Latest News

  

കേരളകൗമുദി സബ് എഡിറ്റർ കൃഷ്ണകുമാറും പിതാവും വീട്ടിൽ ഷോക്കേറ്റ് മരിച്ചു

കൊട്ടാരക്കര: വീട്ടുമുറ്റത്തെ അയയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വെണ്ടാര്‍ കിഴക്കന്‍ മാലൂര്‍ കാമ്പിലഴികത്ത് മേലതില്‍ റിട്ട. അധ്യാപകന്‍ വെണ്ടാര്‍ ചന്ദ്രശേഖരന്‍ പിള്ളയും(69) മകന്‍ കേരളകൗമുദി കോട്ടയം യൂണിറ്റിലെ സബ് എഡിറ്റര്‍ സി.കൃഷ്ണകുമാറും(35) മരിച്ചു.

കഴിഞ്ഞദിവസം രാവിലെ പത്തരയോടെയാണ് ഇരുവരെയും വൈദ്യുതാഘാതമേറ്റനിലയില്‍ വീട്ടുമുറ്റത്ത് കണ്ടത്. രക്ഷിക്കാനെത്തിയ അയല്‍വാസി കൃഷ്ണകൃപയില്‍ വിജയലക്ഷ്മി (44)ക്കും വൈദ്യുതാഘാതമേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ചന്ദ്രശേഖരന്‍ പിള്ളയും കൃഷ്ണകുമാറും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അയയായി കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് കരുതുന്നു. സ്വിച്ചില്‍നിന്ന് മോട്ടോറിലേക്കുള്ള വൈദ്യുത വയറിന് സമീപമാണ് അയ കെട്ടിയിരുന്നത്. അലക്കിയ തുണി വിരിക്കാനായി അയയില്‍ പിടിക്കവെ വൈദ്യുതാഘാതമേറ്റ കൃഷ്ണകുമാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചന്ദ്രശേഖരന്‍ പിള്ളയും അപകടത്തില്‍ പെടുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. 

വൈദ്യുതാഘാതമേറ്റ് ഏറെനേരം ഇവര്‍ കിടന്നിട്ടുണ്ടാകാമെന്നും പോലീസ് പറയുന്നു. കുടിവെള്ള ടാങ്ക് ഏറെനേരമായി നിറഞ്ഞൊഴുകുന്നതുകണ്ട സമീപവാസിയായ അനിതകുമാരിയാണ് ഇരുവരും മുറ്റത്ത് വീണുകിടക്കുന്നത് കണ്ടത്. ഇവരുടെ നിലവിളികേട്ടെത്തിയ വിജയലക്ഷ്മിയും അയയില്‍ തട്ടി വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാര്‍ ചന്ദ്രശേഖരന്‍ പിള്ളയെ കൊട്ടാരക്കര താലൂക്ക് ആസ്​പത്രിയിലും കൃഷ്ണകുമാറിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആസ്​പത്രിയിലും എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.

പെരുങ്കുളം പി.വി.എച്ച്.എസ്സിലെ റിട്ട.അധ്യാപകനായ ചന്ദ്രശേഖരന്‍ പിള്ള വെണ്ടാറിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവായിരുന്നു. മൂന്നുതവണ എന്‍.എസ്.എസ്. പ്രതിനിധിസഭാംഗവും ജി.എസ്.ടി.യു. ജില്ലാ മുന്‍ സെക്രട്ടറിയുമാണ്. കൃഷ്ണകുമാര്‍ മംഗളം, മാധ്യമം എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ താലൂക്ക് ആസ്​പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

കൃഷ്ണകുമാറിന്റെ അമ്മ: ലളിതാഭായി അമ്മ. ഭാര്യ: ജയലക്ഷ്മി (അധ്യാപിക, അമൃത വിദ്യാലയം, താനൂര്‍ മലപ്പുറം), മകള്‍: ഒരുവയസ്സുള്ള അമൃതവര്‍ഷിണി. നിയമവിദ്യാര്‍ഥിയും പൊങ്ങന്‍പാറ വാര്‍ഡ് അംഗവുമായ വെണ്ടാര്‍ രാജേഷ്, അമേരിക്കയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ശാസ്ത്രജ്ഞയായ ഡോ. ഇന്ദുലേഖ എന്നിവരാണ് ചന്ദ്രശേഖരന്‍ പിള്ളയുടെ മറ്റ് മക്കള്‍. മരുമക്കള്‍: ഗായത്രി (ലക്ചറര്‍, രാഷ്ട്രീയ സംസ്‌കൃത സന്‍സ്ഥാന്‍, പുറനാട്ടുകര, തൃശ്ശൂര്‍), വിമല്‍കുമാര്‍ (ക്രിയേറ്റീവ് മേധാവി, അനിമേഷന്‍ കമ്പനി, യു.എസ്.എ.). ശവസംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.