Latest News

പോലീസ്‌ ബൈക്ക്‌ പുഴയില്‍ തള്ളിയവരെ കണ്ടെത്താന്‍ ശാസ്‌ത്രീയ പരിശോധന തുടങ്ങി

നീലേശ്വരം: സി പി എം -ബി ജെ പി സംഘര്‍ഷം നിലനില്‍ക്കുന്ന ചാത്തമത്ത്‌ പട്രോളിംഗിനെത്തിയ പോലീസ്‌ സംഘത്തിന്റെ ശ്രദ്ധ തിരിച്ച്‌ വിട്ട്‌ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ്‌ ബൈക്ക്‌ ചാത്തമത്ത്‌ പുഴയില്‍ താഴ്‌ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ്‌ ശാസ്‌ത്രീയ പരിശോധന തുടങ്ങി.

കഴിഞ്ഞ ദിവസം രാത്രി 11.10 മണിക്കും 11.30 മണിക്കുമിടയിലാണ്‌ സംഭവം നടന്നത്‌. ഈ സമയ പരിധിയില്‍ ചാത്തമത്തും പരിസരത്തും പ്രവര്‍ത്തിച്ച മൊബൈല്‍ ഫോണുകള്‍ തിരിച്ചറിയാന്‍ ടവര്‍ കേന്ദ്രീകരിച്ച്‌ തികച്ചും ശാസ്‌ത്രീയമായ അത്യാധുനിക പരിശോധനയാണ്‌ പോലീസ്‌ നടത്തി വരുന്നത്‌. വിദഗ്‌ധ സംഘത്തിന്റെ സേവനം ഇതിന്‌ വേണ്ടി പോലീസ്‌ തേടിയിട്ടുണ്ട്‌. 

കാഞ്ഞങ്ങാട്‌ ഡി വൈ എസ്‌ പി എന്‍ പ്രദീപ്‌ കുമാര്‍, നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ യു പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ കേസിന്റെ അന്വേഷണം നടക്കുന്നത്‌. 

ശനിയാഴ്‌ച ഉച്ചയോടെ പോലീസ്‌ ക്രൈം സ്‌ക്വാഡില്‍പ്പെട്ട വിജയന്‍ തണ്ടയിലും കമലാക്ഷനും നാട്ടുകാരില്‍ ചിലരും പുഴയിലിറങ്ങി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നീന്തി പരിശോധന നടത്തുന്നതിനിടയില്‍ പെട്രോളിന്റെ മണം മനസ്സിലാക്കിയതോടെയാണ്‌ ബൈക്ക്‌ പുഴയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്‌. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ പൈപ്പുകള്‍ ഊരി വലിച്ച നിലയിലായിരുന്നു. പോലീസിന്റെ ഔദ്യോഗിക വാഹനം പുഴയില്‍ തള്ളിയ സംഭവം ആഭ്യന്തര വകുപ്പ്‌ ഗൗരവമായി ഏറ്റെടുത്തിട്ടുണ്ട്‌. 

40 വര്‍ഷം മുമ്പ്‌ പള്ളിക്കരയില്‍ ഇതുപോലെ സമാനമായ സംഭവം നടന്നിരുന്നു. കേരള രാഷ്‌ട്രീയത്തെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു പള്ളിക്കരയില്‍ സി പി എം പ്രവര്‍ത്തകര്‍ പോലീസിന്റെ തോക്ക്‌ കിണറ്റില്‍ വലിച്ചെറിഞ്ഞ സംഭവം. അന്ന്‌ സി പി എം അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി രാഘവന്‍, ഇപ്പോഴത്തെ കാസര്‍കോട്‌ എം പി പി കരുണാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട്‌ ജയിലില്‍ കഴിയേണ്ടി വന്നവരാണ്‌. 

സി പി എമ്മിന്റെ ശക്തി കേന്ദ്രമായ ചാത്തമത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബി ജെ പിയുടെ പ്രവര്‍ത്തനം തുടങ്ങിയതുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷം ഉടലെടുത്തിരുന്നു. സി പി എമ്മിന്റെ നഗരസഭാ കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക്‌ നേരെ കല്ലേറും ബി ജെ പി പ്രവര്‍ത്തകനെ പരിക്കേല്‍പ്പിക്കുകയും ചെയ്‌ത സംഭവം നടന്നിരുന്നു. 

ഇതേ തുടര്‍ന്ന്‌ ചാത്തമത്ത്‌ പോലീസ്‌ ബന്തവസ്സ്‌ ശക്തമാക്കിയതിനിടയിലാണ്‌ പട്രോളിംഗിനെത്തിയ പോലീസുകാര്‍ സഞ്ചരിച്ച റോഡരികില്‍ നിര്‍ത്തിയിട്ട പോലീസ്‌ ബൈക്ക്‌ അജ്ഞാത സംഘം പോലീസുകാരുടെ ശ്രദ്ധ തിരിച്ച്‌ വിട്ട്‌ പുഴയിലേക്ക്‌ തള്ളിയത്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.