Latest News

ഷീബയുടെ മരണം: ബേക്കല്‍ സ്വദേശി അറസ്റ്റില്‍

ഉദുമ: ബ്ളേഡ് ഇടപാടുകാരന്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നു വീട്ടമ്മ ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബേക്കല്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ളേഡ് ഇടപാടുകാരനായ പള്ളിക്കര ഇല്യാസ് നഗറിലെ ഇബ്രാഹിം ഹാജി (62)യെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

പള്ളിക്കര കുറിച്ചിക്കുന്ന് കോളനിയില്‍ രാജേഷിന്റെ ഭാര്യ കെ. ഷീബ(32)യെ കഴിഞ്ഞ 13ന് ആണു ബേക്കല്‍ റയില്‍വേ സ്റ്റേഷനുസമീപം ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പള്ളിക്കര സഹകരണ ബാങ്ക് ബേക്കല്‍ ശാഖയിലെ പിഗ്മി ഏജന്റായ ഷീബ പലിശയ്ക്കു വാങ്ങിയ പണത്തിനു വന്‍തുക തരിച്ചുനല്‍കിയെങ്കിലും ബ്ളേഡ് ഇടപാടുകാരനായ ഇബ്രാഹിംഹാജി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇവരുടെ ബാഗില്‍നിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

ഒരുവര്‍ഷം മുന്‍പു വീടു നിര്‍മിക്കുന്നതിനായി ഷീബ 50,000 രൂപ ഇബ്രാഹിമിന്റെ പക്കല്‍നിന്നു പലിശയ്ക്കു കടം വാങ്ങിയിരുന്നു. പിന്നീടു പലതവണയായി ഒരുലക്ഷത്തോളം രൂപ തിരിച്ചുനല്‍കിയെങ്കിലും തുക ഇനിയും ബാക്കിയുണ്ടെന്നാണ് ഇടപാടുകാരന്‍ ഷീബയോടു പറഞ്ഞിരുന്നത്. ഒാപ്പറഷന്‍ കുബേരയുടെ ഭാഗമായി ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി ഒട്ടേറെ ബ്ളാങ്ക് ചെക്കുകളും ആധാരങ്ങളും പിടിച്ചെടുത്തിരുന്നു.

പണം കടംവാങ്ങിയതിന് ഇൌടായി ഷീബ നല്‍കിയ ബ്ളാങ്ക് ചെക്കും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇബ്രാഹിമിനെതിരെ ബേക്കല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത ഇബ്രാഹിം പണത്തിന്റെ പേരില്‍ വീണ്ടും ഷീബയെ ഭീഷണിപ്പെടുത്തിയെന്നാണു പൊലീസ് പറയുന്നത്. ബേക്കല്‍ എസ്ഐ. പി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണു കേസ് അന്വേഷണച്ചുമതല.  

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.