Latest News

ഇഞ്ചുറി ടൈമില്‍ സ്വിറ്റ്സര്‍ലന്‍ഡിന് മിന്നുന്ന ജയം

ബ്രസീലിയ: കോച്ച് ഓട്ട്മര്‍ ഹിറ്റ്‌സ്‌ഫെല്‍ഡിന്റെ രണ്ട് സമയോചിതമായ സബ്‌സ്റ്റിറ്റിയൂഷനുകളുടെ ബലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ലോകകപ്പില്‍ വിജയത്തുടക്കം. ഒരു ഗോളിന് പിന്നില്‍ നിന്നശേഷം ഇഞ്ച്വറി ടൈമിലാണ് അവര്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയത്. ഇതാദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിനെതിരെ ജയിക്കുന്നത്.

22-ാം മിനിറ്റില്‍ അയോവിയുടെ ഒരു എണ്ണം പറഞ്ഞ ഫ്രീകിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ ലീഡ് ഗോള്‍ നേടിയ എന്നര്‍ വലെസിയയാണ് ഇക്വഡോറിന് വേണ്ടി ലീഡ് നേടിക്കൊടുത്തത്. 48-ാം മിനിറ്റില്‍ റിക്കാര്‍ഡോ റോഡ്രിഗസിന്റെ ക്രോസില്‍ നിന്ന് പകരക്കാരന്‍ അഡ്മിര്‍ മെഹ്‌മെദി സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി സമനില നേടി. കളി തീരാന്‍ 30 സെക്കന്‍ഡ് മാത്രമുള്ളപ്പോഴായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി സെഫറോവിച്ചിന്റെ വിജയഗോള്‍. ഇക്കുറിയും പാസ് റിക്കാര്‍ഡോ റോഡ്രിഗസിന്റെ വക. അന്റോണിയോ വലെന്‍സിയയുടെ ഒരു നീക്കത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടാണ് പ്രത്യാക്രമണത്തിലൂടെ സിസ് ഗോള്‍ നേടിയത്. ഒരു ഫൗളില്‍ നിന്ന് രക്ഷപ്പെട്ട ബെറാമി മധ്യത്തില്‍ നിന്ന് ഫെര്‍ണാണ്ടസിന് ഒരു നീളന്‍ പാസ് നല്‍കി. ഫെര്‍ണാണ്ടസ് അത് ഗ്രൗണ്ടിന് കുറുകെ എതിര്‍ വിങ്ങില്‍ റിക്കാര്‍ഡോ റോഡ്രിഗസിനും. ഒട്ടും അമാന്തിക്കാതെ റോഡ്രിഗസ് ബോക്‌സിലേക്കും. ഗ്രൗണ്ടിന് നെടുകയും കുറുകെയും പന്ത് പായുമ്പോള്‍ ചിതറിപ്പോയ ഇക്വഡോറിന്റെ പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത് ഓടിയെത്തിയ സെഫറോവിച്ചിന് പിഴച്ചില്ല. നെറ്റിലേക്കൊരു വെടിയുണ്ട. സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം.

ഫിഫ റാങ്കിങ്ങിന് നിരക്കുന്നതായിരുന്നില്ല ആറാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലഡിന്റെ പ്രകടനം. യോഗ്യതാ റൗണ്ടില്‍ യൂറോപ്പിലെ ഗ്രൂപ്പ് ഇ ജേതാക്കളായ സ്വിസ് നിരയെ സമ്മര്‍ദത്തിലാക്കിക്കൊണ്ടാണ് ഇക്വഡോര്‍ തുടങ്ങിയത്. ഇക്വഡോറിന്റെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ പകച്ചുപോയ സ്വിറ്റ്‌സര്‍ലന്‍ഡിന് ഏതാണ്ട് അഞ്ച് മിനിറ്റ് വേണ്ടിവന്നു കളിയിലേയ്ക്ക് തിരിച്ചുവരാന്‍. അന്റോണിയോ വലെന്‍സിയയുടെയും മൊണ്ടേരയുടെയും മിന്നലോട്ടങ്ങളില്‍ സ്വിസ് പ്രതിരോധം ശരിക്കും അടിമുടി വിറച്ചു. നിമിഷ നേരം കൊണ്ടാണ് പ്രതിരോധമതില്‍ പിളര്‍ത്തി അവര്‍ ഓരോ തവണയും സ്വിസ് ബോക്‌സില്‍ എത്തിക്കൊണ്ടിരുന്നത്.

