Latest News

മമ്പറത്ത് സി.പി.എം.-ആര്‍.എസ്.എസ്. സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്‌

തലശ്ശേരി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനം മമ്പറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. സി.പി.എം.-ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെ ആറുപേര്‍ വിവിധ ആസ്​പത്രികളില്‍ ചികിത്സയിലാണ്. 

ആര്‍.എസ്.എസ്. പാച്ചപ്പൊയ്ക മണ്ഡലം കാര്യവാഹക് ഷിജിന്‍ പാനുണ്ട, ബി.ജെ.പി. പ്രവര്‍ത്തകന്‍ ശങ്കരനെല്ലൂരിലെ സജിന്‍ (20) എന്നിവരെ തലശ്ശേരി ജനറല്‍ ആസ്​പത്രിയിലും സി.പി.എം. പിണറായി ഏരിയാകമ്മിറ്റി അംഗവും മമ്പറം ലോക്കല്‍ സെക്രട്ടറിയുമായ സി.ചന്ദ്രന്‍ (53), ലോക്കല്‍ കമ്മിറ്റിയംഗം പ്രകാശന്‍ (54), സി.പി.എം. പ്രവര്‍ത്തകരായ കോട്ടത്തെ ഓട്ടോഡ്രൈവര്‍ സുനി (41), ഓടക്കാട് സ്വദേശി സജേഷ് (31) എന്നിവരെ തലശ്ശേരി സഹകരണ ആസ്​പത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

നാല് വാഹനങ്ങളിലായി സി.പി.എം. പ്രവര്‍ത്തകര്‍ മമ്പറത്ത് ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ ബി.ജെ.പി.യുടെ വാഹനവും പ്രകടനവുമായെത്തി. തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു. സംഘര്‍ഷ വാര്‍ത്തയറിഞ്ഞ് കൂടുതല്‍ ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ മമ്പറത്തെത്തിച്ചേര്‍ന്നതോടെ രംഗം വഷളായി. പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ കല്ലേറ് നടന്നു. കല്ലേറിലാണ് പലര്‍ക്കും പരിക്കേറ്റത്. സംഘര്‍ഷാവസ്ഥ ഒരുമണിക്കൂറോളം നീണ്ടു. 

ഇതിനിടയില്‍ തലശ്ശേരി എ.എസ്.പി. ടി.നാരായണന്റെ നേതൃത്വത്തിലെത്തിയ പോലീസ് ലാത്തിവീശി. അക്രമത്തെത്തുടര്‍ന്ന് മമ്പറത്ത് കടകള്‍ അടച്ചു. ഇതുവഴിയുള്ള വാഹനഗതാഗതവും തടസ്സപ്പെട്ടു. മമ്പറം കള്ളുഷാപ്പ് പരിസരത്തെ കോണ്‍ഗ്രസ്സിന്റെ പ്രചാരണബോര്‍ഡുകളും കൊടിതോരണങ്ങളും സി.പി.എം. പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും കൊടിതോരണങ്ങളും തീയിട്ടുനശിപ്പിച്ചതായി ബി.ജെ.പി. ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.