Latest News

ലീഗിന് ആരും പെരുമാറ്റസംഹിത നല്‍കേണ്ടെന്ന് ഇ. അഹമ്മദ്

കോഴിക്കോട്: ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ലീഗിന് ആരും പെരുമാറ്റസംഹിത നല്‍കേണ്ടതില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി തീരുമാനങ്ങള്‍ കൈക്കൊള്ളാനും നിലപാടുകള്‍ സ്വീകരിക്കാനും ലീഗിന് മറ്റാരുടെയും ഉപദേശം ആവശ്യമില്ലെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ്. യൂത്ത്ലീഗ് പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂ ജനറേഷന്‍ ആര്‍ക്കൊപ്പം നില്‍ക്കും, ലീഗിനെ കൈവിടുമോ തുടങ്ങിയ പ്രചാരണങ്ങളുമായി വോട്ടെണ്ണല്‍ വരെ പെരുമ്പറയടിച്ചു നടന്നവര്‍ക്കുള്ള മറുപടിയാണു മലപ്പുറം നിയോജക മണ്ഡലത്തില്‍ ലീഗ് നേടിയ ചരിത്ര വിജയം. 1952 മുതല്‍ 2004 വരെ ലോക്സഭയില്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിച്ച പാരമ്പര്യവും പരിചയ സമ്പത്തും ലീഗിനുണ്ട്. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പു മുതല്‍ ഇന്നു വരെ ഒരേ പേരിനും ഹരിത പതാകയ്ക്കും കീഴില്‍ അണിനിരന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന് അവകാശപ്പെടാന്‍ ഇന്ത്യയില്‍ മറ്റേതു പ്രസ്ഥാനത്തിനു കഴിയും.

നരേന്ദ്ര മോദി വന്നാല്‍ എന്തു ചെയ്യണമെന്നു ലീഗിന് ആരും പറഞ്ഞു തരേണ്ട. രാജ്യത്തെ വിഭജിക്കാന്‍ ലീഗ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയെ മുറുകെപ്പിടിച്ചു കൊണ്ടു തന്നെ ന്യൂനപക്ഷ ധ്വംസനങ്ങളെ എതിര്‍ക്കും. 543 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ 20 അംഗങ്ങള്‍ മാത്രമാണുള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണം- അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി അധ്യക്ഷനായിരുന്നു. ഐഡിയല്‍ യൂത്ത് കോര്‍ മാതൃകാപദ്ധതികളുടെ പ്രഖ്യാപനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് നിര്‍വഹിച്ചു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, കെ.എം. ഷാജി എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന പി.എം. ഹനീഫ് അനുസ്മരണ സമ്മേളനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി എം.കെ. മുനീര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, ടി.എ. അഹമ്മദ് കബീര്‍, കെ.എം.ഷാജി, എന്‍. ഷംസുദീന്‍ എന്നിവരും പി.കെ.കെ. ബാവയും പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.