Latest News

കാഞ്ഞങ്ങാട് നഗരസഭ ഭരണം ഇനി കമ്പ്യൂട്ടര്‍ എഞ്ചിനീയറുടെ കൈയ്യില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരഭരണം ഇനി കമ്പ്യൂട്ടര്‍ എഞ്ചിനീയറുടെ കൈയ്യില്‍. പയ്യന്നൂര്‍ വനിത പോളിടെക്‌നിക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ഡിപ്ലോമ നേടിയ കെ ദിവ്യ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പദവിയിലെത്തിയത് തീര്‍ത്തും യാദൃശ്ചികമായി.

ബാര്‍ ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്‌ലിം ലീഗ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ പന്ത് സോഷ്യലിസ്റ്റ് ജനതയുടെ കോര്‍ട്ടിലെത്തുകയായിരുന്നു. 

നഗരസഭാ അധികാരത്തിലേറിയതുമുതല്‍ ഒരു സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനം അനുവദിക്കണമെന്ന ആവശ്യവുമായി സോഷ്യലിസ്റ്റ് ജനത യു ഡി എഫ് നേതൃത്വത്തെ നിരന്തരം സമീപിച്ചിരുന്നു.
അപ്രതീക്ഷിതമായി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം യുഡി എഫില്‍ പിടിമുറുക്കി. ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഒരുവേള യു ഡി എഫ് വിടാനും സോഷ്യലിസ്റ്റ് ജനതയുടെ പ്രാദേശിക നേതൃത്വം തീരുമാനമെടുക്കുകയും ചെയ്തു. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് മത്സരിക്കില്ലെന്നുറപ്പായതോടെ ദിവ്യയെ യു ഡി എഫിന്റെ പൊതു സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരനാണ്. 

ഈ നിര്‍ദ്ദേശം നടപ്പിലായതോടെ സോഷ്യലിസ്റ്റ് ജനതക്ക് കേരളത്തിലെ ഏക നഗരഭരണം കൈപ്പിടിയിലുമായി. പറക്കളായി അയ്യങ്കാവിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് നഗരസഭയിലെ അരയി പ്രദേശത്തേക്ക് വിവാഹിതയായി 11 വര്‍ഷം മുമ്പാണ് ദിവ്യ എത്തുന്നത്. 

ജനതാദളിന്റെയും പിന്നീട് സോഷ്യലിസ്റ്റ് ജനതയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന അരയി പാഞ്ഞാല്‍ വീട്ടിലെ മണിയാണ് ദിവ്യയുടെ ഭര്‍ത്താവ്. യു എ ഇയിലെ റാസല്‍ ഖൈമയിലാണ് മണി ജോലി നോക്കി വരുന്നത്. 

ഭര്‍ത്താവിന്റെ സോഷ്യലിസ്റ്റ് പാതയിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തിയ ദിവ്യ കൗണ്‍സിലറും നാല് വര്‍ഷത്തിന് ശേഷം ചെയര്‍പേഴ്‌സണുമായി. നീലേശ്വരം നാഗച്ചേരി ക്ഷേത്രത്തിലെ സ്ഥാനികന്‍ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകളാണ്. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥി ആദിഥ്യന്‍, സദ്ഗുരു പബ്ലിക് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനി ശിവാനി എന്നിവരാണ് മക്കള്‍.


Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.