Latest News

കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം: ബാലാവകാശ കമ്മീഷന്‍ കേസടുത്തു, മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്: ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്ന് മതിയായ രേഖകളില്ലാതെ കോഴിക്കോട്ടെ മുക്കത്തെ അനാഥാലയത്തിലേക്ക് കൊണ്ടുവന്ന 466 കുട്ടികളെ വിവിധ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടികളെ കൊണ്ടുവന്ന മൂന്നുപേരെ റെയില്‍വേപോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രണ്ടോടെ പറ്റ്‌ന-എറണാകുളം എക്‌സ്​പ്രസ്സില്‍ പാലക്കാട് ജങ്ഷനില്‍ വന്നിറങ്ങിയ കുട്ടികളെ അധികൃതര്‍ വിശദ പരിശോധനയ്ക്കുശേഷമാണ് സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മുക്കത്തെ മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി നടത്തുന്ന മദ്രസയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നത്. ഉസ്താദ്മാരെന്ന് പരിചയപ്പെടുത്തിയ മൂന്നുപേരും മദ്രസയില്‍ വിവിധ പണികള്‍ക്കെത്തിയ 15 ഓളം പേരും സംഘത്തിലുണ്ടായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പോലീസും റെയില്‍വേ സുരക്ഷാസേനയും നടത്തിയ പരിശോധനയില്‍ കുട്ടികളെ കൊണ്ടുവന്നത് മതിയായ രേഖകളില്ലാതെയാണെന്ന് തെളിഞ്ഞിരുന്നു.

മുക്കത്തെ മദ്രസയുടെ തിരിച്ചറിയല്‍കാര്‍ഡുള്ള 156 പേരെ കോഴിക്കോട്ടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്പിക്കാന്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കളക്ടര്‍ കെ. രാമചന്ദ്രന്‍, പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ. ജോസ്‌പോള്‍ എന്നിവരും പോലീസ്, മെഡിക്കല്‍ സംഘവും കുട്ടികള്‍ക്കൊപ്പം കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ബാബു നരിക്കുനി മുട്ടിക്കുളങ്ങരയിലെത്തി കുട്ടികളെ കണ്ടശേഷമാണ് കോഴിക്കോട്ടേക്ക് അയച്ചത്. ആവശ്യമായ കുട്ടികള്‍ക്ക് മെഡിക്കല്‍ പരിശോധനയും നടത്തി.

രേഖകളില്ലാതെ എത്തിയവരില്‍ 164 പെണ്‍കുട്ടികളെ മലമ്പുഴയിലെ പ്രോവിഡന്‍സ് ഹോമിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ സഹോദരങ്ങളായ 11 കുഞ്ഞുങ്ങളെയും ഒപ്പം വിട്ടിട്ടുണ്ട്. 124 ആണ്‍കുട്ടികളെ പേഴുങ്കരയിലെ പാലക്കാട് ഓര്‍ഫനേജിലാണ് തത്ക്കാലം പാര്‍പ്പിച്ചിട്ടുള്ളത്.

തിങ്കളാഴ്ച പ്രത്യേക മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികളെ പരിശോധിക്കാന്‍ ഡി.എം.ഒ.യ്ക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു. ഇത്രയും കുട്ടികളെ കൂട്ടത്തോടെ കൊണ്ടുവരാനിടയായ സാഹചര്യം അന്വേഷിച്ചശേഷമേ തുടര്‍നടപടികളുണ്ടാകൂ. 

ഇതിനിടെ ബിഹാറില്‍നിന്നും ജാര്‍ഖണ്ഡില്‍നിന്നും രേഖകളില്ലാതെ കുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസില്‍ മൂന്നുപേരെ റെയില്‍വേപോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ അബ്ദുള്‍ഹാരി അന്‍സാരി, മൗലാന ഫജൗളുള്ള, ജാര്‍ഖണ്ഡ് സ്വദേശി ആലംഗീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉസ്താദ് എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. അവധിക്കാലത്ത് നാട്ടില്‍നിന്ന് പുതിയ കുട്ടികളെ കേരളത്തിലെ മദ്രസയിലേക്ക് കൊണ്ടുവരുന്നത് ഇവരാണെന്നാണ് പോലീസിന് ലഭിച്ച വിവരം. മണ്ണാര്‍ക്കാട് സ്വദേശി സുഹൈല്‍ എത്തി ഇവരെ പിന്നീട് ജാമ്യത്തിലെടുത്തു. മണ്ണാര്‍ക്കാട് സ്വദേശിയാണ് കുട്ടികളെ എത്തിക്കുന്നതിനുള്ള പണം നല്‍കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.