Latest News

കൊച്ചിന്‍ ഹനീഫയുടെ ഇരട്ടക്കുട്ടികളുടെ പഠനം അമ്മ ഏറ്റെടുത്തു

കൊച്ചി: 'അമ്മ'യുടെ കാരുണ്യം സഫയ്ക്കും മര്‍വയ്ക്കും നല്‍കുന്നത് പുതിയ ജീവിതം. സഫയേയും മര്‍വയേയും ഓര്‍മയില്ലേ? ഓര്‍മകളില്‍ ചിരിയുടെ മണിമുത്തുകള്‍ വിരിയിക്കുന്ന കൊച്ചിന്‍ ഹനീഫയുടെ ഇരട്ടക്കുട്ടികള്‍. പിതാവിന്റെ ബന്ധുക്കള്‍ നടതള്ളിയതിനെ തുടര്‍ന്ന് ആലംബഹീനരായി മാറിയ ഇരുവര്‍ക്കും താരസംഘടനയായ 'അമ്മ' കൈത്താങ്ങാകുന്നു. കൊച്ചിന്‍ ഹനീഫയുടെ മക്കളുടെ പഠനച്ചെലവ് അമ്മ ഏറ്റെടുക്കും. ദീര്‍ഘനാളായി നിരവധി പേര്‍ ഉന്നയിക്കുന്ന ആവശ്യം 'അമ്മ' ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരന്നു.

അതേസമയം ഇന്നസെന്റ് കൈവിട്ടെങ്കിലും 'അമ്മ' ഇന്നസെന്റിനെ കൈവിട്ടില്ല. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റ് തുടരും. ഇന്നസെന്റിന്റെ രാജി ആവശ്യം സംഘടന അംഗീകരിച്ചില്ല. ഞായറാഴ്ച കൊച്ചിലേ മെറിഡിയനില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗമാണ് ഇന്നസെന്റിന്റെ രാജി ആവശ്യം തള്ളിയത്. പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഇന്നസെന്റ് ആഗ്രഹം പ്രകടിപ്പിച്ചു.

എംപിയെന്ന നിലയില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്ഥാനം ഒഴിയേണ്ടതില്ലെന്നായിരുന്നു അമ്മയുടെ നിലപാട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സംഘടനയെ നയിച്ച ഇന്നസെന്റിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റാന്‍ ആഗ്രഹമില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. നിര്‍ണായക സാഹചര്യങ്ങളില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന അംഗങ്ങളുടെ ആവശ്യം ഇന്നസെന്റ് അംഗീകരിക്കുകയായിരുന്നു.

ഇന്നസെന്റിനു പകരം മറ്റൊരാള്‍ പ്രസിഡന്റായാല്‍ ഇത്രയും ഒരുമയോടെ സംഘടനയെ നയിക്കാന്‍ കഴിയില്ലെന്നും പൊതുവേ വിലയിരുത്തലുണ്ടായി. അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്തു സ്ഥാനത്തു തുടരാന്‍ സന്നദ്ധനാണെന്ന് ഇന്നസെന്റ് അറിയിച്ചു. അദ്ദേഹത്തിനു ഈ സ്ഥാനത്തു ഒരു വര്‍ഷംകൂടി കാലാവധിയുണ്ട്. പ്രമുഖതാരങ്ങള്‍ ഉള്‍പ്പെടെ 250 പേര്‍ യോഗത്തില്‍ പങ്കെടുത്തു. അമ്മയില്‍ അംഗത്വമെടുക്കുന്നതിനുള്ള ഫീസ് ഒരു ലക്ഷത്തി ആയിരം രൂപയായി വര്‍ധിപ്പിച്ച തീരുമാനം യോഗം അംഗീകരിച്ചു. നേരത്തേ 30,500 രൂപയായിരുന്നു ഫീസ്.

സിനിമാ രംഗത്തുനിന്നു വിരമിച്ച അംഗങ്ങളായ 105 പേര്‍ക്കു പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുന്നതു തുടരാനും യോഗത്തില്‍ തീരുമാനമായി. വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനു ധനസഹായമായി അഞ്ചു ലക്ഷം രൂപ നല്‍കും. അവശത അനുഭവിക്കുന്ന നടീനടന്മാരെ സഹായിക്കാന്‍ ദിലീപ് നല്‍കിയ 25 ലക്ഷം രൂപയില്‍നിന്നാണ് ഈ തുക നല്‍കുന്നത്. ട്വന്റി-ട്വന്റി സിനിമയുടെ ലാഭവിഹിതത്തില്‍നിന്നു ദിലീപ് മാറ്റിവച്ച തുകയാണിത്. നാലുപേര്‍ക്കു കൂടി അമ്മ കൈനീട്ടം നല്‍കും.

സംഘടനയില്‍ അംഗത്വമെടുക്കാത്ത വിനീത് ശ്രീനിവാസന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരുമായി സഹകരണം തുടരണോ എന്നതില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും തീരുമാനമെടുത്തില്ല. അംഗത്വം ഇല്ലാത്തവര്‍ക്കും സിനിമയില്‍ അഭിനയിക്കുന്നതിനു തടസമില്ലെന്നു യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞു. സിനിമയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തും.

സിനിമയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ തടയുമെന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും സിനിമയ്ക്കു ഗുണകരമാകുന്ന ഏതു തീരുമാനത്തോടും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍, വൈസ് പ്രസിഡന്റ് ദിലീപ്, സെക്രട്ടറി ഇടവേള ബാബു, ദേവന്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, കുക്കു പരമേശ്വരന്‍, കാവ്യാ മാധവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Actor, Kochin Haneefa, Amma, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.