Latest News

പയ്യാമ്പലത്ത് ശവദാഹത്തിന് വിറകില്ല; മൃതദേഹങ്ങളുമായെത്തിയവരുമായി തര്‍ക്കം

കണ്ണൂര്‍: പയ്യാമ്പലത്ത് പള്ളിക്കുന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തിയ്യസമുദായ ശ്മശാനത്തില്‍ ശവദാഹത്തെച്ചൊല്ലിത്തര്‍ക്കം. ശവദാഹത്തിന് വിറകില്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. പച്ചവിറകുപയോഗിച്ചപ്പോള്‍ മൃതദേഹം കത്താതെ ബാക്കിയായതോടെ തര്‍ക്കം രൂക്ഷമായി. പത്ത് മൃതദേഹങ്ങളാണ് ഉച്ചയോടെ ഇവിടെ എത്തിയത്. കുറെപ്പേര്‍ സ്വന്തം നിലയില്‍ വിറക് കൊണ്ടുവന്നാണ് ശവദാഹം നടത്തിയത്. രണ്ട് മൃതദേഹം ദഹിപ്പിക്കാനാവാതെ ബന്ധുക്കള്‍ തിരികെകൊണ്ടുപോയി.

രാവിലെ പത്തുമണിയോടെതന്നെ തര്‍ക്കം തുടങ്ങിയിരുന്നു. വിറകുനല്‍കാത്തതായിരുന്നു പ്രശ്‌നം. വിറകുപുരയില്‍ സൂക്ഷിച്ച വിറകുകളെല്ലാം പച്ചമരത്തിന്റേതായിരുന്നു. ഇതുപയോഗിച്ചപ്പോള്‍ മൃതദേഹം കത്തിയില്ല. ശ്മശാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് ബന്ധുക്കള്‍ വിറകിനെച്ചൊല്ലി തര്‍ക്കം തുടങ്ങി. ഇതിനിടയില്‍ മൃതദേഹവുമായി വേറെയും കുറേപ്പേര്‍ എത്തി. ഇതോടെ ബഹളമായി.

പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോള്‍ അന്വേഷിച്ചു നോക്കട്ടേയെന്നായിരുന്നു മറുപടിയെന്ന് എത്തിയവര്‍ പറഞ്ഞു. പിന്നീട് പഞ്ചായത്തിലേക്ക് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും ഇവര്‍ പരാതി പറഞ്ഞു. മൃതദേഹവുമായെത്തിയവര്‍ ശവദാഹത്തിന് വിറകുതേടി ഓടുന്ന കാഴ്ചയായിരുന്നു വെള്ളിയാഴ്ച പയ്യാമ്പലത്ത് കണ്ടത്. ഇതിന് കഴിയാത്തവരാണ് മൃതദേഹവുമായി തിരിച്ചുപോയത്.

നേരത്തെ തിയ്യസമുദായ ശവസംസ്‌കാര സഹായസമിതിയാണ് ശവദാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. മഴക്കാലമാകുമ്പോഴേക്കും പരമാവധി വിറകുകള്‍ ഇവര്‍ ശേഖരിച്ചുവെക്കാറുണ്ടായിരുന്നു. നിരവധി കേസുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് ശ്മശാനത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്ത് സ്വന്തമാക്കിയത്. 900 രൂപയായിരുന്നു ഒരു മൃതദേഹം സംസ്‌കരിക്കാന്‍ സമിതി ഈടാക്കിയിരുന്നത്. പഞ്ചായത്ത് ഇത് 1500 രൂപയാക്കി ഉയര്‍ത്തി. അതേസമയം, പള്ളിക്കുന്ന് പഞ്ചായത്തിലുള്ളവര്‍ക്ക് പണം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. 

ഇതുവരെ ഇങ്ങനെയൊരുസ്ഥിതി പയ്യാമ്പലത്തുണ്ടായിട്ടില്ലെന്ന് സുഹൃത്തിന്റെ മൃതദേഹവുമായെത്തിയ ജിതേഷ് പറഞ്ഞു. പതിനൊന്നുമണിക്ക് എത്തിയതാണ്. നാലുമണിക്കും തിരിച്ചുപോകാനാത്ത സ്ഥിതിയാണെന്നദ്ദേഹം പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി. എന്നിട്ടും പഞ്ചായത്ത് അധികൃതരാരും പ്രശ്‌നത്തിലിടപെട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur, Dead Body, Clash.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.