Latest News

യുവാക്കള്‍ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം മൂന്ന് ദിവസത്തെ ശ്രമഫലമായി പുറത്തെടുത്തു

നെടുമ്പാശ്ശേരി: തമിഴ്‌നാട് സ്വദേശികളായ നാല് യുവാക്കള്‍ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം മൂന്ന് ദിവസത്തെ ശ്രമഫലമായി പുറത്തെടുത്തു. മൊത്തം 1092ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് 30.08 ലക്ഷം രൂപ വിലവരും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മലിന്‍ഡോ എയര്‍ വിമാനത്തില്‍ കോലാലംപൂരില്‍ നിന്ന് എത്തിയ നാല്യാത്രക്കാരാണ് സ്വര്‍ണം വിഴുങ്ങി കടത്തിക്കൊണ്ടുവന്നതിന് പിടിയിലായത്. പിടിയിലായവരില്‍ മൂന്നുപേര്‍ രാമനാഥപുരം സ്വദേശികളും ഒരാള്‍ ശിവഗംഗ സ്വദേശിയുമാണ്. വിമാനത്താവളത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയിലാണ് ഇവര്‍ സ്വര്‍ണം വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഓവര്‍കോട്ടിന്റെ ബട്ടണ്‍രൂപത്തിലാക്കിയാണ് സ്വര്‍ണം വിഴുങ്ങിയത്.

മൂന്ന് ദിവസമായി ഇവരെ കസ്റ്റംസിന്റെ പ്രത്യേക നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പഴവും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ നല്‍കി മലവിസര്‍ജ്ജനം നടത്തിച്ചാണ് മൂന്ന് ദിവസം കൊണ്ട് സ്വര്‍ണം പുറത്തെടുത്തത്. മൊത്തം 43 സ്വര്‍ണബട്ടണുകള്‍ ഉണ്ടായിരുന്നു. ഓരോ ബട്ടണും ഏകദേശം 25 ഗ്രാം വീതമുണ്ട്. രണ്ടുപേര്‍ 10 ബട്ടണുകള്‍ വീതമാണ് വിഴുങ്ങിയത്. ഒരാള്‍ 12ഉം മറ്റൊരാള്‍ 11ഉം ബട്ടണുകള്‍ വിഴുങ്ങിയിരുന്നു. സ്വര്‍ണം പുറത്തുവന്നതോടെ വിഴുങ്ങിയവര്‍ക്കും കസ്റ്റംസിനും ആശ്വാസമായി. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹകരാണ് പിടിയിലായ നാലുപേരും. കൊച്ചിയില്‍ വിമാനമിറങ്ങിയശേഷം തുടര്‍ന്ന് റോഡ് മാര്‍ഗം തമിഴ്‌നാട്ടിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്. നവാസ്, അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയ്കുമാര്‍, സൂപ്രണ്ടുമാരായ കോശി അലക്‌സ്, എം.ആര്‍. രാമചന്ദ്രന്‍, എല്‍. ശ്രീലത, കെ.കെ. സോമസുന്ദരന്‍, എന്‍.ജി. ജയ്‌സണ്‍, ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ് ബക്കാഡിയ, സത്പാല്‍ മീന, സക്കീര്‍അലി, ആദര്‍ശ് ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.