Latest News

സുരക്ഷിത പണമിടപാടിന് കുടുംബശ്രീ കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട്: കൊളളപലിശക്കാര്‍ക്കെതിരെ മാതൃകാനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ നടത്തുന്ന സാമ്പത്തിക സാക്ഷരതാ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കമായി. സുരക്ഷിതപണമിടപാടിന് കുടുംബശ്രീ കൂട്ടായ്മ എന്ന പേരില്‍ ജില്ലാ കുടുംബശ്രീ മിഷന്‍ ആഭ്യന്തരവകുപ്പിന്റെ സഹകരണത്തോടെ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുളള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി, ജില്ലാ പോലീസ് മേധാവി തോംസണ്‍ജോസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലീഡ് ബാങ്ക് ചീഫ് മാനേജര്‍മാരായ അജിത്കുമാര്‍ മേനോന്‍ അരവിന്ദാക്ഷന്‍, കാസര്‍കോട് കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, കുടുംബശ്രീ സ്‌കില്‍ കണ്‍സള്‍ട്ടന്റ് എം.രേഷ്മ എന്നിവര്‍ സംസാരിച്ചു. 

സുരക്ഷിത പണമിടപാടിന് കുടുംബശ്രീ എന്ന വിഷയത്തില്‍ രാമകൃഷ്ണന്‍ ക്ലാസ്സെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി വിജയന്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും, ഉപസമിതി കണ്‍വീനര്‍മാരും മെമ്പര്‍സെക്രട്ടറിമാരുമാണ് കൂട്ടായ്മയില്‍ സംബന്ധിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരില്‍ മിതവ്യയശീലം പ്രോത്സാഹിപ്പിക്കാനും കൊളളപലിശക്കാര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുന്നതിനും കൂട്ടായ്മയില്‍ നിര്‍ദ്ദേശമുണ്ടായി. 

കൊളളപ്പലിശക്കാരുടെ പ്രധാന ഇര സ്ത്രീകളാണ്. കുടുംബത്തില്‍ സാമ്പത്തിക അച്ചടക്കം ഉറപ്പ് വരുത്താനും പലിശക്കാരുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനും ശ്രദ്ധിക്കണം. വീട് പണിയുന്നതിനും, വിദേശ തൊഴിലിനും മറ്റുമായാണ് ജില്ലയില്‍ സ്ത്രീകള്‍ കൂടുതലായി കൊളളപ്പലിശക്കാരെ ആശ്രയിക്കുന്നത്. ഇതിനായി പലിശക്കാര്‍ക്ക് വസ്തു പണയപ്പെടുത്തുന്നവരുമുണ്ട്. ഇത് സാമ്പത്തിക കുരുക്കില്‍പ്പെടുത്തും. കുടുംബശ്രീ പ്രവര്‍ത്തകര്‍ മൈക്രോഫിനാന്‍സിലൂടേയും ദേശസാത്കൃത സഹകരണബാങ്കുകളിലൂടേയും സുരക്ഷിത സാമ്പത്തിക ഇടപാടുകള്‍ക്ക് ശ്രമിക്കണമെന്ന് കൂട്ടായ്മയില്‍ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.