Latest News

കരിം ബെന്‍സമയുടെ ഇരട്ടഗോളിന്റെ മികവില്‍ ഫ്രാന്‍സ് ജയത്തോടെ തുടങ്ങി

പോര്‍ട്ടൊ അലെഗ്രെ: ഹോണ്ടുറാസിന്റെ കാടന്‍ കളിയെ കരീം ബെന്‍സെമയുടെ സ്‌കോറിങ് മികവ് കൊണ്ട് മറികടന്ന മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പില്‍ ജയത്തോടെ തന്നെ തുടങ്ങി. ഗ്രൂപ്പ് ഇയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് അവര്‍ കളി മറന്ന് കൈയാങ്കളി അവലംബിച്ച ഹോണ്ടുറാസിനെ തോല്‍പിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ടീമിലിടം നേടാന്‍ കഴിയാതിരുന്ന ബെന്‍സെമ രണ്ടു ഗോള്‍ നേടി. മൂന്നാമത്തെ ഗോളിന്റെ ശില്‍പിയും ബെന്‍സെമയാണെങ്കിലും അത് ഗോളി വാല്‍ഡെരസിന്റെ സെല്‍ഫ് ഗോളാണെന്ന് റഫറി വിധിച്ചു.

ഫിസിക്കല്‍ ഗെയിം അവലംബിക്കുന്ന ഹോണ്ടുറാസിനെതിരെ കരുതലോടെ തനി സാധാരണക്കാരായാണ് ഫ്രാന്‍സ് തുടങ്ങിയതെങ്കിലും ക്രമേണ തളം കണ്ടെത്തി കളി അടക്കിവാഴുകയായിരുന്നു. മികച്ച ഒത്തിണക്കവും വേഗവും കൈമുതലായ ഫ്രാന്‍സിന് മുന്നില്‍ ഒരു എതിരാളിയേ ആയിരുന്നില്ല ഹോണ്ടുറാസ്.

ഒന്നാന്തരമായി താളം കണ്ടെത്തിയ കബായെ, വല്‍ബ്യൂന, മറ്റിയൂഡി, പോഗ് ബ എന്നിവരും ആക്രമണത്തിന്റെ അറ്റത്ത് ബെന്‍സെമയുമായി ഫ്രാന്‍സ് ഹോണ്ടുറാസിനെ ശരിക്കും മുക്കിക്കളഞ്ഞു. പ്രതിരോധത്തിന്റെ വിദ്യ മാത്രം വശമുണ്ടായിരുന്ന ഹോണ്ടുറാസിനെ നിരന്തരം ആക്രമിക്കുക എന്നതായിരുന്നു ഫ്രഞ്ച് തന്ത്രം. ഇതില്‍ എണ്ണയിട്ട യന്ത്രം പോലെ കളിച്ച അവരുടെ മധ്യനിരയും മുന്നേറ്റക്കാരും ഒരുപോലെ വിജയിച്ചു. ഹോണ്ടുറാസ് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ മടിച്ചതാണ് ഫ്രാന്‍സിന് ഗുണകരമായത്.

