കാസര്‍കോട്: മൂന്നാം തവണയും സീറ്റ് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്ക് ഫേസ്ബുക്കില്‍ കവിത കുറിച്ച് മറുപടി നല്‍കിയ കാസര്‍ഗോഡ് എം.പി പി.കരുണാകരന്റെ കവിത ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു.
എനിക്കെന്റെ വയസ് മറന്നുപോയി എന്ന പേരിലുളള കവിതയിലൂടെയാണ് പ്രായാധിക്യം കണക്കിലെടുത്ത് മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടവര്‍ക്ക് കരുണാകരന്‍ മറുപടി നല്‍കുന്നത്. മുമ്പില്‍ ഉയര്‍ന്ന ചതിക്കുഴികള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന പരിദേവനമാണ് കവിതയിലെ ശ്രദ്ധാകേന്ദ്രം. അടുത്തിടെ ചീമേനി സുവനീറില്‍ രക്തസാക്ഷികളെ അനുസ്മരിച്ച് കവിത പ്രസിദ്ധീകരിച്ചിരുന്നെങ്കിലും സ്ഥിരമായി കവിത എഴുതുന്നയാളല്ല പി.കരുണാകരന്‍.
പുതിയ കവിതയുടെ ആശയവും അത് ധ്വനിപ്പിക്കുന്ന കാര്യങ്ങളും നോക്കുമ്പോള്‍ ഇത് വെറും കവിതയല്ലെന്ന് ഒറ്റവായനയില്‍ തന്നെ ബോധ്യപ്പെടും. സിപിഐഎം ശക്തികേന്ദ്രമായിരുന്നിട്ടും കഷ്ടിച്ച് ജയിക്കേണ്ടി വന്നതിന്റെ ജാള്യവും ഒപ്പം സീറ്റ് നല്‍കുന്നതിനെതിരെ ജില്ലയിലെ പാര്‍ട്ടിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളിലുമുളള വേദനയും പങ്കുവെയ്ക്കുന്നതാണ് കവിത. പി.കരുണകരന് പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ട് എന്നായിരുന്നു പാര്‍ട്ടിയിലെ പുതുതലമുറ ഉയര്‍ത്തിയ പ്രധാന വിമര്‍ശം.
‘മറന്നുപോയി വയസ്സെനിക്ക് ഓര്‍മ്മിക്കുവാന്‍ കഴിഞ്ഞില്ല’ എന്ന വരിയോടെ തുടങ്ങുന്ന കവിത അക്ഷരാര്‍ത്ഥത്തില്‍ വിമര്‍ശകര്‍ക്കുളള മറുപടിയാണ്. ‘വയസ് മാത്രമല്ല ജീവിതവും മറന്നുപോയി, കണ്ണൂര്‍ മൈതാനിയില്‍ മര്‍ദ്ദനമേറ്റ് വീണപ്പോഴും പളളിക്കര നടുറോഡില്‍ ചോരവാര്‍ന്ന് കിടന്നപ്പോഴും വയസ്സോര്‍ക്കുവാന്‍ കഴിഞ്ഞില്ല..’എന്ന് തുടങ്ങുന്ന കവിതയിലൂടെ സമരതീക്ഷ്ണമായ തന്റെ ഭൂതകാലത്തെക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ് കരുണാകരന്‍.
വീടിന് മുന്നില്‍ കരിങ്കൊടി കെട്ടിയ സംഭവത്തിനും കവിത മറുപടി നല്‍കുന്നു. ഭാര്യയും എ.കെ.ജിയുടെ മകളുമായ ലൈലയുടെ അതിനോടുളള പ്രതികരണം പരാമര്‍ശിച്ചുകൊണ്ടാണ് മറുപടി.
36 വരികളുളള കവിതയിലെ ഏറ്റവും ശക്തമായ വരികള്‍. മറുപടി ഇതാണ്: ‘ഒരു സമ്മേളനവേദിയില്‍ ഉയര്‍ന്ന പതിഞ്ഞ സ്വരം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു ഞാനൊരു പോഴനാണ്,എന്റെ മുമ്പില്‍ ഉയര്‍ന്ന ചതിക്കുഴികള്‍ എനിക്ക് തിരിച്ചറിയാനായില്ല. എന്നെ നോക്കിചിരിച്ചവരുടെ കുസൃതിച്ചിരി എനിക്ക് തിരിച്ചറിയാനിയില്ല..’ രക്ഷാവലയമായി ജനങ്ങളുണ്ടെന്ന പറഞ്ഞുകൊണ്ടാണ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും ലോക്‌സഭാ നേതാവുമായ പി.കരുണാകരന്റെ മറുപടിക്കവിത അവസാനിക്കുന്നത്.
ഞായറാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയ്ക്ക് നിരവധി ലൈക്കുകളും ഷെയറുകളും ലഭിച്ചിരുന്നു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment