പരപ്പനങ്ങാടി ചിറമംഗലത്ത് ഒരേ ദിശയില്‍ പോവുകയായിരുന്ന ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ് അഗ്നിശമനസേനാ വാഹനം കയറി തിരൂര്‍ ബിപി അങ്ങാടിയിലെ കുറ്റിപ്പാലം നുറുക്കുപറമ്പില്‍ കാസ്മിന്റെ മകന്‍ ജാബിര്‍ (22) എന്നിവരാണ് മരിച്ചത്. കാര്യാട് കല്ലിങ്ങലില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തം അണയ്ക്കാന്‍ പോവുകയായിരുന്ന അഗ്നിശമനസേനാ സംഘത്തിന്റെ വാഹനമാണ് ചിറമംഗലത്ത് അപകടത്തില്‍പ്പെട്ടത്. 

പിതാവ് മരിച്ച് 14-ാം നാളാണ് ലത്തീഫിന്റെ മരണം. തിങ്കളാഴ്ച 12.45 ഓടെ മക്കരപ്പറമ്പ് ഹൈസ്കൂള്‍പടിക്കടുത്താണ് അപകടം. മലപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്നു ലത്തീഫ്. മല്‍സ്യം കയറ്റിയ ലോറി, മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിനെ കൊളുത്തിവലിച്ചു മുന്നോട്ടു പോവുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലത്തീഫിനെ ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബില്‍ഡിങ് കോണ്‍ട്രാക്ടറായിരുന്നു. ഭാര്യ: അനീഷ. മകള്‍: ബിന്‍സ ഫര്‍വിന്‍. ഉമ്മ: ബീവി; സഹോദരി: ഇര്‍ഫാന.

പുത്തൂര്‍-ചെനയ്ക്കല്‍ ബൈപാസിലെ കാവതികളം ജംക്ഷനില്‍ അപകടമുണ്ടായത് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ്. ഒതുക്കുങ്ങല്‍ ചെറുകുന്ന് മഞ്ഞക്കണ്ടന്‍ അബ്ദുല്ലയുടെ മകന്‍ ജുനൈദ്(21), ക്ളാരി മൂച്ചിക്കല്‍ പരുത്തിക്കുന്നന്‍ മുഹമ്മദ്ഷാഫിയുടെ മകന്‍ മഹ്ഫൂസ്(21), കച്ചവടക്കാരനായ കാവതികളം വാക്കിപ്പറമ്പില്‍ അബ്ദുല്‍ ഗഫൂര്‍(31) എന്നിവര്‍ക്ക് പരുക്കേറ്റു. ഗഫൂറിന്റെ ഉന്തുവണ്ടി അപകടത്തില്‍ തകര്‍ന്നു. പ്രജീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയ്ക്കലിലെ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. മാതാവ്: അനിത; സഹോദരന്‍: പ്രിന്‍സ്.

പരപ്പനങ്ങാടിയില്‍നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിച്ച് യാത്രക്കാര്‍ റോഡില്‍ തെറിച്ചുവീണാണ് ചിറമംഗലത്ത് തിങ്കളാഴ്ച മൂന്നോടെ അപകടമുണ്ടായത്. തെറിച്ചു വീണ ജാബിറിന്റെ ദേഹത്ത് എതിരെ വന്ന അഗ്നിശമനസേനാ വാഹനം കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ജാബിര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പരുക്കേറ്റ കോട്ടത്തറ മിന്‍ഹാസ്(20), ഇല്ലത്തുപറമ്പ് റിയാസ്(19), ജംഷീര്‍(21) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.