Latest News

കാസര്‍കോട്ടെ കള്ളവോട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് ടി. സിദ്ദിഖ്‌

അബുദാബി: കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സി.പി.എം. ജയിച്ചത് കള്ളവോട്ടുകള്‍ ചെയ്തതുകൊണ്ടാണെന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് ആരോപിച്ചു. കാസര്‍കോട് കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയത് സംബന്ധിച്ച് കോടതിയെ സമീപിക്കും. രണ്ടായിരത്തില്‍ പരം കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയതിന്റെ തെളിവായി വീഡിയോ ദൃശ്യങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ടി. സിദ്ദിഖ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വ്യാപകമായ തോതിലാണ് കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയത്. കല്യാശേരി, തൃക്കരിപ്പൂര്‍ അസംബ്ലി മണ്ഡലങ്ങളില്‍ പല ബൂത്തുകളിലും സി.പി.എം. മറ്റ് പാര്‍ട്ടിക്കാരെ ബൂത്തിലിരിക്കാന്‍ പോലും അനുവദിച്ചില്ല. പലയിടങ്ങളിലും ഗള്‍ഫിലുള്ളവരുടെ പേരില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യപ്പെട്ടു. ഇതിനെതിരെ ജൂണ്‍ 16-ന് ശേഷം തെളിവുകള്‍ സഹിതം ഹൈക്കോടതിയിലും കീഴ്‌കോടതികളിലും കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് സിദ്ദിഖ് വിശദീകരിച്ചു.

പ്രത്യയശാസ്ത്രത്തില്‍ നിന്ന് വര്‍ഗീയതയിലേക്ക് സി.പി.എം. പ്രവര്‍ത്തകര്‍ ഒഴുകുകയാണെന്നും പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എം. വോട്ടുകള്‍ ബി.ജെ.പി.ക്ക് മറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് മെഷീനുകള്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ചാല്‍ മാത്രമേ, കള്ളവോട്ടുകള്‍ കൃത്യമായി തടയാന്‍ കഴിയുകയുള്ളൂ. വിരലടയാളം അടിസ്ഥാനമാക്കി ബയോമെട്രിക് ഇലക്ട്രോണിക്‌സ് വോട്ടിങ് യന്ത്രം സ്ഥാപിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കണം. ഒരു ബൂത്തില്‍ ശരാശരി 25 ഓപ്പണ്‍ വോട്ടിനാണ് സാധ്യതകളുള്ളത്. പക്ഷെ, 200ല്-ലധികം ഓപ്പണ്‍ വോട്ടുകള്‍ ആണ് പല പാര്‍ട്ടി ഗ്രാമങ്ങളിലേയും ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടിട്ടുള്ളത്-സിദ്ദിഖ് പറഞ്ഞു. 

അബുദാബിയിലെ കെ.എം.സി.സി. നേതാവ് യു. അബ്ദുള്ള ഫാറൂഖി, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് അബ്ദുള്‍ കരീം തുടങ്ങിയവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി.യുടെ ക്ഷണം സ്വീകരിച്ചാണ് ടി. സിദ്ദിഖ് അബുദാബിയിലെത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.