Latest News

കീരിത്തള്ളയുമായി ഉഗ്രന്‍ ഫൈറ്റ്; പൂച്ചയ്ക്ക് അടിയന്തര ശസ്ത്രക്രിയ

കിളിമാനൂര്‍: കീരിക്കുഞ്ഞിനെ പിടികൂടാന്‍ ശ്രമിച്ച പുസി പൂച്ചക്ക് തള്ളക്കീരിയുമായുണ്ടായ ഫൈറ്റിംഗില്‍ ഗുരുതരമായ പരിക്ക്. വയര്‍ കീറി ആന്തരികാവയവങ്ങള്‍ പുറത്തായി ഗുരുതരാവസ്ഥയിലായ പുസിയെ മൃഗ ഡോക്ടര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

കിളിമാനൂര്‍ വണ്ടന്നൂര്‍ റോഡില്‍ ബുധനാഴ്ച രാവിലെയാണ് ഡിസ്‌കവറി ചാനലിലും മറ്റും നാം കണ്ട് പരിചിതമായ ഫൈറ്റിംഗ് രംഗങ്ങള്‍ അരങ്ങേറിയത്. ഇവിടുള്ള പഴയ കുന്നുമ്മല്‍ പഞ്ചായത്ത് മൃഗാശുപത്രിക്ക് സമീപത്തുള്ള സരസ്വതിയുടെ വളര്‍ത്തു പൂച്ചയാണ് കഥാപാത്രം. കഴിഞ്ഞ ദിവസം രാവിലെ ഇതുവഴി കടന്നു പോയ കീരിക്കുഞ്ഞിന് പിന്നാലെ ചട്ടമ്പിത്തരം കാട്ടാന്‍ 'പുസി'ശ്രമിച്ചത് വീട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ പുല്‍മേടിനുള്ളിലേയ്ക്ക് ഓടിക്കയറിയ കീരിക്കുഞ്ഞിനെ ആക്രമിച്ചതോടെ വേദന കൊണ്ട് പുളഞ്ഞ കീരിക്കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പാഞ്ഞെത്തിയ തള്ളക്കീരി 'പുസി'യുമായി ഫൈറ്റിംഗ് ആരംഭിക്കുകയായിരുന്നു.

സിനിമാ സ്‌റ്റൈലില്‍ പ്രതിയോഗിയെ കീഴ് പ്പെടുത്താനുള്ള ശ്രമം 'പുസി' പൂച്ച നടത്തിയെങ്കിലും രാജവെമ്പാലകളോട് പോലും പയറ്റിത്തെളിഞ്ഞ കീരിത്തള്ളയുടെ മുന്നില്‍ ഏറെ നേരം പിടിച്ചു നില്‍ക്കാന്‍ 'പുസി'ക്ക് കഴിഞ്ഞില്ല. കീരിത്തള്ളയുടെ ആക്രമണത്തില്‍ വയര്‍ വിണ്ടുകീറി 'പുസി' തളര്‍ന്ന് വീണതോടെ കുഞ്ഞുമായി തള്ളക്കീരി മുങ്ങി. പുസി പൂച്ചയുടെ ഞരക്കം കേട്ട പൂച്ചയുടെ ഉടമ സരസ്വതി ഉടന്‍ തന്നെ സമീപത്തുള്ള മൃഗാശുപത്രിയില്‍ 'പുസി'യെ എത്തിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ടെറന്‍സ് ബി. റെമഡി പുസി'യെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ബോധം വീണ 'പുസി' ഇപ്പോള്‍ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Fight Cat, Hospital.





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.