45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ബെന്‍സെമയുടെ ആദ്യ ഗോള്‍. ബോക്‌സില്‍ പോഗ്ബയെ വില്‍സണ്‍ പലാസിയോസ് തള്ളിയിട്ടതിന് കിട്ടിയ കിക്കാണ് ഇടത്തോട്ട് ഡൈവ് ചെയ്ത ഗോളിയെ കബളിപ്പിച്ച് വലത്തേ മൂലയിലേയ്ക്ക് പായിച്ച് ബെന്‍സെമ ലീഡ് നേടിയത്. ഈ ഫൗളിന്റെ പേരില്‍ രണ്ടാം മഞ്ഞയും അതുവഴി ചുവപ്പും കിട്ടി പലാസിയോസ് ഗ്രൗണ്ട് വിട്ടതോടെയാണ് ഒരു പകുതിയില്‍ മുഴുവന്‍ ഹോണ്ടുറാസ് പത്തംഗസേനയായത്.
ആള്‍ബലം കുറഞ്ഞതോടെ കൂടുതല്‍ ഫൗളുകള്‍ കൊണ്ട് ഫ്രാന്‍സിനെ വരിഞ്ഞുകെട്ടാനായിരുന്നു ഹോണ്ടുസാസിന്റെ പരിപാടി. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടാം ഗോളും ഫ്രാന്‍സ് വലയിലാക്കി. കബായെ നല്‍കിയ കൃതതയാര്‍ന്ന ഒരു നെടുനീളന്‍ ക്രോസ് പിടിച്ചെടുത്ത് ഇടതുവശത്ത് നിന്ന് ബെന്‍സെമ തൊടുത്ത വോളി വലത്തെ പോസ്റ്റിലിടിച്ച് മടങ്ങിയെങ്കിലും റീബൗണ്ട് കൈയിലൊതുക്കാനുള്ള ഗോളി വാള്‍ഡരെസിന്റെ കൈയില്‍ തട്ടി പന്ത് ഗോള്‍ ലൈന്‍ കടന്നു. ഗോളി വീണ്ടും പന്ത് കൈവശപ്പെടുത്തിയെങ്കിലും ഗോള്‍ലൈന്‍ സാങ്കേതിക വിദ്യയില്‍ അത് ഗോളെന്ന് തെളിഞ്ഞു. എന്നാല്‍ ആ ഗോളിന്റെ പിതൃത്വം ബെന്‍സെമയ്ക്ക് അനുവദിച്ചുകൊടുത്തില്ല.
രണ്ട് ഗോള്‍ ലീഡായതോടെ ഫ്രാന്‍സിന്റെ വീര്യവും ഇരട്ടിച്ചു. 55-ാം മിനിറ്റില്‍ ബെന്‍സെമയുടെ ഒരു ഷോട്ട് ഗോളി വാല്‍ഡെരസ് കഷ്ടിച്ചാണ് പിടിച്ചത്. ഒരു മിനിറ്റിനുള്ളില്‍ ഒന്നാന്തരമൊരു നീക്കത്തിനൊടുവില്‍ വാല്‍ബ്യൂന ഒരു ഷോട്ട് പായിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ നെറ്റൊഴിഞ്ഞുപോവുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ ഡെബ്യൂചിക്കും കിട്ടി ഒരവസരം. മറ്റിയൂഡിയും മവൂബയും ഇതിനിടെ ഹോണ്ടുറാസ് ഗോള്‍മുഖത്തെ സമ്മര്‍ദത്തിലാക്കി. രണ്ടു തവണയാണ് ഫ്രഞ്ച് താരങ്ങളുടെ ഷോട്ടുകള്‍ ക്രോസ് ബാറില്‍ ഇടിച്ചു മടങ്ങിയത്.

ഇതിനിടയില്‍ 72-ാം മിനിറ്റില്‍ ബെന്‍സെമ ഉജ്വലമായൊരു ഗോളിലൂടെ വീണ്ടും ലീഡുയര്‍ത്തി. നാല് കൈമാറ്റങ്ങള്‍ക്കൊടുവില്‍ എവ്രയില്‍ നിന്ന് കിട്ടിയ പന്ത് വലതു ഭാഗത്ത് വിഷമകരമായ ഒരു ആംഗിളില്‍ നിന്നാണ് ബെന്‍സെമ ഗോളിലേയ്ക്ക് തൊടുത്തത്. വലതു പോസ്റ്റിന് പുറത്ത് നിന്ന് നാല് ഡിഫന്‍ഡമാര്‍ നില്‍ക്കെ ഇടതു പോസ്റ്റിന്റെ മുകള്‍തട്ടിലേയ്ക്ക്.

1998നുശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് ലോകകപ്പില്‍ ജയത്തോടെ തുടങ്ങുന്നത്.
(കടപ്പാട്: മാതൃഭൂമി)




Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.