Latest News

ആള്‍ദൈവത്തില്‍ നിന്നും പിടിച്ചെടുത്ത പണം തിരികെ നല്‍കിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ആള്‍ദൈവത്തില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത പണം തിരിച്ചു നല്‍കിയത് സംബന്ധമായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും (ഐബി) സിബിഐയും അന്വേഷണം തുടങ്ങി. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് അന്വേഷണം. വാഗമണ്ണില്‍ കഴിയുന്ന ഉത്തരേന്ത്യന്‍ ആള്‍ദൈവം ഗുര്‍മിത്ത് റാം റഹിം സിംഗിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത ലക്ഷങ്ങളാണ് ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ തിരികെ നല്‍കിയത്.

പണം പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഉന്നതരുടെ സമ്മര്‍ദം മൂലം സ്വാമിയുടെ കാല്‍ക്കല്‍ കൊണ്ടുവച്ചു വണങ്ങുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു.

ഡിപ്പാര്‍ട്‌മെന്റിന് നാണക്കേടുണ്ടാക്കിയ ഈ സംഭവം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് എന്‍ഫോഴ്‌സ്‌മെന്റിലെ തന്നെ ചില ഉദ്യോഗസ്ഥരാണെന്ന സംശയവും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധനയ്ക്കിടയിലാണ് ലക്ഷക്കണക്കിനു രൂപ ആള്‍ദൈവത്തില്‍ നിന്നും പിടിച്ചെടുത്തത്. ഗുര്‍മിത്ത് വാഗമണ്ണിലെത്തി രണ്ടു ദിവസത്തിനകം ഉദ്യോഗസ്ഥര്‍ പണം തിരിച്ചു കൊണ്ടു വന്നു നല്‍കി. 

 ഇതുമായി ബന്ധപ്പെട്ട രേഖകളും നശിപ്പിച്ചിട്ടുണ്ട്. ആള്‍ ദൈവത്തിന്റെ പണമിടപാടും പിടിച്ചെടുത്ത പണം എന്‍ഫോഴ്‌സ്‌മെന്റ് തിരികെ നല്‍കാനിടയുണ്ടാക്കിയ സാഹചര്യങ്ങളുമാണ് പ്രധാനമായും സിബിഐയും ഐബിയും പരിശോധിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ ചുമതലപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണറിയുന്നത്. ആള്‍ ദൈവത്തിന്റേയും അടുപ്പക്കാരുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടേയും മൊബൈല്‍ഫോണ്‍ വിശദാംശങ്ങളും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. .

അതേസമയം ഗുര്‍മിത്തിന്റെ പതിവായുള്ള കേരളാ സന്ദര്‍ശനത്തിന് ഇടനിലക്കാരായി നില്‍ക്കുന്നത് ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണെന്ന് ശരിവയ്ക്കുന്നതാണു പുറത്തുവരുന്ന വിവരം. ഹരിയാന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ‘ദേരാ സച്ചാ സൗധ’ എന്ന പേരില്‍ അറിയപ്പെടുന്ന ആശ്രമ ഗ്രൂപ്പുകളുടെ സ്ഥാപകനാണ് ഗുര്‍മിത്. വയനാട്, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഗുര്‍മിത് സ്ഥിരമായി സന്ദര്‍ശനത്തിനെത്തുന്നതു ദുരൂഹത ഉണര്‍ത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌പെഷല്‍ ബ്രാഞ്ചും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗുര്‍മിത്തിന്റെ ഉന്നത ബന്ധങ്ങളും പുറത്തു വരുന്നത്.

അകാലിദള്‍ ഭീഷണിയുള്ളതിനാല്‍ സെഡ്പ്ലസ് കാറ്റഗറിയിലാണ് ഇയാളുടെ കറക്കം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ കേരളാ പോലീസിനും കാര്യമായ ഇടപെടല്‍ സാധിക്കുന്നില്ല. സര്‍ക്കാര്‍ പരിരക്ഷയില്‍ ഗുര്‍മിത് വാഗമണില്‍ ആടിപ്പാടി കഴിയുകയാണ്. കോടികളാണു സുഖവാസത്തിനായി ചെലവഴിക്കുന്നത്. 

കഴിഞ്ഞ ദിവസം റിസോര്‍ട്ടിലെ ടെലിവിഷനു വലിപ്പം കുറവായതിനാല്‍ കൈയില്‍ നിന്നു കാശുമുടക്കി ലക്ഷങ്ങള്‍ വിലയുള്ള ടി.വി കോയമ്പത്തൂരില്‍ നിന്നു വാങ്ങി. മൂന്നുലക്ഷം രൂപയാണ് ഇതിനുമാത്രം മുടക്കിയത്. മഴയില്‍ നിന്നു രക്ഷപെടാന്‍ ആലപ്പുഴയിലെ കമ്പനിയില്‍ വിളിച്ച് പ്രത്യേക കുടയും നിര്‍മിച്ചു. മുപ്പതു റിസോര്‍ട്ടുകളിലായാണു ഗുര്‍മിതിന്റെ സംഘം കഴിയുന്നത്. ഇവര്‍ക്ക് ഭക്ഷണം വച്ചുവിളമ്പാന്‍ പ്രത്യേക പാചകക്കാരും ഒപ്പമുണ്ട്.

ഒരുമാസം മുന്‍പ് വന്നു മടങ്ങിയ ഇയാള്‍ വീണ്ടും വാഗമണിലെത്തിയത് വന്‍ ഭൂമിയിടപാട് ലക്ഷ്യമിട്ടാണന്നും സൂചനയുണ്ട്. ഇടനിലക്കാരോട് ഏക്കറുകണക്കിന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഗുര്‍മിത്തിന്റെ ആളുകള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇതിനു മറയിടാന്‍ പ്രാദേശികമായി മെഡിക്കല്‍ ക്യാമ്പുകളും ധ്യാനപരിപാടികളും സംഘടിപ്പിക്കാനും നീക്കമുണ്ട്.

ഗുര്‍മിത്ത് റാം റഹിം സിംഗും സംഘവും കഴിഞ്ഞ വര്‍ഷം കാസര്‍കോട് ജില്ലയിലും ഒരു മാസത്തോളം തങ്ങിയിരുന്നു. ഉദുമയിലെ ലളിത് റിസോള്‍ട്ടിലാണ് ഗുര്‍മിത്തും സംഘവും കഴിഞ്ഞിരുന്നു. ഇതിനിയില്‍ ഗുര്‍മിത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ബേക്കല്‍ പോലീസിനെ കയ്യേററം ചെയ്തത് വിവാദമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.