Latest News

പാണത്തൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേററ് മരിച്ചു

പാണത്തൂര്‍: പാണത്തൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ബി ജെ പി പ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് പാണത്തൂര്‍ ടൗണില്‍ സംഭവം നടന്നത്. ലോറി ഉടമയും യുവ വ്യാപാരിയുമായ പാണത്തൂര്‍ പരിയാരത്തെ അബ്ദുള്‍ ഷെറിഫാണ് (23) കൊല്ലപ്പെട്ടത്. 

മുന്‍ പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ എം. ഇ. ഹമീദിന്റെയും പഴയകാല കമ്മ്യൂണിസ്റ്റ് നേതാവായ പരിയാരം അബ്ബാസിന്റെ മകള്‍ ആസ്മയുടെയും മകനാണ് ഷെരീഫ്. 

ഞായറാഴ്ച രാത്രി പാണത്തൂര്‍ ടൗണില്‍ ഒരു മെഡിക്കല്‍ ഷോപ്പിനടുത്തുവച്ചാണ് ബി ജെ പി പ്രവര്‍ത്തകനും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ പാണത്തൂര്‍ പട്ടുവം സ്വദേശി രാജേഷ്(28) റഷീദിനെ അടിവയറ്റില്‍ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ഒരു സംഘം രാജേഷിനെ അടിച്ചവശനാക്കി.
രാജേഷ് പോലീസ് കസ്റ്റഡിയില്‍ അതിരഹസ്യമായി ആശുപത്രിയില്‍ ചികിത്സയിലാണ്. 

ജൂണ്‍ 25 ന് രാത്രി ബി എം എസ് പ്രവര്‍ത്തകനും ബളാന്തോട്ടെ ഓട്ടോ ഡ്രൈവറുമായ ചാമുണ്ഡിക്കുന്നിനടുത്ത പുലിക്കടവ് സ്വദേശി അരുണ്‍ ലാലിനെ ഇറച്ചിക്കച്ചവടക്കാരന്‍ ശിവപുരം സ്വദേശി ജോസ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ആഹ്വാനം ചെയ്ത പനത്തടി പഞ്ചായത്ത് ഹര്‍ത്താല്‍ ദിവസം നടന്ന തര്‍ക്കമാണ് ഷെരീഫിന്റെ കൊലയില്‍ കലാശിച്ചത്. ഹര്‍ത്താല്‍ ദിവസം ഷെരീഫ് പാണത്തൂര്‍ ടൗണില്‍ ബൈക്കോടിച്ച് പോയതിനെ ബി ജെ പി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു.
തുടര്‍ച്ചയായി ഷെരീഫ് ബൈക്കോടിച്ചതിനെ തുടര്‍ന്ന് സംഘടിതരായി ബി ജെ പി പ്രവര്‍ത്തകര്‍ തടയുകയും ഷെരീഫിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവം പാണത്തൂരില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച രാത്രി ബി ജെ പി പ്രവര്‍ത്തകന്‍ രാജേഷ് ഷെരീഫിനെ നടുറോഡില്‍ കുത്തിക്കൊന്നത്. 

പനി ബാധിച്ച് രണ്ടു ദിവസമായി വീട്ടിലായിരുന്ന രാജേഷ് ഞായറാഴ്ച രാത്രി പാണത്തൂരിലെ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന ഷെരീഫിനെ ശ്രദ്ധയില്‍പ്പെടുകയും അക്രമിക്കുകയുമായിരുന്നു. അതിനിടെ മെഡിക്കല്‍ ഷോപ്പിലേക്ക് നടന്നു നീങ്ങുകയായിരുന്ന രാജേഷിനെ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചുവെന്നും ഇതിനിടയിലുണ്ടായ തര്‍ക്കത്തിനിടയിലാണ് ഷെരീഫിന് കുത്തേറ്റതെന്നും പറയപ്പെടുന്നു.
അടിവയറ്റില്‍ കത്തിക്കുത്തേറ്റ് ഗുരുതര നിലയില്‍ ഷെരീഫിനെ കാഞ്ഞങ്ങാട് കുന്നുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നടത്തിയ സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനക്ക് വിധേയനാക്കി പരിക്കു സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഒരു മണിക്കൂറോളം നേരം ഷെരീഫ് ഈ ആശുപത്രിയില്‍ തന്നെ കഴിഞ്ഞു. പിന്നീട് രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടുതുടങ്ങിയതോടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ഷെരീഫിനെ മംഗലാപുരം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടയില്‍ വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.
മൃതദേഹം വെളുപ്പിന് 2 മണിയോടെ അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ രാജപുരം പോലീസ് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് ജേണലിസം കോഴ്‌സിനു പഠിക്കുന്ന ഷെഫീക്ക്, അബുദാബിയിലുള്ള റഫീക്ക് എന്നിവര്‍ സഹോദരങ്ങളാണ്.
പാണത്തൂര്‍ അക്രമം നടന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി എന്‍ പ്രദീപ് കുമാര്‍, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, രാജപുരം എസ് ഐ എം വി പളനി എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്  വെളുപ്പിന് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സി പി എം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ സെക്രട്ടറി കെ. പി. സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ബാലകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, ടി കോരന്‍, ഡി വൈ എഫ് ഐ നേതാക്കളായ കെ മണികണ്ഠന്‍, അഡ്വ. കെ. രാജ്‌മോഹനന്‍, എ.വി. സജ്ഞയന്‍, ശിവജി വെള്ളിക്കോത്ത്, സി പി എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗങ്ങളായ ടി.വി. കരിയന്‍, വി.വി. രമേശന്‍ തുടങ്ങിയ നിരവധി പേര്‍ അതിഞ്ഞാലിലെ ആശുപത്രിയിലെത്തി ഷെരീഫിന് അന്തിമോപചാരം അര്‍പ്പിച്ചു. 

ഷെരീഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി പി എം ആഹ്വാനത്തെതുടര്‍ന്ന്  പനത്തടി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു വരുന്നു.
സംഭവം നടന്ന് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് രാജപുരം പോലീസ് സ്ഥലത്തെത്തിയതെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് രംഗത്തു വന്നു. പാണത്തൂര്‍ പനത്തടി മേഖലയില്‍ നിരന്തരം ഉടലെടുക്കുന്ന സംഘര്‍ഷാവസ്ഥ ശാശ്വതമായി പരിഹരിക്കുന്നതിനും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ സര്‍വ്വകക്ഷിയോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എന്‍ ഐ ജോയ് ആവശ്യപ്പെട്ടു. 

കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
അബ്ദുള്‍ ഷറീഫിന്റെ കൊലപാതകത്തില്‍ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും ഈ സംഭവം രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ബി ജെ പി ഹൊസ്ദുര്‍ഗ് മണ്ഡലം പ്രസിഡണ്ട് ഇ കൃഷ്ണന്‍ അറിയിച്ചു.

Keywords: Panathur, murder, Dyfi, Kasaragod, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.