Latest News

രേഖകളില്ലാതെ കുട്ടികളെ അനാഥാലയത്തിലേക്ക് കൊണ്ടുപോകുന്നത് പോലീസ് തടഞ്ഞു

പാലക്കാട്: ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്ന് മതിയായ രേഖകളോ സുരക്ഷയോ ഇല്ലാതെ കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് പോലീസ് തടഞ്ഞു. പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ പറ്റ്‌ന-എറണാകുളം എക്‌സ്പ്രസ്സിലെത്തിയ 466 കുട്ടികളെയും ഒപ്പമുള്ളവരെയും പോലീസ് പരിശോധിച്ചു. വിശദ പരിശോധനയ്ക്കുശേഷം തിരിച്ചറിയല്‍ക്കാര്‍ഡില്ലാത്ത 274 കുട്ടികളെ മുട്ടിക്കുളങ്ങര ബാലമന്ദിരത്തിലേക്കയച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

കോഴിക്കോട് മുക്കത്തുള്ള മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി നടത്തുന്ന അനാഥമന്ദിരങ്ങളിലേക്കും മദ്രസയിലേക്കുമുള്ള കുട്ടികളാണ് പാലക്കാട്ടെത്തിയത്. റെയില്‍വേസ്റ്റേഷനില്‍നിന്ന് സ്‌കൂള്‍ബസ്സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. മൂന്ന് കമ്പാര്‍ട്ട്‌മെന്റിലായി വേണ്ടത്ര സുരക്ഷിതത്വമില്ലാതെ കുട്ടികള്‍ യാത്രചെയ്യുന്നതുകണ്ട ചിലര്‍ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് പോലീസിനെ വിവരമറിയിക്കയായിരുന്നു.

7നും 13നും ഇടയില്‍ പ്രായമുള്ള 230 പെണ്‍കുട്ടികളും 226 ആണ്‍കുട്ടികളും അഞ്ചുവയസ്സില്‍ത്താഴെയുള്ള പത്ത് കുഞ്ഞുങ്ങളുമടക്കം ആകെ 466 കുട്ടികളാണ് ട്രെയിനിലെത്തിയത്. ബിഹാറിലെയും ജാര്‍ഖണ്ഡിലെയും മദ്രസകളിലെ അധ്യാപകരാണെന്ന് പരിചയപ്പെടുത്തിയ മൂന്നുപേരും മറ്റ് 15ഓളം പേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മുക്കത്തെ അനാഥാലയങ്ങളില്‍ വിവിധ തൊഴിലെടുക്കുന്നവരാണ് തങ്ങളെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

466 കുട്ടികളില്‍ 110ഓളം കുട്ടികള്‍ക്ക് ടിക്കറ്റെടുത്തിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. കുറച്ചുപേര്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റും മറ്റുള്ളവര്‍ക്ക് ആര്‍.എ.സി. ടിക്കറ്റുമെടുത്തായിരുന്നു യാത്ര. വേനലവധിക്കാലത്ത് നാട്ടില്‍പ്പോയി തിരിച്ചുവരികയാണെന്നാണ് കുട്ടികളും കൂടെയുള്ളവരും പറഞ്ഞത്. രക്ഷിതാക്കളുടെയോ ഭരണാധികാരികളുടെയോ അനുമതിപത്രമില്ലാതെയാണ് കുട്ടികളെ കൊണ്ടുവന്നത്.
ബിഹാറിലെ ഭഗല്‍പ്പൂരില്‍നിന്ന് ജാര്‍ഖണ്ഡിലെ കൊയില്‍ റെയില്‍വേസ്റ്റേഷനിലേക്കും അവിടെനിന്ന് പാലക്കാട്ടേക്കുമാണ് ടിക്കറ്റെടുത്തിട്ടുള്ളത്.

കളക്ടര്‍ കെ. രാമചന്ദ്രന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും െചെല്‍ഡ്‌ലൈന്‍ ഡയറക്ടറുമായ ഫാ. ഡോ.ജോസ്‌പോള്‍ എന്നിവര്‍ സ്ഥലത്തെത്തി. ശിശുനീതി നിയമമനുസരിച്ച് കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് തെറ്റാണെന്ന് കളക്ടര്‍ പറഞ്ഞു. രേഖകളില്ലാതെയും സുരക്ഷിതത്വമില്ലാതെയും കുട്ടികളെ കടത്തിക്കൊണ്ടുവന്നതിന് മുക്കത്തെ സ്ഥാപനത്തിനെതിരെ കേസെടുക്കുമെന്ന് ഫാ.ജോസ്‌പോള്‍ പറഞ്ഞു. മുട്ടിക്കുളങ്ങര ബാലമന്ദിരത്തില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ കുട്ടികളെ സമീപത്തുള്ള ജ്യോതിനിലയം സ്‌കൂളിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.സതീശന്‍, പാലക്കാട് ഡിവൈ.എസ്.പി. പി.ഡി. ശശി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്‍. മൃത്യുഞ്ജയന്‍ തുടങ്ങിയവര്‍ നടപടിക്ക് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.