മലപ്പുറം: വിമത അംഗങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയതോടെ മുസ്ലിംലീഗിന് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായി.
സി.പി.എമ്മിനൊപ്പം ചേര്‍ന്ന് മുസ്ലിംലീഗിലെ നാലംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും നല്‍കിയ അവിശ്വാസപ്രമേയത്തിലാണ് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷാഹിന (മുസ്ലിംലീഗ്), വൈസ് പ്രസിഡന്‍റ് കെ.പി. ദേവദാസ് (കോണ്‍ഗ്രസ്) എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായത്. മാര്‍ച്ച് 18നാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ലീഗിലെ അച്ചടക്കനടപടി നേരിടുന്ന അംഗങ്ങളും കോണ്‍ഗ്രസംഗവും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് നേതൃത്വം യു.ഡി.എഫ് മെമ്പര്‍മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, നേതൃത്വത്തിന്‍െറ തീരുമാനം ലംഘിച്ചാണ് ചൊവ്വാഴ്ച നടന്ന അവിശ്വാസപ്രമേയത്തില്‍ വിമതവിഭാഗം മെമ്പര്‍മാര്‍ വോട്ട് ചെയ്തത്.
ആകെ 18 അംഗങ്ങളാണ് ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലുള്ളത്. ഇതില്‍ ലീഗിന് ഒമ്പതും കോണ്‍ഗ്രസിന് മൂന്നും എല്‍.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ഒരംഗവുമാണുള്ളത്. എല്‍.ഡി.എഫിലെ അണ്ടിതൊടി രവീന്ദ്രന്‍, പി. സുന്ദരി, പി. വസന്ത, എം.ബി. ഗിരിജ, കെ. ഹബീബ് എന്നിവരോടൊപ്പം മുസ്ലിംലീഗിലെ പി. നൗഷാദലി, കെ.കെ. സുഹ്റ, ജമീല ഹുസൈന്‍, ഡില്‍ജ എന്നീ നാല് അംഗങ്ങളും കോണ്‍ഗ്രസിലെ രഘുനാഥുമാണ് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരായി വോട്ട് ചെയ്തത്. ബി.ജെ.പി വിട്ടുനിന്നു.
രാവിലെ നടന്ന വോട്ടെടുപ്പില്‍ പ്രസിഡന്‍റും ഉച്ചക്കുശേഷം വൈസ് പ്രസിഡന്‍റും പുറത്താവുകയായിരുന്നു. കൊണ്ടോട്ടി ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍ കെ. അബ്ദുല്‍ മജീദാണ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. പടക്കംപൊട്ടിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും വിമതവിഭാഗവും എല്‍.ഡി.എഫും ആഹ്ളാദം പ്രകടിപ്പിച്ചു. വന്‍ പൊലീസ് സന്നാഹമാണ് പഞ്ചായത്തില്‍ ഒരുക്കിയത്.



No comments:
Post a Comment