Latest News

കുത്തിവയ്പു നല്‍കിയതിനു പിന്നാലെ മരണം; ഡോക്ടറും നഴ്സും കുറ്റക്കാരെന്നു കണ്ടെത്തല്‍

കാസര്‍കോട്: പെന്‍സിലിന്‍ കുത്തിവയ്പ് എടുത്ത രോഗി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്സിനും വീഴ്ചപറ്റിയതായി വിദഗ്ധ സമിതി കണ്ടെത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോ. സുശില്‍ കിരണ്‍ കുണ്ടര്‍, നഴ്സ് കെ.വി. രമ്യ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സമിതി പൊലീസിനു റിപ്പോര്‍ട്ടു നല്‍കി. ബദിയടുക്ക ബീജന്തടുക്കയിലെ സി.അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ കെ.മുഹമ്മദ് ഷെരീഫ്(38) ആണ് കുത്തിവയ്പ് എടുത്തു മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചത്.

ഹൃദയവാല്‍വിനെ ബാധിക്കുന്ന വാതപ്പനിക്കുള്ള (റുമാറ്റിക് ഹൃദ്രോഗം) പെന്‍സിലിന്‍ കുത്തിവയ്പ് എടുക്കാനായി 2011 ഡിസംബര്‍ 22നു രാവിലെയാണ് ഷെരീഫ് ആശുപത്രിയിലെത്തിയത്. കുത്തിവയ്പിനുള്ള മരുന്ന് ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ മംഗലാപുരത്തു നിന്ന് എത്തിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സുശില്‍ കിരണ്‍കുമാറിനെ കാണിച്ച ശേഷം നഴ്സ് കുത്തിവയ്ക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ പരീക്ഷണ ഡോസ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കുത്തിവയ്പു നടത്തി മിനിറ്റുകള്‍ക്കുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. വിദഗ്ധ പരിശോധനയ്ക്കു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരീക്ഷണഡോസ് നല്‍കാതെ മുഴുവന്‍ മരുന്നും കുത്തിവച്ചതാണ് മരണകാരണമെന്ന് ആരോപിച്ചു ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കിയിരുന്നു. സഹോദരന്‍ ഷമീറിന്റെ പരാതിയില്‍ ടൌണ്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

കാസര്‍കോട് ഡിവൈഎസ്പിയായിരുന്ന ടി.കെ.ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തില്‍ തുടരന്വേഷണം നടത്തണമെങ്കില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ആവശ്യമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഗോപാലകൃഷ്ണ പിള്ള, ജില്ലാ മെഡിക്കല്‍ ഒാഫിസര്‍ പി.ഗോപിനാഥന്‍, ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍, ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ജോയി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തുകയായിരുന്നു.

മുഹമ്മദ് ഷെരീഫിന്റെ ശരീരത്തില്‍ മൂന്നു ഭാഗങ്ങളില്‍ കുത്തിവയ്പ് നടത്തിയതിന്റെ പാടുകളുണ്ടായിരുന്നു. ഇതില്‍ രണ്ടെണ്ണത്തില്‍ ഡോസ് നല്‍കിയെന്ന രീതിയില്‍ മഷി പേനയില്‍ വൃത്താകൃതിയില്‍ അടയാളം രേഖപ്പെടുത്തിയിരുന്നു. രക്തത്തില്‍ പെന്‍സിലിന്റെ അംശം ഉണ്ടായിരുന്നുവെങ്കിലും ശരീരത്തില്‍ രേഖപ്പെടുത്തിയ ഭാഗത്തെ ചര്‍മത്തില്‍ പെന്‍സിലിന്റെ അംശം കണ്ടെത്തിയില്ലെന്നു സമതി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തിന്റെയും രാസപരിശോധനയുടെയും റിപ്പോര്‍ട്ട്, മരിച്ച ഷെരീഫിന്റെ ബന്ധുക്കളുടെ മൊഴി, ആശുപത്രി രേഖകള്‍ എന്നിവ സമിതി പരിശോധിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ 304 എ വകുപ്പ് പ്രകാരവും ഇതിനു പുറമെ തെളിവു നശിപ്പിച്ചതിനുമാണ് (മരിച്ചതിനുശേഷം ഷെരീഫിന്റെ ശരീരത്തില്‍ കുത്തിവയ്പു നടത്തി തെളിവ് ഉണ്ടാക്കാന്‍ ശ്രമം) കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മംഗലാപുരം സ്വദേശിയായ ഡോ. സുശില്‍ കിരണിനെയും എന്‍ആര്‍എച്ച്എം മുഖേന ജോലിയില്‍ പ്രവേശിച്ചിരുന്ന കെ.വി. രമ്യയെയും അന്നത്തെ ജില്ലാ മെഡിക്കല്‍ ഒാഫിസറായിരുന്ന ഇ. രാഘവന്‍ അന്വേഷണവിധേയമായി ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.