Latest News

യൂസഫ് മരിച്ച് അനധികൃത കമ്പി വേലിയില്‍ നിന്ന് ഷോക്കേററ്;കര്‍ഷകന്‍ അറസ്റ്റില്‍

നിലമ്പൂര്‍: അര്‍ധരാത്രി ടെലിവിഷനില്‍ ലോകകപ്പ് കണ്ടശേഷം വീട്ടിലേക്ക് മടങ്ങവേ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കര്‍ഷകന്‍ അറസ്റ്റിലായി. പൂക്കോട്ടുംപാടം ചെറുമുറ്റിക്കോട് പുതിയറ മൊയ്തീന്‍ എന്ന കുഞ്ഞുട്ടി (58) നിലമ്പൂര്‍ സിഐ അഗസ്റ്റിന്‍ മാത്യു മുന്‍പാകെ കീഴടങ്ങുകയായിരുന്നു. കാട്ടുപന്നിശല്യം തടയാന്‍ കൃഷിയിടത്തിന് ചുറ്റും മൊയ്തീന്‍ സ്ഥാപിച്ച അനധികൃത വേലിയില്‍നിന്ന് ഷോക്കേറ്റാണ് മരണമെന്ന് പൊലീസ് അറിയിച്ചു.

കുഞ്ഞുട്ടി
ജില്ലാ പൊലീസ് മേധാവി എസ്. ശശികുമാര്‍, ഡിവൈഎസ്പി കെ.പി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. രാമംകുത്ത് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് കാഞ്ഞിരംപാറ യൂസഫിന്റെ (47) മൃതദേഹം മൊയ്തീന്‍ പാട്ടക്കൃഷി നടത്തുന്ന ചെനയമ്പാടത്ത് വാഴത്തോപ്പില്‍ ശനി രാവിലെ ഏഴിനാണ് കണ്ടത്. വായില്‍ ഫ്യൂറഡാന്‍ കീടനാശിനി ഉണ്ടായിരുന്നു.

മൊയ്തീന്‍തന്നെയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഫോറന്‍സിക് പരിശോധനയ്ക്കിടെ കാലുകളിലെ പൊള്ളല്‍ കണ്ട് ഷോക്കേറ്റാണ് മരണമെന്ന് സൂചന കിട്ടി. പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. വൈകിട്ട് മൊയ്തീനെ പൊലീസ് ചോദ്യംചെയ്തെങ്കിലും തനിക്കൊന്നും അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ വിട്ടയച്ചു. എന്നാല്‍, സംശയം തന്നിലേക്ക് നീളുന്നതറിഞ്ഞ മൊയ്തീന്‍ ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലൈനില്‍നിന്ന് നേരിട്ട് കേബിള്‍ കൊളുത്തി കമ്പിവേലിയില്‍ വൈദ്യുതി പ്രവഹിപ്പിച്ചതായി മൊയ്തീന്‍ സമ്മതിച്ചു.

കൃഷിയിടത്തില്‍ രാവിലെ ഏഴിന് വന്നപ്പോളാണ് കമ്പിവേലിയില്‍നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. കാല്‍ പിടിച്ചുവലിച്ച് മൃതദേഹം നീക്കിയിട്ടു. ആത്മഹത്യയാണെന്ന് വരുത്താന്‍ വായില്‍ ഫ്യൂറഡാന്‍ ഇട്ടപ്പോഴാണ് യൂസഫിനെ തിരിച്ചറിഞ്ഞതെന്നും മൊയ്തീന്റെ മൊഴിയിലുണ്ട്. അയല്‍വീട്ടിലെ സ്ത്രീയോട് വിവരം പറഞ്ഞശേഷം സ്വന്തം വീട്ടിലെത്തി വസ്ത്രങ്ങള്‍ കഴുകിയിട്ടു. യൂസഫ് ഷോക്കേറ്റ് വീണുകിടന്ന സ്ഥലം പ്രതി കാണിച്ചു കൊടുത്തു.

മൃതദേഹം വലിച്ചുകൊണ്ടുപോയതും കെഎസ്ഇബി ലൈനില്‍നിന്ന് കേബിള്‍ ഉപയോഗിച്ച് വൈദ്യുതി എടുത്തതും രീതികളും വിശദീകരിച്ചു. കൃഷിയിടത്തില്‍ ഒളിപ്പിച്ചുവച്ച കേബിള്‍, കൊളുത്താന്‍ ഉപയോഗിച്ച തോട്ടി എന്നിവ പ്രതി പൊലീസിന് എടുത്തുകൊടുത്തു. കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍, വൈദ്യുതി മോഷണം എന്നീ കുറ്റങ്ങളാണ് മൊയ്തീനെതിരെ ചുമത്തിയത്. എസ്ഐമാരായ രവി സന്തോഷ്, വി. ബാബുരാജ്, സി. പ്രദീപ് കുമാര്‍ എന്നിവരും ചേര്‍ന്നാണ് അന്വേഷണം. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Malappuram, Nilamboor

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.