Latest News

അഞ്ജനയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മുണ്ടക്കയം: കഴിഞ്ഞ ദിവസം വരെ ഓടിക്കളിച്ചിരുന്ന മുറ്റത്ത് അഞ്ജന എന്ന നാലുവയസ്സുകാരി വീണ്ടുമെത്തി. ചേതനയറ്റ ആ കുഞ്ഞു ശരീരം കിടത്തിയ പന്തലില്‍നിന്ന് അഞ്ചടി മാത്രം അകലെ അവളുടെ ജീവനെടുത്ത ആ മണ്ണുമാന്തി യന്ത്രം അപ്പോഴും അനക്കമറ്റു കിടന്നു. നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്കു മറിഞ്ഞ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയില്‍ കുടുങ്ങി മരിച്ച അഞ്ജനയ്ക്കു യാത്രാമൊഴിയേകാന്‍ നാടു മുഴുവന്‍ എത്തി. 

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പത്തരയോടെയാണ് അഞ്ജനയുടെ ചേതനയറ്റ ശരീരം കോസടി സ്കൂള്‍ കവലയിലെ പ്ളാക്കല്‍ തെക്കേതില്‍ വീട്ടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിലെത്തിച്ചത്. 

അഞ്ജനയോടൊപ്പം മണ്ണുമാന്തിയന്ത്രത്തിന്റെ അടിയില്‍ കുടുങ്ങി പരുക്കേറ്റ ഇളയ കുട്ടി അനുപമയ്ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മാതാപിതാക്കളായ അരുണ്‍ രാജനും രാജിയും. അടുത്ത ബന്ധുവിനെ കുഞ്ഞിന്റെ സംരക്ഷണ ചുമതലയേല്‍പിച്ച ശേഷം ഇവരും പന്ത്രണ്ടു മണിയോടെ കോസടിയിലെ വീട്ടിലെത്തി. മുറ്റത്ത് ഉയര്‍ത്തിയ പന്തലില്‍ കുഞ്ഞ് ജീവനറ്റു കിടക്കുന്നതു കാണാനാവാതെ രാജി അലമുറയിട്ടു. മക്കള്‍ ദുരന്തത്തിനിരയാകുന്നതു കാണേണ്ടി വന്ന പെറ്റമ്മയുടെ ദുഃഖം കണ്ടുനിന്നവര്‍ക്കും സഹിക്കാനായില്ല. 

ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. കൊട്ടാരംകട കോസടി റോഡില്‍ സ്കൂള്‍ കവലയിലെ കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട മണ്ണുമാന്തിയന്ത്രം സഹോദരിമാര്‍ കളിച്ചുകൊണ്ടിരുന്ന വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു. അഞ്ജനയും അനുപമയും മറിഞ്ഞ മണ്ണുമന്തിയന്ത്രത്തിനടിയില്‍ കുടുങ്ങി. യന്ത്രത്തിന്റെ ബക്കറ്റിനുള്ളില്‍ (മണ്ണുകോരി) കുടുങ്ങിയതിനാല്‍ ഇളയസഹോദരി അനുപമയെ വലിയ പരുക്കേല്‍ക്കാതെ രക്ഷിക്കാനായി. അതേ സമയം ബക്കറ്റിന്റെ പിന്നിലെ കാഠിന്യമേറിയ ഭാഗം വയറ്റില്‍ പതിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജനയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 

ആന്റോ ആന്റണി എംപി, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ അനിത ഷാജി, വിജയമ്മ ബാബു, ബെന്നി ചേറ്റുകുഴി, സിനിമോള്‍ തടത്തില്‍, ബിന്ദു ബിജു, സന്ധ്യ വിനോദ്, ലൈസാമ്മ ജോര്‍ജ്, തോമസ് മാണി, സി.സി. തോമസ്, പി.കെ. സജീവന്‍, ബ്ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുഞ്ചാക്കോ കുറ്റിക്കാട്ട്, ഫാ. ജില്‍സ് കുന്നത്തുപുരയിടം, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് എം.എസ്. ജയപ്രകാശ് എന്നിവരടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ കോസടിയിലെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.