പ്രതിരോധഭടന്‍ സ്റ്റീഫന്‍ ലിച്ച്‌സ്‌റ്റൈനനായിരുന്നു പല സ്വിസ് മുന്നേറ്റങ്ങളുടെയും കുന്തമുന. വലതു പാര്‍ശ്വത്തിലൂടെയുള്ള വെടിയുണ്ട കണക്കുള്ള ലിച്ച്‌സ്‌റ്റെന്റെ മുന്നേറ്റത്തില്‍ ഇക്വഡോര്‍ ശരിക്കും ആടിയുലഞ്ഞു. എന്നാല്‍ , ലിച്ച്‌സ്‌റ്റൈന്റെ ക്രോസുകള്‍ കണ്റ്റ് ചെയ്യാന്‍ നല്ലൊരു സ്‌ട്രൈക്കറുണ്ടായില്ല സ്വിസ് മുന്നേറ്റനിരയില്‍. ഷെര്‍ദാന്‍ ഷാക്കിരിയും ജോസിപ് ഡെര്‍മിച്ചും ക്രോസ് ക്രോര്‍ട്ട് കൈമാറ്റത്തിന് പകരം നീളന്‍ ക്രോസുകളും ലോബുകളും കൊണ്ടാണ് ഇക്വഡോര്‍ ഏരിയയിലേയ്ക്ക് കടന്നുകയറ്റം നടത്തിയത്. ബെറാമിയും ഡര്‍മിച്ചും ഈ നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്നു.

ഇതിന് ഒപ്പത്തിനൊപ്പമായിരുന്നു ഇക്വഡോറിന്റെ ആക്രമണവും. ഇവരും മധ്യനിരയില്‍ പന്ത് വച്ച് ആലോചിക്കാന്‍ മിനക്കെട്ടില്ല. ക്യാപ്റ്റന്‍ അന്റോണിയോ വലെന്‍സിയയുടെയും ജെഫേഴ്‌സണ്‍ മൊണ്ടേരോയുടെയും ക്ഷിപ്ര നീക്കങ്ങളായിരുന്നു അവരുടെ ആയുധം. എന്നാല്‍, ഈ സഖ്യത്തിന് ബോക്‌സിലേയ്ക്ക് ഏറെയൊന്നും നുഴഞ്ഞു കയറാന്‍ കഴിഞ്ഞില്ല.

എന്നാല്‍, 22-ാം മിനിറ്റില്‍ സ്വിസ് നിരയെ ഞെട്ടിച്ചകൊണ്ട് അയോവിയുടെ കിക്കില്‍ നിന്ന് എന്നര്‍ വലെന്‍സിയ ലക്ഷ്യം കണ്ടു. മാര്‍ക്ക് ചെയ്യപ്പെടാത നിന്ന് എന്നര്‍ അത്രയൊന്നും ആയാസപ്പെടാതെയാണ് പോസ്റ്റിന് മുന്നില്‍ നിന്ന് ഹെഡ്ഡറിലൂടെ ഗോള്‍ നേടിയത്. ഇത് തുടര്‍ച്ചായ അഞ്ചാം മത്സരത്തിലാണ് വലെന്‍സിയ ഇക്വഡോറിനുവേണ്ടി ഗോള്‍ നേടുന്നത്.

രണ്ടാം പകുതിയില്‍ ഹറ്റ്‌സ്‌ഫെല്‍ഡ് നടത്തിയ ഒരു സബ്‌സ്റ്റിറ്റിയൂഷനാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോള്‍ നേടിക്കൊടുത്തത്. 46-ാം മിനിറ്റിലിറങ്ങല്‍ സ്‌റ്റോക്കര്‍ക്ക് പകരം ഇറങ്ങിയ അഡ്മിര്‍ മെഹ്‌മെദി രണ്ടു മിനിറ്റിനുള്ളില്‍ തന്നെ ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ഗോളിന് സമാനമായ രീതിയില്‍ തന്നെ. റിക്കാര്‍ഡോ റോഡ്രിഗസിന്റെ ഒരു കോര്‍ണറില്‍ നിന്ന് മനോഹരമായ ഒരു ഹെഡ്ഡര്‍.

ഇരു ടീമുകളും ഒരുപോലെ കയറിയിറങ്ങി കളിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഒരു ഗോള്‍ വീഴുമെന്ന് പ്രതീതിയായിരുന്നു. ഡ്രിമിച്ച് ഒരിക്കല്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയാണുണ്ടായത്. 74-ാം മിനിറ്റില്‍ ഷാക്കിരിയുടെ ഒരു ഷോട്ട് സൈഡ് നെറ്റില്‍ അവസാനിക്കുകയും ചെയ്തു. ഷാക്കിരിയാണ് മാന്‍ ഓഫ് ദി മാച്ച്.

ഇക്വഡോര്‍ വലെന്‍സിയയിലൂടെ നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലപ്രദമായി ഗോള്‍മുഖത്തെത്തിക്കാന്‍ മാത്രം കഴിഞ്ഞില്ല. സ്വിറ്റസര്‍ലന്‍ഡിന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് അയോവിയുടെ കിക്കുകയളാണ്. വളരെ കഷ്ടപ്പെട്ടാണ് ഈ കിക്കുകള്‍ സ്വിസ് ഗോളി ബെനാഗ്ലിയോ കൈയിലൊതുക്കിയത്. ഗോളിനോടടുത്തെത്തിയ ഇത്തരമൊരു അവസരത്തില്‍ നിന്നാണ് വിധിയെഴുതി ഗോള്‍ അവര്‍ ഏറ്റുവാങ്ങിയതും
.(കടപ്പാട്: മാതൃഭൂമി)


Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.