Latest News

ഗുണ്ടാ സംഘങ്ങളെ സഹായിക്കാനുള്ള തീരുമാനത്തില്‍നിന്ന് അഭിഭാഷകര്‍ പിന്‍മാറണം

കാസര്‍കോട്: നാട്ടില്‍ വളര്‍ന്നുവരുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് അഭിഭാഷകര്‍ പിന്‍മാറണമെന്നും ബാര്‍ അസോസിയേഷനെ തെറ്റിദ്ധരിപ്പിച്ച അഡ്വ. നാസറിനെതിരെ നടപടിയെടുക്കണമെന്നും സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി.കമ്മിറ്റി പ്രസിഡണ്ട് ഖാദര്‍ ചെങ്കള പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

തന്റെ വീട് ആക്രമിച്ച അഡ്വ. നാസറിന്റെയും ഗുണ്ടാ സംഘങ്ങളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ എസ്.പി ഓഫീസ് മാര്‍ച്ച് നടത്താനുള്ള ബാര്‍ അസോസിയേഷന്റെ തീരുമാനത്തില്‍ നിന്നും അവര്‍ പിന്മാറണമെന്നും ഖാദര്‍ ആവശ്യപ്പെട്ടു.
നിരവധി കേസുകളില്‍ പ്രതികളായവരാണ് തന്റെ വീട് ആക്രമിച്ചത്. ആക്രമത്തില്‍ തന്റെ മാതാവിനും സഹോദരിക്കും മക്കള്‍ക്കും മറ്റും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രോഗിയായ ഒരു ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വീട് തകര്‍ക്കല്‍ സംഭവത്തിലേക്ക് വഴിമാറിയതെന്നും ഇവര്‍ പറഞ്ഞു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തുകയും പ്രശ്‌നം രമ്യതയില്‍ തീര്‍ക്കാന്‍ ധാരണയാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രാത്രി നിരവധി വാഹനങ്ങളില്‍ ഗുണ്ടകളുമായെത്തി അക്രമം നടത്തുകയായിരുന്നു. കാറും ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു.
അഡ്വ. നാസറിനെ ആക്രമിച്ചുവെന്ന് പറയുന്ന കേസില്‍ 308 വകുപ്പ് മാറ്റിയത് പോലീസ് അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതിനാലാണ്. സമൂഹത്തോട് പ്രതിബദ്ധതയുള്ള ബാര്‍ അസോസിയേഷന്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ എസ്.പി ഓഫീസ് മാര്‍ച്ച് നടത്തുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെര്‍ക്കള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ഗുണ്ടാ സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് അക്രമത്തിന് നേതൃത്വം നല്‍കിയവരാണ്. നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ക്ക് എന്തും ചെയ്യാമെന്ന തോന്നലാണുള്ളത്. ഇവരോട് ആരും ശബ്ദിച്ചു പോകരുതെന്നും കല്‍പ്പിക്കുന്നു. ഇവര്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്നും സംരക്ഷണവും ലഭിക്കുന്നുണ്ട്. പോലീസില്‍ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പ്രവാസികളായ താനുള്‍പെടെയുള്ളവര്‍ അന്യ ദേശത്ത് ജോലി ചെയ്യുന്നുണ്ടെങ്കിലും എപ്പോഴും മനസ്സ് നാട്ടിലാണ്. വീട് അക്രമം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ നേരില്‍ കണ്ട് പരാതി നല്‍കിയിട്ടുണ്ട്.
കേസിലെ ഒരു പ്രതിയെ പോലും പോലീസിന് ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ ചെങ്കള വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഖാദര്‍ ഹാജി, ട്രഷറര്‍ സി.ബി മുഹമ്മദ്, ഖാദര്‍ ബദരിയ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.