Latest News

വീണ്ടും പ്രഹരം; പെട്രോള്‍, ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍- ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.69 രൂപയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 50 പൈസയും. സംസ്ഥാനികുതികള്‍ ഇതിനുപുറമെ. നികുതികളടക്കം പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയിലധികം വര്‍ധിക്കും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രെയിന്‍നിരക്ക് വര്‍ധനയുടെ തൊട്ടുപിന്നാലെയാണ് മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ വീണ്ടും ആഘാതമേല്‍പ്പിച്ചത്.പുതിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73.25 രൂപയും ഡീസലിന് 57.78 രൂപയുമായി.

എക്സൈസ് തീരുവ കുറയ്ക്കുമെന്നും ഇതേത്തുടര്‍ന്ന് പെട്രോള്‍വിലയില്‍ ലിറ്ററിന് രണ്ടു രൂപയോളം കുറയുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ട്രെയിന്‍നിരക്ക് വര്‍ധനയ്ക്കെതിരായ ജനരോഷം തണുപ്പിക്കാന്‍ സര്‍ക്കാര്‍കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചതാണ് ഇതെന്ന് വ്യക്തമായിരിക്കയാണ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ ഒരാഴ്ചമാത്രം ശേഷിക്കെയാണ് തിരക്കിട്ട് പെട്രോള്‍വില കൂട്ടിയത്. ഇന്ധനവില വര്‍ധനയുടെ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ എണ്ണക്കമ്പനികളുടെ വാദം മുഖവിലയ്ക്കെടുത്ത് തീരുമാനമെടുക്കുന്ന യുപിഎ ശൈലിതന്നെയാണ് എന്‍ഡിഎയും പിന്തുടരുന്നത്.

രാജ്യാന്തരവിപണിയിലെ അസംസ്കൃത എണ്ണവിലവര്‍ധനയുടെ പേരിലാണ് പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഇറക്കുമതിചെയ്യുന്ന എണ്ണയുടെ വിലയ്ക്ക് അനുസൃതമായി വരുമാനം കിട്ടുന്നില്ലെന്ന ന്യായമാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തുന്നത്. ഈ വരുമാനക്കുറവിനെയാണ് നഷ്ടമായി ചിത്രീകരിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭക്കണക്ക് പ്രസിദ്ധീകരിക്കണമെന്ന് ഇടതുപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും പെട്രോളിയം മന്ത്രാലയം അതിന് തയ്യാറായിട്ടില്ല. പകരം അതിരൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന രീതിയില്‍ എണ്ണവില അടിക്കടി ഉയര്‍ത്തുന്നു. പെട്രോള്‍വില വര്‍ധിപ്പിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഡീസല്‍വിലയും ഇതേരീതിയില്‍ കൈകാര്യംചെയ്യാന്‍ അനുവദിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. ഇതേത്തുടര്‍ന്ന് 2013 ജനുവരിമുതല്‍ എല്ലാമാസവും 50 പൈസവീതം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി.

എന്‍ഡിഎ സര്‍ക്കാര്‍ വന്നശേഷം രണ്ടാംപ്രാവശ്യമാണ് ഡീസല്‍വില 50 പൈസ കൂടുന്നത്. എന്നിട്ടും ഡീസല്‍ ലിറ്ററിന് 3.40 രൂപ നഷ്ടം സഹിച്ചാണ് വില്‍ക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാദിക്കുന്നു. പാചകവാതക വിലയും പ്രതിമാസം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധം ഭയന്ന് ഇക്കാര്യം നടപ്പാക്കുന്നത് മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരിക്കയാണ്. എല്‍പിജി സിലിണ്ടര്‍ ഒരെണ്ണത്തിന് 450 രൂപയും മണ്ണെണ്ണ 33 രൂപയും യഥാര്‍ഥ വിലയേക്കാള്‍ കുറച്ചാണ് നല്‍കുന്നതെന്നും ഐഒസി അവകാശപ്പെടുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.