Latest News

അര്‍ജന്റീനയെ വിറപ്പിച്ച് ബോസ്‌നിയ കീഴടങ്ങി

റിയോ ഡി ജനീറോ: പുത്തന്‍കൂറ്റുകാരുടെ മുന്നില്‍ പകച്ചുപോയ അര്‍ജന്റീന ഒടുവില്‍ മെസ്സിയുടെ മാസ്മരിക ഗോളില്‍ തടിതപ്പി. ആദ്യ ലോകകപ്പ് കളിക്കുന്ന ബോസ്‌നിയയെ ഗ്രൂപ്പ് എഫില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് അര്‍ജന്റീന മറികടന്നത്. ആദ്യത്തേത് ഒന്നാം മിനിറ്റില്‍ തന്നെ ബോസ്‌നിയയുടെ കൊളാസിനിച്ച് സമ്മാനിച്ച സെല്‍ഫ് ഗോളായിരുന്നു. ഇബിസെവിച്ച് 89-ാം മിനിറ്റില്‍ ബോസ്‌നിയക്കുവേണ്ടി ഒരു ഗോള്‍ മടക്കി.
യോഗ്യതാ റൗണ്ടില്‍ യൂറോപ്പിലെ ഗ്രൂപ്പ് ജിയിലെ ജേതാക്കളായ ബോസ്‌നിയക്കെതിരെ തങ്ങളുടെ പെരുമയുടെ ഏഴയലത്തു വരുന്നതായിരുന്നില്ല അര്‍ജന്റീനയുടെ പ്രകടനം. ഭാഗ്യത്തിന്റെ അകമ്പടിയോടെ ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് വീണുകിട്ടിയെങ്കിലും പിന്നീടങ്ങോട്ട് ബോസ്‌നിയ മുന്‍ ചാമ്പ്യന്മാരും അര്‍ജന്റീന പുതുമുഖങ്ങളുമാണെന്ന മട്ടിലായിരുന്നു കളി. നന്നായി ഗൃഹപാഠം നടത്തിയ ബോസ്‌നിയ മെസ്സിയെ ഒന്നാന്തരമായി പൂട്ടി. മഷരാനോയുടെയും ഡിമാരിയോയുടെയും സപ്‌ളൈ ലൈനുകള്‍ വിച്‌ഛേദിച്ചുമാണ് അവര്‍ കളിച്ചത്. മധ്യനിരയ്ക്ക് നല്ലൊരു നീക്കം പോലും പരുവപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞില്ല. മുന്‍നിരയിലേയ്ക്ക് പന്ത് ചെന്നത്ത് വളരെ വിരളമായി. കിട്ടിയ പന്ത് എന്തു ചെയ്യണമെന്ന് ആറിയാതെ കുഴങ്ങുന്ന മെസ്സി ദയനീയമായ ഒരു കാഴ്ചയായിരുന്നു. 
തന്റെ മാജിക് മറന്ന മട്ടിലായിരുന്നു മെസ്സി. ഓരോ തവണ പന്ത് കിട്ടുമ്പോഴും മുനയൊടിക്കാന്‍ പാകത്തില്‍ മൂന്ന് ഡിഫന്‍ഡര്‍മാര്‍ ചുറ്റും കൂടി. അര്‍ജന്റീനയുടെ എല്ലാ നീക്കങ്ങളും മധ്യനിരയില്‍ തന്നെ ഒടുങ്ങുന്ന ദയനീയ കാഴ്ച.

