Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതക്കാഴ്ചകള്‍ കണ്ട് കരള്‍ പിടഞ്ഞു -കുഞ്ചാക്കോബോബന്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാഴ്ചകള്‍ കരള്‍ പിളര്‍ക്കുന്നതാണെന്ന് വലിയ ചിറകുള്ള പക്ഷികളില്‍ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന നടന്‍ കുഞ്ചാക്കോബോബന്‍ പറഞ്ഞു.

കാസര്‍കോട് പ്രസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാനടന്‍ എന്ന നിലയില്‍ ഇത്രയും തളര്‍ത്തിയ അനുഭവം എനിക്കുണ്ടായിട്ടില്ല. ഭക്ഷണവും വെള്ളവും പോലും ഞാന്‍ ചില ദിവസങ്ങളില്‍ കഴിച്ചിട്ടില്ല. അവരുടെ ദുരിതചിത്രങ്ങള്‍ ഒപ്പിയെടുത്തപ്പോള്‍ കൈവിറച്ചുപോയിട്ടുണ്ട്. ആരും കാണാതെ കരഞ്ഞു. 

കേട്ടും വായിച്ചും അറിഞ്ഞ അനുഭവങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായി-കുഞ്ചാക്കോബോബന്‍ പറഞ്ഞു. ദുരിതബാധിതരുടെ വീടുകളിലേക്ക് ഒരു വഴിപോലുമില്ല. അവിടെ എത്തിപ്പെടുന്നത് തന്നെ പ്രയാസകരമാണ്. അതിനിടയില്‍ ദുരിതം തിന്ന് ജീവിക്കുന്നവര്‍ നമുക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമാണ്. ഇവരെ കാണാനായതും ഇവര്‍ക്കൊപ്പം കുറേ ദിവസം ചെലവഴിക്കാന്‍ കഴിഞ്ഞതും ജീവിതത്തില്‍ മറ്റു കാര്യങ്ങളെ അപേക്ഷിച്ച് വലുതാണ്. 
മറ്റു നടന്മാര്‍ക്ക് കിട്ടാത്ത ഭാഗ്യമാണ് എനിക്ക് ലഭിച്ചതെന്നും കുഞ്ചാക്കോബോബന്‍ പറഞ്ഞു.
ഈ സിനിമചിത്രീകരണത്തിനെത്തിയപ്പോള്‍ ദുരിതബാധിതരെ കാഴ്ച നേരില്‍ കാണുകയായിരുന്നുവെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. എനിക്കും സഹപ്രവര്‍ത്തകര്‍ക്കും കുറേ സമയത്തേക്ക് ഒന്നും ചെയ്യാനാനായില്ല.
പലപ്പോഴും ചിത്രീകരിക്കാന്‍ കഴിയാതെ മനസ്സും ശരീരവും മരവിച്ചിട്ടുണ്ട്. സിനിമ പറയുന്നത് ദുരിതബാധിതരുടെ നൊമ്പര ക്കാഴ്ചകളാണ്. സിനിമകണ്ട് ലോകത്തിന്‍റെ കണ്ണുതുറക്കണം-അദ്ദേഹം പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തില്‍ വളരെ സങ്കടകരമായ കാഴ്ചയായിരുന്നു. ഈ വിഷയം നേരത്തെ സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും നീണ്ടുപോവുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് എന്‍ഡോസള്‍ഫാനെ കുറിച്ചുള്ള ലേഖനങ്ങള്‍ വായിച്ചും മനസ്സിലാക്കിയുമാണ് ഇത് ചെയ്യുന്നത്. ഫോട്ടോഗ്രാഫറുടെ കാഴ്ചയിലൂടെയാണ് സിനിമ കടന്നുപോകുന്നത്.
ഈ സിനിമകൊണ്ട് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമായിരുന്നു-അദ്ദേഹം പറഞ്ഞു. ഈ സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനം എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ഉപയോഗിക്കുന്ന കാര്യം ചര്‍ച്ചയിലാണെന്ന് അദ്ദേഹം പറഞ്ഞു.
നടന്‍ കൃഷ്ണപ്രസാദ്, ക്യാമറാമാന്‍ എം.ജെ രാധാകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമന്‍, കോ-ഓര്‍ഡിനേറ്റര്‍ നിസാംറാവുത്തര്‍ തുടങ്ങിയവരും സംബന്ധിച്ചു.
പ്രസ്ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും വൈസ് പ്രസിഡണ്ട് വി.വി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.