Latest News

പോലീസിനെ തടഞ്ഞുവച്ച് സിപിഎം ഓഫീസ് അടിച്ചുതകര്‍ത്തു

കൂത്തുപറമ്പ്: വാളുകളും ബോംബുകളുമായെത്തിയ അറുപതോളം വരുന്ന സംഘം പോലീസിനെ തടഞ്ഞ് വച്ച് സിപിഎം ബ്രാഞ്ച് ഓഫീസ് അടിച്ചുതകര്‍ത്തു. പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം.

സിപിഎം നിയന്ത്രണത്തിലുള്ള എകെജി സ്മാരക സാംസ്‌കാരികകേന്ദ്രം വെള്ളിയാഴ്ച രാത്രി എട്ടോടെ ഒരുസംഘമാളുകള്‍ അടിച്ചുതകര്‍ത്തിരുന്നു. ഇവിടെയുണ്ടായിരുന്ന കംപ്യൂട്ടര്‍, ടിവി എന്നിവ എടുത്തുകൊണ്ടുപോവുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമത്തെ തുടര്‍ന്ന് കണ്ണവം അഡീഷണല്‍ എസ്‌ഐ എം.പി. ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ ചെറുവാഞ്ചേരിയില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ പുലര്‍ച്ചെ 1.30 ഓടെ വാളുകളും ബോംബുകളുമായെത്തിയ 60 ഓളം ആളുകള്‍ പോലീസിനെ ഭീഷണിപ്പെടുത്തി തടഞ്ഞുവച്ച് എകെജി സ്മാരക സാംസ്‌കാരികകേന്ദ്രത്തിനു സമീപത്തെ സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസ് തകര്‍ക്കുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കെ ബ്രാഞ്ച് ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം കസേരകളും മേശകളും നശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് തലശേരി എഎസ്പി പി. നാരായണന്‍, കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി സമീപപ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. പോലീസിനെ തടഞ്ഞുവച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 60 ഓളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അക്രമത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.