കരുത്തരുടെ ദയനീയാവസ്ഥ ബോസ്‌നിയ ശരിക്കും മുതലെടുത്തു. വേഗതയാര്‍ന്ന നീക്കങ്ങളിലൂടെയും മികച്ച മിഡ്ഫീല്‍ഡ് വിന്യാസത്തിലൂടെയും അവര്‍ കളിയിലുടനീളം മേധാവിത്വം പുര്‍ത്തി. സെക്കോ അര്‍ജന്റൈന്‍ പ്രതിരോധത്തിന് മുന്നിലെ നിത്യ ശല്ല്യക്കാരനായിരുന്നു. ഏതു നിമിഷവും ഗോള്‍ വീണേക്കാവുന്ന അവസ്ഥ. 12-ാം മിനിറ്റില്‍ കഷ്ടിച്ചാണ് അവര്‍ രക്ഷപ്പെട്ടത്. ലൂലിച്ചിന്റെയും സെക്കോയുടെയും ഗോള്‍ശ്രമങ്ങളില്‍ നിന്ന് നേരിയ വ്യത്യാസത്തിലാണ് അര്‍ജന്റീന തടിതപ്പിയത്. വലതു വിംഗില്‍ ഹാജരോവിച്ചും അര്‍ജന്റീനയ്ക്ക് നിത്യ തലവേദനയായി.
മാക്‌സി റോഡ്രിഗസിന് പകരം ഹിഗ്വായ്‌നെയും കാംപഗ്‌നാരോയ്ക്ക് പകരം ഗാഗോയെയും ഇറക്കി തന്ത്രം മാറ്റി പയറ്റുകയായിരുന്നു രണ്ടാം പകുതിയില്‍ സെബല്ല. ആക്രമണത്തിന് ഒരാളെക്കൂടി ചുമതലപ്പെടുത്തി. ഒരു തരത്തില്‍ ഇത് ഫലപ്രദമായിരുന്നു. മെസ്സി ഫോം കണ്ടെത്തിയതോടെ കളി മാറി. ബോസ്‌നിയയുടെ മാര്‍ക്കിങ്ങിന്റെ ശക്തിയും കുറഞ്ഞു. ഹിഗ്വായ്ന്‍-അഗ്യൂറോ കൂട്ടുകെട്ട് ശരിക്കും മാരകമായി. നിരവധി അവസരങ്ങള്‍ തുറന്നുകിട്ടി. ബോക്‌സിനോട് ചേര്‍ന്ന് ഫ്രീകിക്കുകളും കിട്ടിത്തുടങ്ങി. ഈ സമ്മര്‍ദത്തിനൊടുവില്‍ ലോകം മുഴുവന്‍ കാത്തുനിന്ന നിമിഷം പിറന്നു. മെസ്സിയുടെ ഗോള്‍. അതും സ്വപ്‌നതുല്ല്യമായൊരെണ്ണം. ഡി മാരിയയും ഹിഗ്വായ്‌നുമായി കൈമാറി കൊണ്ടുവന്ന നൃത്തംവച്ച് പന്ത് ബോസ്‌നിയന്‍ പ്രതിരോധനിരയെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ടാണ് നിറയൊഴിച്ചത്. മെസ്സിയുടെ രണ്ടാമത്തെ ലോകകപ്പ് ഗോള്‍.
ഗോള്‍ മടക്കാന്‍ ഫോര്‍മേഷന്‍ അടിമുടി മാറ്റിയും നിറയെ സബസ്റ്റിറ്റിയൂഷനുകള്‍ നടത്തിയും ഒരു തിരിച്ചുവരവിന് കഠിനമായി യത്‌നിച്ചു ബോസ്‌നിയ. ദുര്‍ബലമെന്ന് തോന്നിപ്പിച്ച അര്‍ജന്റീനയുടെ പ്രതിരോധത്തെ പിളര്‍ത്താന്‍ നാല് സ്‌ട്രൈക്കര്‍മാരാണ് നിരന്നത്.

എങ്കിലും രണ്ടു ഗോളിന്റെ മേല്‍ക്കൈ അര്‍ജന്റീനയില്‍ നിന്ന് വലിയ തോതില്‍ സമ്മര്‍ദം ഒഴിവാക്കിയെന്ന് തോന്നിച്ചു. മെസ്സിയുടെയും ഹിഗ്വായ്‌ന്റെയും അഗ്യൂറോയുടെയും നീക്കങ്ങള്‍ നിരവധി ഉണ്ടായി. എന്നാല്‍ ഇതിലേറെയും പാഴാകുന്നതും കണ്ടു. ഇതിനിടയില്‍ 89-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി അര്‍ജന്റീനയുടെ വല കുലുങ്ങി. ലുലിച്ചിന്റെ പാസ് ഓടി പിടിച്ച് വെവാദ് ഇബിസെവിച്ച് ചെറുതായി തട്ടിയ പന്ത് ഗോളിയുടെ പിടിപ്പുകേട് മൂലം മെല്ലെ ഉരുണ്ടു വലയില്‍ കയറി. ബോസ്‌നിയയുടെ ആദ്യ ലോകകപ്പ് ഗോള്‍. ഇതിനിടയില്‍ മെസ്സില്‍ നിന്ന് ജനിച്ച വേറെയും നിരവധി അവസരങ്ങള്‍ കണ്ടു. ഇഞ്ച്വറി ടൈമില്‍ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഇത്തരമൊരു ഷോട്ട് സൈഡ് നെറ്റിലാണ് ചെന്നവസാനിച്ചത്. ഒരു ഗോള്‍ നേടുകയും അര്‍ജന്റീനയുടെ മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്ത മെസ്സി തന്നെയാണ മാന്‍ ഓഫ് ദി മാച്ച്.
(കടപ്പാട്: മാതൃഭൂമി)

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.