Latest News

നെയ്‌മര്‍ ആയുര്‍വേദ ചികില്‍സയ്ക്കായി കേരളത്തിലേക്ക് വരാന്‍ സാധ്യത

തിരുവനന്തപുരം: ബ്രസീല്‍ സൂപ്പര്‍താരം നെയ്‌മര്‍ അയുര്‍വേദ ചികില്‍സയ്ക്കായി കേരളത്തിലേക്ക് വരാന്‍ സാധ്യത. ലോകകപ്പില്‍ കൊളംബിയയ്ക്കെതിരായ മല്‍സരത്തില്‍ നട്ടെല്ലിന് പരിക്കേറ്റ നെയ്മര്‍ക്ക് ആയുര്‍വേദ ചികില്‍സ ഫലപ്രദമായിരിക്കുമെന്ന് ബ്രസീലിലെ ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. 

ഇതേത്തുടര്‍ന്ന് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. അങ്ങനെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറും തിരുവനന്തപുരത്തെ അയുര്‍വേദ കോളേജിലെ ഡോക്ടറുമാരുമായി ബന്ധപ്പെട്ടു. നെയ്മറുടെ ചികില്‍സാരേഖകളും എക്സ് റേയും മറ്റും ഓണ്‍ലൈന്‍ വഴി പരിശോധിച്ച ഡോക്ടര്‍മാര്‍ താരത്തിന് കേരളത്തില്‍ വിദഗ്ദ്ധ ചികില്‍സ നല്‍കാനാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഇതേക്കുറിച്ച് തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ. പി കെ അശോകിന്റെ നേതൃത്വത്തിലാണ് കൂടിയാലോചന നടത്തിയത്. ബുധനാഴ്ച ചേരുന്ന വിദഗ്ദ്ധസമിതി യോഗം സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തും. അതിനുശേഷം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. 

ബുധനാഴ്ച നാലുമണിക്ക് മുമ്പുതന്നെ റിപ്പോര്‍ട്ട് കൈമാറുമെന്ന് ഡോ. പി കെ അശോക് പറഞ്ഞു. നിലപാട് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷനെ അറിക്കും. അതിനുശേഷം ഇതുസംബന്ധിച്ച് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേന്‍ തീരുമാനമെടുക്കും.

ആയുര്‍വേദ കോളേജിലെ ഡോക്ടര്‍മാര്‍ നടത്തിയ കൂടിയാലോചനയില്‍ നെയ്മര്‍ക്ക് കേരളത്തില്‍ വിദഗ്ദ്ധ ചികില്‍സ നല്‍കാനാകുമെന്നാണ് വിലയിരുത്തിയത്. ആവശ്യമെങ്കില്‍ ബ്രസീലില്‍ പോയി നെയ്മറെ ചികില്‍സിക്കാനും ഡോക്ടര്‍മാരുടെ സംഘം സന്നദ്ധമാകും. നെയ്മര്‍ കേരളത്തില്‍ വരികയാണെങ്കില്‍ ഏതെങ്കിലും ഹോട്ടലില്‍ താമസിപ്പിച്ച് ചികില്‍സിക്കാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

സുരക്ഷ സംബന്ധിച്ച കാര്യം മുഖവിലയ്ക്ക് എടുക്കുമ്പോള്‍ ഹോട്ടലില്‍ താമസിപ്പിക്കുന്നത് ഉചിതമാകും. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പോലെയുള്ള പ്രശസ്തമായ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെയും നെയ്മര്‍ക്ക് കേരളത്തില്‍ വിദഗ്ദ്ധ ചികില്‍സ നല്‍കാനാകും. നട്ടെല്ലിന് ഏല്‍ക്കുന്ന ക്ഷതത്തിന് ആയുര്‍വേദത്തില്‍ ഫലപ്രദ ചികില്‍സ ലഭ്യമാക്കാനാകും.

ക്വാര്‍ട്ടറില്‍ എണ്‍പത്തിയെട്ടാം മിനിട്ടിലാണ് കൊളിംബിയന്‍ താരം സുനിഗയുടെ ചവിട്ടേറ്റ് നെയ്മറുടെ നട്ടെല്ലിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ നെയ്മറെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിദഗ്ദ്ധ പരിശോധനയില്‍ നെയ്മറുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. ഒന്നരമാസത്തെ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് നെയ്മര്‍ ലോകകപ്പില്‍നിന്ന് പുറത്തുപോകുകയായിരുന്നു. ഇത് ബ്രസീല്‍ ആരാധകരെ ഏറെ നിരാശയിലാഴ്ത്തിരുന്നു.


Keywords: World Cup, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.